ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം ഉണ്ടെന്ന വാദം തെറ്റ് -തിരുവിതാംകൂർ ദേവസ്വം ബോർഡ്
ന്യൂഡൽഹി: ശബരിമലയിൽ ലിംഗ വിവേചനം ഉണ്ടെന്നും ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം ഉണ്ടെന്ന വാദം തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കുന്നതിന് വിലക്കില്ല. 10 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികൾക്കും അമ്പത് വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം. യുവതികൾക്ക് ശബരിമലയിൽ ഏർപ്പെടുത്തിയ വിലക്കിന് ക്ഷേത്രത്തിന്റെ ആചാരങ്ങളുമായി ബന്ധമുണ്ടെന്നും തിരുവിതാകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശന വിലക്ക് ന്യായീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ എഴുതി നൽകിയ വാദങ്ങളിൽ രാജ്യാന്തര പ്രബന്ധവും ഗവേഷണ ലേഖനവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാനഡയിലുള്ള ഒട്ടാവോയിലെ കാർലറ്റൺ സർവകലാശാലയിലെ സോഷ്യോളജി ആൻഡ് അന്ത്രപ്പോളജി ഡിപ്പാർട്‌മെന്റിലെ ഗവേഷണ പ്രബന്ധമാണ് ഒന്ന്. 1987ൽ രാധിക ശേഖർ സമർപ്പിച്ച പ്രബന്ധത്തിലെ ചില ഭാഗങ്ങളും 2003ൽ റോയൽ അന്ത്രപ്പോളജികൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗവേഷണ ലേഖനവും ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശികളായ മൂന്ന് ഗവേഷകരാണ് ശബരിമലയെ കുറിച്ചുള്ള ഗവേഷണങ്ങൾ തയാറാക്കിയത്. ഈ ലേഖനങ്ങളിൽ യുവതി പ്രവേശന വിലക്ക് ആചാരത്തിന്റെ ഭാഗമാണെന്നാണ് വിശദീകരിച്ചത്.
വിശ്വാസങ്ങളും ആചാരങ്ങളും ഒരു മതത്തിന്റെ ഭാഗമാണോ എന്ന് തീരുമാനിക്കാനാണ് കോടതിക്ക് അവകാശമുള്ളത്. വിശ്വാസവും മതാചാരവും അംഗീകരിക്കാൻ മതേതര ജഡ്ജി ബാധ്യസ്ഥനാണ്. ആ വിശ്വാസത്തിൽ വിധി പറയാൻ ജഡ്ജിക്ക് അവകാശമില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ എഴുതി നൽകിയ വാദങ്ങളിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം അടിവരയിടുന്നതിനായി ജസ്റ്റിസ് ഇന്ദു മൽഹോത്ര എഴുതിയ ഭിന്ന വിധി. മതപരമായ ആചാരങ്ങളിൽ ജുഡീഷ്യൽ പരിശോധന പാടില്ലെന്നാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര ചൂണ്ടിക്കാട്ടിയത്. ഒരു ആരാധനാരീതിയുടെ യുക്തിയെ കുറിച്ചുള്ള ആശയങ്ങൾ അടിച്ചേൽപ്പിക്കരുത്. അങ്ങനെ ചെയ്യുന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് പോലെയാകും. കോടതികളുടെ പരിധിക്ക് പുറത്തുള്ള മതം, വിശ്വാസം എന്നിവയെ യുക്തിസഹമാക്കുന്നതിന് തുല്യമാണെന്നുമുള്ള ഇന്ദു മൽഹോത്രയുടെ നിലപാടാണ് ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ എഴുതി നൽകിയത്.
