പ്രായപൂർത്തിയായ മക്കൾക്ക് വിശ്വാസപരമായി സ്വന്തംവഴി തെരഞ്ഞെടുക്കാം -ഹൈകോടതി
കൊച്ചി: പ്രായപൂർത്തിയായ മക്കൾക്ക് ആത്മീയ മാർഗമടക്കം സ്വന്തം വഴി തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ മാതാപിതാക്കളുടെ അതൃപ്തി ഹേബിയസ് കോർപ്പസ് ഹരജിക്ക് അടിസ്ഥാനമാക്കാനാകില്ലെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. അതിരൂപതയിൽനിന്ന് പുറത്തായ സന്യാസിനി സമൂഹം മക്കളെ വിശ്വാസപരമായി തടവിലാക്കിയെന്ന് ആരോപിച്ച് തൃശൂർ സ്വദേശികളായ മൂന്ന് രക്ഷിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹരജി തള്ളിയാണ് നിരീക്ഷണം.
എതിർകക്ഷികൾ ശാരീരികമായി നിയന്ത്രണത്തിലാക്കുകയോ അതിന് സാധ്യത നിലനിൽക്കുകയോ ചെയ്യുമ്പോൾ മാത്രമേ ഹേബിയസ് കോർപസ് ഹരജി നിലനിൽക്കൂവെന്നും കോടതി വ്യക്തമാക്കി. സ്വന്തം തീരുമാനപ്രകാരമല്ല സഭയുമായി ബന്ധമില്ലാത്ത കൂട്ടായ്മയിൽ മക്കൾ തുടരുന്നതും വിശ്വസിക്കുന്നതുമെന്നായിരുന്നു ഹരജിക്കാരുടെ വാദം.
എതിർകക്ഷികളുടെ സമ്മർദം മൂലമാണ് സംഘത്തോടൊപ്പം തുടരുന്നതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, മക്കളുടെ തീരുമാനത്തിൽ മാതാപിതാക്കൾക്ക് വിഷമമുണ്ടാകാമെങ്കിലും പ്രായപൂർത്തിയായ ഒരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യം ഭരണഘടന നൽകുന്ന മൗലികാവകാശമാണ്. ഒരാൾക്ക് ഏത് വിശ്വാസം സ്വീകരിക്കണമെന്നും ഏത് സംഘടനയിൽ ചേരണമെന്നും തീരുമാനിക്കാൻ പൂർണ അവകാശമുണ്ട്. മാതാപിതാക്കൾക്ക് മക്കളെ ഉപദേശിക്കാമെന്നല്ലാതെ, അവരുടെ സ്വാതന്ത്ര്യത്തിൽ കടന്നുകയറാനാകില്ല. പൊലീസ് നടത്തിയ അന്വേഷണത്തിൽ, തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ വിശ്വാസപാത തെരഞ്ഞെടുത്തതെന്ന് യുവതികൾ മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹേബിയസ് കോർപസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജികൾ തള്ളി.
