ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ പോലീസാണ് നടിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. നിലവിൽ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലുള്ള രഞ്ജിത്തിനെ ഉടൻ തന്നെ കൊച്ചി പോലീസിന് കൈമാറും. കേസിന്റെ ഭാഗമായി നടിയുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
രഞ്ജിത്ത് നിലവിൽ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന സിനിമയിലെ നടിയാണ് പുതിയ പരാതിക്കാരി. സിനിമാ സെറ്റിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ മൊഴി. ഡി.ജി.പിക്കും പ്രത്യേക അന്വേഷണ സംഘത്തിനും (SIT) നടി പരാതി നൽകിയിരുന്നു. രണ്ട് ദിവസം മുൻപ് വനിതാ പോലീസ് സ്റ്റേഷനിൽ വെച്ച് നടിയുടെ മൊഴി രേഖപ്പെടുത്തി. പരാതിയിൽ കഴമ്പുണ്ടെന്ന് സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് പോലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. നാളെ കോടതിയിൽ ഹാജരാക്കിയേക്കും.
