കെ.എസ്.ആർ.ടി.സി ബസിന് നേരെവന്ന് ഗ്ലാസ് കുത്തി തകർക്കാൻ ശ്രമിച്ച് കാട്ടാന; ഭീതിയിലായി യാത്രക്കാർ
പുനലൂർ (കൊല്ലം): കെ.എസ്.ആർ.ടി.സി ബസിന്റെ നേരെ വന്ന കാട്ടാന യാത്രക്കാരെ ഭീതിയിലാഴ്ത്തി. ബസിന്റെ ഗ്ലാസിൽ കുത്തി തകർക്കാനും ശ്രമിച്ചു. അലിമുക്ക്- അച്ചൻകോവിൽ കാനനപാതയിൽ വളയം കാവിന് സമീപം തിങ്കളാഴ്ച രാവിലെ 11.30 ഓടെ ആയിരുന്നു ഒറ്റയാന്റെ പരാക്രമം ഉണ്ടായത്.
പുനലൂരിൽനിന്നും, അലിമുക്ക്, മുള്ളുമല വഴി അച്ചൻകോവിലിലേക്ക് പോവുകയായിരുന്ന ബസിന് മുന്നിലേക്ക് കാട്ടാന വരുകയായിരുന്നു. കൂറെ ദൂരം റോഡിലൂടെ മുന്നോട്ടുവന്ന ആനയെ കണ്ട് ഡ്രൈവർ ബസ് റോഡ് വശത്ത് ഒതുക്കി പിന്നോട്ട് എടുക്കാൻ ശ്രമിച്ചു. എന്നാൽ പിന്തിരിയാതെ ബസിന്റെ മുന്നിലേക്ക് പാഞ്ഞടുത്ത് കൊമ്പ് കൊണ്ട് ബസിൽ കുത്തി ബസ് പിന്നോട്ട് നീക്കി.
യാത്രക്കാർ ബഹളം ഉണ്ടാക്കിയതോടെ ആന പിൻതിരിഞ്ഞതോടെയാണ് യാത്രക്കാർ ആശ്വാസത്തിലായത്. ആനക്ക് പിന്നിലായി ഈ വഴിയിൽ ഇരുചക്രവാഹനത്തിലും ആളുകൾ വരുന്നുണ്ടായിരുന്നു. കൊടമല ഭാഗം മുതൽ റോഡിലൂടെ ആന വരുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. ഇതേ സ്ഥലത്ത് ആനയുടെ സാന്നിധ്യം മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ പ്രകോപനം നടത്തുന്നത് ആദ്യമാണെന്ന് ബസ് ജീവനക്കാർ പറഞ്ഞു.
