നാലര കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

കാളികാവ്: കാളികാവിൽ നാലര കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി രാഹുൽ ശൈക്കിനെയാണ് (25) ആമപ്പൊയിൽ കൂനിയാറയിൽ ഡാൻസാഫ് സംഘം പിടികൂടിയത്. ഏജന്‍റിനെ ഏൽപ്പിക്കാൻ റോഡരികിൽ നിൽക്കുന്നതിനിടയിലാണ് പിടിയിലായത്.
ബംഗാളിൽ നിന്ന് കഞ്ചാവ് എത്തിക്കുന്ന ഏജൻറാണ് രാഹുൽ ശൈഖെന്ന് പൊലീസ് പറഞ്ഞു. കൊണ്ടോട്ടിയിലാണ് ഇയാൾ താമസിക്കുന്നത്. ചില്ലറ വിൽപ്പനയിലൂടെ ഒരു ലക്ഷത്തിലധികം രൂപ ലഭിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. ഡാൻസാഫ് എസ്.ഐ മോഹനകൃഷ്ണൻ, സംഘാംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫലി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ്, സാബിറലി തുടങ്ങിയവരാണ് കഞ്ചാവ് പിടികൂടിയത്.
