കവടിയാർ കൊട്ടാരത്തിലെ കോടികളുടെ കവർച്ച: കാണാതായത് 2025 നവംബറിൽ, കൊട്ടാരത്തിലുള്ളവർ എടുത്തതെന്ന് കരുതി; ഒടുവിൽ നിയമസഹായം തേടി
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽനിന്ന് അമൂല്യരത്നങ്ങളടക്കം രണ്ട് കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയെന്ന് മനസ്സിലായത് 2025 നവംബറിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുമ്പ് അലമാര തുറന്നപ്പോൾ. പിച്ചിപ്പുമൊട്ട് സ്വർണ പാദസരവും നാഗപട കമ്മലും മാലയും അടക്കം 12 ഇനം ആഭരണങ്ങളാണ് അപഹരിച്ചത്. അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു. ബംഗളൂരുവിലേക്ക് പോകുന്നതിന് 10 ദിവസം മുമ്പുവരെ ആഭരണം അവിടെയുണ്ടായിരുന്നു എന്നും പരാതിയിൽ പറയുന്നു.
കൊട്ടാരത്തിലുള്ളവർ ഉപയോഗിക്കാൻ എടുത്തതാവാമെന്ന് കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നാലെയാണ് നിയമസഹായം തേടിയത്. ചിലരെ സംശയമുണ്ടെന്നാണ് സൂചന. കൊട്ടാരവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെയും സന്ദർശകരുടെയും ഉൾപ്പെടെ മൊഴി രേഖപ്പെടുത്തും. പരാതി സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് കുടുംബം തയാറായില്ല.
ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ മുത്തും ഇടകലർന്ന സ്വർണ ചെയിൻ, പിച്ചിപ്പുമൊട്ട് ഡിസൈനിലുള്ള സ്വർണ പാദസരം, കറുത്ത മുത്തും സ്വർണ മുത്തും ഇടകലർന്ന പാദസരം, വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ, വീതി കുറഞ്ഞ രണ്ട് സ്വർണ പിരിവള, കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മൽ, തൂക്കും പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ പിരിച്ചെയിനും, സ്വർണ കുഴിമിന്നുമാല, പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, സ്വർണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും, റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കൻ വള, പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും, അഞ്ച് കുതിരപ്പവൻ നാണയങ്ങളും ഉൾപ്പെടെ രണ്ട് കോടിയോളം രൂപ വില വരുന്ന ആഭരണങ്ങൾ മോഷണം പോയെന്നാണ് കേസ്.
സംഭവത്തിൽ അന്വേഷണം ഊർജിതമാണെന്ന് സിറ്റി പൊലീസ് കമീഷണർ കെ. കാർത്തിക് അറിയിച്ചു.
