കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നു; ഒറ്റ ദിവസം കൊണ്ട് 72 പേരെ അറസ്റ്റ് ചെയ്ത് റൂറൽ ജില്ല പൊലീസ്
ആലുവ: കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന 72 പേരെ ഒറ്റ ദിവസം കൊണ്ട് പൊക്കി റൂറൽ ജില്ല പൊലീസ്. റൂറൽ ജില്ലയിൽ നടത്തിയ ഏകദിന സ്പെഷ്യൽ ഡ്രൈവിലാണ് ജാമ്യമില്ല കുറ്റങ്ങളിൽ ഏർപ്പെട്ട് കോടതിയിൽ ഹാജരാകാതെ ഒളിവിൽക്കഴിഞ്ഞ 73 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പുത്തൻകുരിശ് സബ് ഡിവിഷനിലാണ് കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്.
പുത്തൻകുരിശ് സബ് ഡിവിഷനിൽ നിന്ന് മാത്രമായി 23 പേരെയും മുനമ്പം സബ് ഡിവിഷനിൽ നിന്ന് 21 പേരെയും, ആലുവയിൽ നിന്ന് 20 പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ ലോങ് പെൻ്റിങ് വാറൻ്റുമായി ബന്ധപ്പെട്ട് 20 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിനിടയിൽ ഒളിവിൽപ്പോയ മറ്റ് നാല് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് 567 പേർക്കെതിരെ നടപടി സ്വീകരിച്ചതായും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 34 പേർ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. പെരുമ്പാവൂർ സബ് ഡിവിഷനിൽ നിന്നും 14 പേരെയാണ് പിടികൂടിയത്. പൊതു സ്ഥലത്ത് മദ്യപാനം, അനധികൃതമായി മദ്യം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഏർപ്പെട്ട 91 പേരെ കസ്റ്റഡിയിലെടുത്തു.
നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ കേസിലും 59 പേർക്ക് പിടി വീണിട്ടുണ്ട്. സ്ഥിരം കുറ്റവാളികൾ, ജയിലിൽ നിന്നും ഇറങ്ങിയവർ, ജാമ്യം ലഭിച്ചവർ എന്നിവരുടെയും തൽസ്ഥിതി പരിശോധിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പാർക്കിങ് ഏരിയ, പൊതുസ്ഥലങ്ങൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. റേഞ്ച് ഡി.ഐ.ജി ഡോ. അരുൾ ആർ.ബി കൃഷ്ണയുടെ നിർദ്ദേശപ്രകാരം നടത്തിയ സ്പെഷൽ ഡ്രൈവ് വരും ദിവസങ്ങളിലും തുടരുമെന്ന് റൂറൽ ജില്ല പൊലീസ് അറിയിച്ചു.
