തെരഞ്ഞെടുപ്പിൽ ശബരിമല ബാധിക്കില്ല – മുഖ്യമന്ത്രി
പത്തനംതിട്ട: തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ രംഗത്തുവരുന്നവരുടെ പ്രചാരണമാണതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവല്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരമല വിഷയം എൽ.ഡി.എഫ് സർക്കാർ കൃത്യതയോടെയാണ് കൈകാര്യം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലിലൂടെയാണ് പ്രശ്നം ആദ്യം ഉയർന്നുവന്നത്. കാണാനില്ലെന്ന് പറഞ്ഞ പീഢം വിജിലൻസ് അന്വേഷണത്തിൽ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽനിന്ന് കണ്ടെത്തി. ഇതിൽനിന്ന് ഇയാളുടെ ദുരുദ്ദേശ്യം വ്യക്തമായി.
ഇതേത്തുടർന്ന് ഉയർന്നുവന്ന കാര്യങ്ങളിൽ സർക്കാറും ദേവസ്വം ബോർഡും കൃത്യതയോടെയുള്ള അന്വേഷണമാണ് നടത്തിയത്. ഹൈകോടതി മേൽനോട്ടത്തിലാവട്ടെ അന്വേഷണമെന്ന് തീരുമാനിച്ചു.
തുടർന്ന് ഒട്ടേറെ പരാതികൾ ഉയർന്നുവന്നു. ഒരു ബാഹ്യശക്തിയും ഇപെട്ടില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ എന്താണ് വഴി എന്ന് നോക്കുന്നവരുണ്ട്. അത്തരക്കാർ ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ ശ്രമിക്കുന്നെങ്കിൽ നടത്തിക്കോട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.
