കൊണ്ടോട്ടിയുടെ ശുചിത്വ മുഖമായി അനസ് എടത്തൊടിക

കൊണ്ടോട്ടി: ശുചിത്വ സുന്ദര നഗരമാക്കി കൊണ്ടോട്ടിയെ വാര്ത്തെടുക എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന കര്‍മ പദ്ധതികളുടെ ബ്രാന്‍ഡ് അംബാസഡറായി മുന്‍ ദേശീയ ഫുട്ബാള്‍ താരം അനസ് എടത്തൊടികയെ പ്രഖ്യാപിച്ചു. സ്വച്ഛ് സർവേക്ഷന്‍ 2025- 2026 പദ്ധതിയുടെ ഭാഗമായാണ് ബ്രാന്‍ഡ് അംബാസഡറെ തെരഞ്ഞെടുത്തത്. ഇതിന്റെ പ്രഖ്യാപനം മഹാകവി മോയിന്‍കുട്ടി വൈദ്യര് സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ നിര്‍വഹിച്ചു. കൊണ്ടോട്ടിയെ മാലിന്യരഹിത നഗരമാക്കുന്ന പദ്ധതികളില്‍ പരിപൂര്‍ണ പിന്തുണയും പങ്കാളിത്തവുമുണ്ടാകുമെന്ന് അനസ് എടത്തൊടിക പറഞ്ഞു.
നഗര ശുചിത്വം ഉറപ്പാക്കുന്നതിനും മാലിന്യ നിര്‍മാര്‍ജനത്തിനും എം.സി.എഫ് ഉള്‍പ്പെടെ പദ്ധതികള്‍ ഉടന്‍ ഫലപ്രദമായി പ്രാവര്‍ത്തികമാക്കുമെന്ന് അധ്യക്ഷത വഹിച്ച കൊണ്ടോട്ടി നഗരസഭാധ്യക്ഷന്‍ യു.കെ. മമ്മദിശ വ്യക്തമാക്കി. നഗരസഭയിലെ മികച്ച ഹരിതകര്‍മ സേന ടീം, ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാഭ്യാസ സ്ഥാപനം, മുതിര്‍ന്ന ശുചീകരണ തൊഴിലാളി, ഹരിത കര്‍മ സേന യൂസര്‍ ഫീ കളക്ഷനില്‍ മുന്നില്‍ നിന്ന വാര്‍ഡ് എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ കൈമാറി.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.എം. റഷീദ് വിഷയാവതരണം നടത്തി. ഉപാധ്യക്ഷ ആയിഷ ബിന്ദു, സ്ഥിരം സമിതി അധ്യക്ഷരായ കെ. റഷീദലി, കെ.കെ. ഖദീജ, നസ്റീന തരുവറ, സഫറുദ്ദീന്‍ കുനൂക്കര, നഗരസഭ സെക്രട്ടറി കെ.പി. ഹസീന, സ്വച്ഛ് സർവേക്ഷന്‍ നോഡല്‍ ഓഫിസര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
