പ്രതിഭക്കെതിരായ പരാമർശം; ലീഗ് നേതാവിന് സസ്പെൻഷൻ, യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തുനിന്നും പുറത്ത്
എ. ഇർഷാദ്
ആലപ്പുഴ: കായംകുളം എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ യു. പ്രതിഭക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മുസ്ലിം ലീഗ് നേതാവ് എ. ഇർഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. സംസ്ഥാന നേതൃത്വമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത്. കായംകുളം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് കൺവീനറായിരുന്നു ഇർഷാദ്. ആദ്യ നടപടിയായി കൺവീനർ സ്ഥാനത്തുനിന്നും നീക്കം ചെയ്തിരുന്നു.
കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി എം.ലിജുവിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവേയാണ് ഇർഷാദ് അധിക്ഷേപ പരാമർശം നടത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു. അധിക്ഷേപ പ്രസ്താവനയുടെ വിഡിയോ പുറത്തു വന്നതോടെ വലിയ വിമർശനമാണ് ലീഗ് നേതാവിന് നേരിടേണ്ടി വന്നത്.
വ്യക്തിപരമായ വിമർശനങ്ങളോ ആക്ഷേപങ്ങളോ നടത്തേണ്ട ഇടമല്ല തെരഞ്ഞെടുപ്പ് എന്നായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി എം.ലിജു പ്രതികരിച്ചത്. തനിക്കെതിരായി പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് യു. പ്രതിഭ അറിയിച്ചു. ഇർഷാദിന്റെ പരാമർശം സ്ത്രീ സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതാണെന്ന് പ്രതിഭ പറഞ്ഞു. പൊലീസിലും തെരഞ്ഞെടുപ്പ് കമീഷനിലും പരാതി നല്‍കുമെന്നും യു. പ്രതിഭ എം.എല്‍.എ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിച്ചു.
‘ഇന്ദിര ഗാന്ധിയെ പോലുള്ള വനിത നേതാക്കൾ നയിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. സോണിയ ഗാന്ധിയെ പോലുള്ള വനിത നേതാക്കളെ ഉയർത്തിക്കാട്ടുന്ന പാർട്ടിയാണത്. വയനാട്ടിൽ വന്ന് മത്സരിച്ചത് പ്രിയങ്ക ഗാന്ധിയാണ്. അത്തരത്തിൽ സ്ത്രീകളാൽ നയിക്കപ്പെടുന്ന പാർട്ടിയുടെ നേതാവാണ് വളരെ മോശമായ പരാമർശം നടത്തിയത്. ഞാൻ ഞെട്ടിപ്പോയി. ഒരു തെരഞ്ഞെടുപ്പിലും എതിർ സ്ഥാനാർഥികൾക്കെതിരെ ഞാൻ പ്രസ്താവന നടത്തിയിട്ടില്ല. വ്യക്തിഹത്യയുടെ അങ്ങേയറ്റമാണിത്’ -പ്രതിഭ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ശരീരമല്ല മനസാണ് ജനങ്ങൾ നോക്കുന്നതെന്നും ഒരു സ്ത്രീയെയും ഇത്തരം വാക്കുകൾ കൊണ്ട് അപമാനിക്കാൻ പാടില്ലെന്നും പ്രതിഭ പറഞ്ഞു. കായംകുളത്തെ യു.ഡി.എഫ് കൺവീനറായ ഇർഷാദ് സംസാരിക്കുമ്പോൾ പല പ്രമുഖ നേതാക്കളും വേദിയിൽ ഉണ്ടായിരുന്നു. സ്ത്രീകളടക്കം ഉള്ളവർ ഒന്നും മിണ്ടിയില്ല. ഇർഷാദിന്റെ ഖേദപ്രകടനം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിഭ വ്യക്തമാക്കി.
