പാലാ ഗ്രൗണ്ടിലെ ചോരപ്പാടിന് ഏഴ് ആണ്ട്; സർക്കാർ വാഗ്ദാനം കടലാസിലുറങ്ങുന്നു, നീതി കാത്ത് ഡാർലിയും ജോൺസനും

കോട്ടയം: ഏവരെയും കണ്ണീരിലാഴ്ത്തിയ ആ അപകടം നടന്നിട്ട് ഇന്ന് കൃത്യം ഏഴ് വർഷം തികയുകയാണ്. ഈ ദിനത്തിൽ ആ അമ്മ വീണ്ടും പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിലെത്തി. ട്രാക്കിലേക്കും മൈതാനത്തേക്കും നോക്കിനിൽക്കെ ഡാർലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. വലിയൊരു ഫുട്ബാൾ താരമാകാൻ കൊതിച്ച്, തന്റെ ജീവന്റെ പാതിയായ കുഞ്ഞ് ഓടിക്കളിച്ച, പന്തുതട്ടി വിയർപ്പൊഴുക്കിയ അതേ ഗ്രൗണ്ട്… ഒടുവിൽ അവന്റെതന്നെ ചോര വീണ് ചുവന്ന മണ്ണ്.
ആ മൈതാനത്ത് നിൽക്കുമ്പോൾ ഓർമകൾ വീണ്ടും 2019 ഒക്ടോബറിലെ ആ കറുത്ത ദിനങ്ങളിലേക്ക് പാഞ്ഞു. സംസ്ഥാന സ്കൂൾ കായികമേളയുടെ ആരവങ്ങൾ വീണ്ടും ഉയരുമ്പോൾ, ചൊവ്വൂർ കുറിഞ്ഞംകുളത്തെ വീട്ടിൽ ഡാർലിയുടെയും ജോൺസന്റെയും നെഞ്ചിലെ കനലിനും ഇന്നേക്ക് ഏഴ് വർഷത്തെ പഴക്കമുണ്ട്. ഈ വരുന്ന ഒക്ടോബർ 21-ന് അഫീൽ ഈ ലോകത്തോട് വിടപറഞ്ഞിട്ടും ഏഴാണ്ട് തികയുകയാണ്.
മറക്കാനാകുമോ ആ ഒക്ടോബർ നാലിനെ?
2019 ഒക്ടോബർ നാലിനാണ് സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ വോളന്റിയറായി നിന്ന അഫീൽ ജോൺസൺ എന്ന പതിനാറുകാരന്റെ തലയിൽ ദിശമാറി വന്ന മൂന്നുകിലോ ഭാരമുള്ള ഹാമർ പതിക്കുന്നത്. തലയോട്ടി തകർന്ന് 17 ദിവസത്തോളം കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ അവൻ പൊരുതിനോക്കി. ഇടയ്ക്കെപ്പോഴോ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കിലും ഒക്ടോബർ 21ന് ഉച്ചതിരിഞ്ഞ് ആ പ്രകാശം എന്നെന്നേക്കുമായി അണഞ്ഞു.
പാഴായ വാഗ്ദാനങ്ങളും ജീവിത പ്രാരാബ്ധങ്ങളും
മകന്റെ വിയോഗത്തിൽ തകർന്നുപോയ ആ മാതാപിതാക്കളെ തേടി അന്ന് വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. പിതാവിന് സർക്കാർ ജോലി നൽകുമെന്നായിരുന്നു അതിൽ പ്രധാനം. എന്നാൽ ഏഴ് വർഷം പിന്നിടുമ്പോഴും ആ വാഗ്ദാനം പാലിക്കപ്പെട്ടില്ല. “ഒന്നും ലഭിച്ചിട്ടില്ല, ഇനി ലഭിക്കുമോ എന്നും അറിയില്ല. എന്നാലും മുഖ്യമന്ത്രിയെ നേരിൽ കണ്ട് സങ്കടം ബോധിപ്പിക്കാൻ ഒരുങ്ങുകയാണ് ഞങ്ങൾ” – ഡാർലി പറയുന്നു.
ജീവിതം വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. ജോൺസൺ ഇപ്പോഴും കൃഷിപ്പണി ചെയ്താണ് കുടുംബം നോക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് ഡാർലി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് അവിടെ ജോലി കിട്ടിയത്.
പണത്തിന് പകരം വെക്കാനാവില്ല മകന്റെ ജീവൻ
ഏഴ് വർഷമായിട്ടും കേസിൽ എങ്ങുമെത്തിയിട്ടില്ല. നാളിതുവരെ ആകെ നടന്നത് ഒരേയൊരു ഹിയറിങ് മാത്രം. തെറ്റ് തങ്ങളുടെ ഭാഗത്താണെന്ന് പൂർണബോധ്യമുള്ളതുകൊണ്ട് തന്നെ പ്രതിഭാഗം ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു. നഷ്ടപരിഹാരമായി പണം നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ആ കുടുംബം അത് തള്ളിക്കളഞ്ഞു. തങ്ങളുടെ മകന്റെ ജീവന് പകരം വെക്കാൻ ഒരു കടലാസ് തുട്ടിനുമാകില്ലെന്നും, കോടതി വിധിയിലൂടെ യഥാർഥ നീതി ലഭിക്കട്ടെയെന്നുമുള്ള ഉറച്ച നിലപാടിലാണ് ജോൺസനും ഡാർലിയും.
സ്വർഗത്തിൽ നിന്നൊരു മാലാഖക്കുഞ്ഞ്
അഫീൽ പോയതോടെ അക്ഷരാർത്ഥത്തിൽ അനാഥരായ ആ മാതാപിതാക്കളുടെ കണ്ണുനീർ കണ്ടിട്ടാകണം, ദൈവം അവർക്കൊരു മാലാഖയെ സമ്മാനിച്ചു. 2022 ജനുവരിയിൽ പിറന്ന ‘ഏഞ്ചൽ’. വരുന്ന ജനുവരി അഞ്ചിന് അവൾക്ക് അഞ്ച് വയസ്സ് തികയും. ഇപ്പോൾ എൽ.കെ.ജി വിദ്യാർഥിനിയാണ്.
“അവൾ വന്നതാണ് ഞങ്ങളുടെ ഏക ആശ്വാസം. അവളില്ലായിരുന്നെങ്കിൽ ഞങ്ങൾ പൂർണമായും തകർന്നുപോയേനെ…” ജോൺസന്റെ വാക്കുകളിൽ ഏഞ്ചലിനോടുള്ള കരുതലും സ്നേഹവും നിറയുന്നു. സങ്കടക്കടലായിരുന്ന ആ വീടിനെ ഇപ്പോൾ താങ്ങിനിർത്തുന്നത് ആ കുഞ്ഞിന്റെ കളിയും ചിരിയും കൊഞ്ചലുകളുമാണ്. ഒന്നു മിണ്ടാൻ പോലും ആളില്ലാതിരുന്ന ശൂന്യമായ ആ വീട്ടിൽ, അവളുടെ കുഞ്ഞുകാലടിയൊച്ചകളും പിന്നിൽ നിന്നുള്ള അവളുടെ ‘അമ്മേ’ എന്ന വിളിയുമാണ് ആ മാതാപിതാക്കൾക്ക് ജീവിക്കാനുള്ള ഇന്ധനം പകരുന്നത്. തനിക്കൊരു ചേട്ടൻ ഉണ്ടായിരുന്നുവെന്ന് കുഞ്ഞു ഏഞ്ചലിനറിയാം. എന്നാൽ ആ ചേട്ടൻ എങ്ങനെയാണ് ഇല്ലാതായതെന്ന് അവൾക്കറിയില്ല. അവൾ കുറച്ചുകൂടി മുതിർന്ന ശേഷം, കാര്യങ്ങൾ മനസ്സിലാക്കാൻ പ്രായമാകുമ്പോൾ എല്ലാം പറയാമെന്ന തീരുമാനത്തിലാണ് അച്ഛനും അമ്മയും.
പള്ളിയിലെ ഗായകസംഘത്തിൽ മറ്റെല്ലാവരേക്കാളും ഉച്ചത്തിൽ അഫീൽ പാടുന്നൊരു വീഡിയോ ഡാർലിയുടെ ഫോണിലുണ്ട്. കുഞ്ഞ് ഓർമകളിൽ വിങ്ങുമ്പോൾ അവളത് എടുത്തു വെച്ച് ആ ശബ്ദം കേട്ടുകൊണ്ടിരിക്കും. കുറിഞ്ഞംകുളത്തെ വീടിന്റെ മുറ്റത്ത് പണ്ടവൻ ഉപയോഗിച്ചിരുന്ന ഫുട്ബോളിൽ ഇപ്പോഴും അഫീലിന്റെ ശ്വാസമുണ്ട്. അവന്റെ ബൂട്ടുകൾ ആ അമ്മ അവിടെ ഭദ്രമായി കഴുകി വെച്ചിട്ടുണ്ട്. കായികകേരളം മറ്റൊരു കായികമേളയുടെ തിരക്കുകളിലാണ് ഇപ്പോൾ.
നീതിക്കായുള്ള പോരാട്ടം തുടരുമ്പോഴും, കുഞ്ഞു ഏഞ്ചലിന്റെ ചിരിയിൽ തങ്ങളുടെ സോനുവിന്റെ (അഫീൽ) മുഖം കണ്ട് ജീവിക്കുകയാണ് ആ മാതാപിതാക്കൾ. ഇനി ഒരമ്മയ്ക്കും ഗ്രൗണ്ടിൽ നിന്ന് ഇങ്ങനെയൊരു സങ്കടവാർത്ത കേൾക്കാൻ ഇടവരരുതേ എന്ന പ്രാർഥനയോടെ…
