റിലേ പോലെ മീറ്റുകൾ; ഓടിത്തളർന്ന് കുട്ടികൾ; ദേശീയ ജൂനിയർ അത്ലറ്റിക്സിനോട് ചേർന്നുള്ള ദിനങ്ങളിൽ സംസ്ഥാന സ്കൂൾ കായികമേളയും

കൊല്ലം: അത്ലറ്റുകളുടെ വളർച്ചയോ ഭാവിയോ മുന്നിൽ കാണാതെയുള്ള സ്കൂൾ കായികമേള സംഘാടനത്തിന്റെ ‘മികവിൽ’ അവസരങ്ങൾ നഷ്ടപ്പെട്ടും അമിതമായി ഓടിത്തളർന്നും കുട്ടികൾ. വർഷത്തിന്റെ തുടക്കത്തിൽ തന്നെ പ്രസിദ്ധീകരിക്കുന്ന അത്ലറ്റിക്സ് അസോസിയേഷൻ ചാമ്പ്യൻഷിപ്പ് കലണ്ടർ തിരിഞ്ഞുനോക്കാത്ത വിദ്യാഭ്യാസ വകുപ്പ് അധികൃതർ തോന്നിയത് പോലെ ഉപജില്ല, ജില്ല, സംസ്ഥാന കായിക മേള തീയതികൾ പ്രഖ്യാപിച്ച് മത്സരങ്ങൾ നടത്തുന്നതാണ് കുട്ടികളെ വലക്കുന്നത്. ഇത്തവണ സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റ് നടക്കുന്നതിനൊപ്പവും തൊട്ടുപിന്നാലെയുമാണ് സ്കൂൾ കായികമേളയുടെ ഉപജില്ല, ജില്ല മത്സരങ്ങൾ നടക്കുന്നത്. ദേശീയ ജൂനിയർ അത്ലറ്റിക്സ് മീറ്റ് സമാപിക്കുന്ന ദിവസം ആണ് സംസ്ഥാന കായികമേള തുടങ്ങുന്നത്. സ്കൂൾ കായികമേളക്ക് വേണ്ടി അസോസിയേഷൻ മത്സരം ഉപേക്ഷിച്ചാലും മറിച്ചായാലും നഷ്ടം കായിക പ്രതിഭകൾക്ക് മാത്രം. രണ്ടിടത്തും പങ്കെടുക്കാൻ ഓടുന്നവരാകട്ടെ പൂർണ കായികക്ഷമതയോടെ മികച്ച പ്രകടനം നടത്താനാകാതെയും പരിക്കിന്റെ പിടിയിലായും സങ്കടപ്പെടും.
കൊല്ലത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ പങ്കെടുക്കുന്ന സ്കൂൾ വിദ്യാർഥികളായ അത്ലറ്റുകളെല്ലാം ഈ ദുരിതം സംബന്ധിച്ച് പരാതി ഉയർത്തുകയാണ്. ഞായറാഴ്ച ജൂനിയർ അത്ലറ്റിക്സ് മീറ്റിലെ 100 മീറ്റർ ഹർഡ്ൽസ് മത്സരം കഴിഞ്ഞ കുട്ടിയുമായി 20 കിലോമീറ്റർ അകലെ നടക്കുന്ന ഉപജില്ല സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ ഓടുകയായിരുന്നു രക്ഷിതാവ്. 100 മീറ്ററിൽ വേഗതാരമായ അണ്ടർ 14കാരനാകട്ടെ സ്വർണം ഉറപ്പുള്ള ട്രയാത്തലണിൽ പങ്കെടുത്തില്ല. ദേശീയ മീറ്റിലേക്ക് യോഗ്യത കിട്ടിയാലും സംസ്ഥാന സ്കൂൾ കായികമേളയുമായി ‘ക്ലാഷ് വരുന്നതിനാൽ’ പങ്കെടുക്കാൻ പറ്റില്ലല്ലോ എന്നതായിരുന്നു കാരണം.
ഒക്ടോബർ 23 മുതൽ 27 വരെ ചെന്നൈയിലാണ് ദേശീയ ജൂനിയർ അത്ലറ്റിക്സ് മീറ്റ് നടക്കുന്നത്. ഒക്ടോബർ 27ന് ആണ് കോഴിക്കോട് സംസ്ഥാന സ്കൂൾ കായികമേള ആരംഭിക്കുന്നത്. വർഷാരംഭത്തിൽ പ്രസിദ്ധീകരിച്ച അത്ലറ്റിക്സ് ഫെഡറേഷൻ കായിക കലണ്ടർ പ്രകാരം ചെന്നൈയിൽ ദേശീയ മീറ്റ് ഒക്ടോബർ അവസാനം നടക്കുന്നത് സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷൻ ഭാരവാഹികൾ രണ്ട് മാസങ്ങൾക്ക് മുമ്പ് തന്നെ സംസ്ഥാന സ്കൂൾ കായികമേള സംഘാടകരെ അറിയിച്ചിരുന്നു. ഈ തിയതികളുമായി ഏറ്റുമുട്ടലുണ്ടാകില്ലെന്ന് വാക്കാലുള്ള ഉറപ്പ് ലഭിച്ചെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഒക്ടോബർ 24ന് സ്കൂൾ കായികമേള നിശ്ചയിച്ചിരുന്നത് 27ലേക്ക് മാറ്റിയെന്നും ആദ്യ ദിനം ഇൻക്ലൂസീവ് മത്സരങ്ങളാണെന്നും 28നാണ് അത്ലറ്റിക്സ് ആരംഭിക്കുന്നതെന്നുമാണ് സ്കൂൾ കായികമേള സംഘാടകരുടെ ഇപ്പോഴുള്ള വിശദീകരണം. എന്നാൽ, 27ന് ചെന്നൈയിൽ സമാപിക്കുന്ന ദേശീയ മീറ്റ് കഴിഞ്ഞ് 12 മണിക്കൂറിലധികം യാത്രചെയ്ത് 28ന് കോഴിക്കോട് ആരംഭിക്കുന്ന സ്കൂൾ കായികമേളയിൽ എത്തൽ ശ്രമകരമാണ്.
