മുട്ടിക്കൊമ്പനെ പിടികൂടി: മുറിവുണങ്ങും വരെ മുത്തങ്ങ ആന ക്യാമ്പിൽ



മുത്തങ്ങ: വയനാട്ടിലെ വടക്കനാട്–വള്ളുവാടി മേഖലകളില്‍ ഭീതി പടര്‍ത്തുകയും കര്‍ഷകന്റെ ജീവനെടുക്കുകയും ചെയ്ത മുട്ടിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടി. ആനയുടെ തുമ്പിക്കൈയില്‍ പരിക്കുണ്ടെന്നും കാട്ടില്‍നിന്ന് ഭക്ഷണം ശേഖരിച്ച് കഴിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാൽ റേഡിയോ കോളര്‍ ചെയ്ത്, പരുക്ക് ഭേദമാകുന്നത് വരെ മുത്തങ്ങ ആന ക്യാമ്പില്‍ പാർപ്പിക്കാൻ തീരുമാനിച്ചതായി വനംവകുപ്പ് അറിയിച്ചു. മയക്കുവെടി വെച്ച് പിടികൂടിയ ആനയെ നിലവില്‍ മുത്തങ്ങയിലെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. താത്തൂര്‍ വനമേഖലക്ക് സമീപം ഓനച്ചന്‍ കവലയില്‍ വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. ദൗത്യം ആരംഭിച്ച 13ാം ദിനത്തിലാണ് മുട്ടിക്കൊമ്പനെ പിടികൂടിയത്.

കുറിച്യാട് റേഞ്ച് വനംവകുപ്പ്, ആര്‍.ആര്‍.ടി ഉദ്യോഗസ്ഥര്‍ അടങ്ങുന്ന 87 അംഗ സംഘം ഇന്ന് പുലര്‍ച്ചയോടെയാണ് കാട്ടാനയെ സ്‌പോര്‍ട്ട് ചെയ്തത്. ദൗത്യത്തിലുള്ള വെറ്ററിനറി സംഘം രാവിലെ ആറുമണിയോടെ കാട്ടാനയെ മയക്കു വെടിവച്ചു. കഴിഞ്ഞ 12 ദിവസത്തിനിടെ ഒന്നിലേറെ തവണ മയക്കുവെടി വെച്ചങ്കിലും കൊള്ളാതെ ആന കാട് കയറുകയായിരുന്നു.

വയനാട് സുൽത്താൻ ബത്തേരി വടക്കനാട്, കല്ലൂർക്കുന്ന്, പഴേരി മേഖലയിൽ ജനവാസമേഖലയിൽ ആളുകളെ ആക്രമിച്ച കാട്ടാനയാണ് മുട്ടിക്കൊമ്പൻ. 2024 മുതൽ മേഖലയിൽ ആനശല്യം രൂക്ഷമാണ്. നാട്ടുകാരുടെ ആവശ്യങ്ങൾക്കെടുവിലാണ് കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങുന്നത്. ജനവാസ മേഖലയിൽ ഇറങ്ങുന്ന ആന വൈദ്യുത വേലി മറികടക്കാൻ വലിയ മരങ്ങൾ തള്ളിയിട്ടിരിന്നു. കൃഷിയിടത്തിലിറങ്ങി കവുങ്ങുകളും തെങ്ങുകളും നശിപ്പിച്ചു. ഏതാനും ദിവസം മുമ്പാണ് ഒരു കര്‍ഷകനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്. വടക്കനാട് പച്ചാടി സ്വദേശി നടുവീട്ടില്‍ രാജീവാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

വനാതിര്‍ത്തിയില്‍ സ്ഥാപിച്ച തൂക്കുവേലി മറികടക്കാൻ കൊമ്പൻ വേലിയില്‍ വൈദ്യുതി പ്രവാഹമുണ്ടോ എന്ന് ആദ്യം നോക്കും. ഇതിനായി ചെറുമര ശിഖരങ്ങള്‍ വേലിയിലേക്ക് വലിച്ചെറിയും. വൈദ്യുതിയുണ്ട് എന്ന് അറിയുന്ന നിമിഷം പിന്‍മാറും. പിന്നീട് വലിയ മരങ്ങള്‍ തള്ളിവീഴ്ത്തി അത് കൊണ്ടുവന്ന് വേലി തകര്‍ക്കും. മയക്കുവെടിവെക്കാനുള്ള ഉത്തരവ് നിലനില്‍ക്കെ കഴിഞ്ഞദിവസം പുലര്‍ച്ചെ രാവിലെ 5.50ന് ആനയെ പ്രദേശവാസിയായ സിബിയുടെ പറമ്പില്‍ കണ്ടിരുന്നു. അപകടകാരിയായതിനാൽ സുരക്ഷിത സ്ഥാനത്തുനിന്ന് ശബ്ദുമുണ്ടാക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തില്ലെങ്കിൽ ഓടിയെത്തി മനുഷ്യരുടെ ജീവനെടുക്കുമെന്നും കര്‍ഷകര്‍ പറയുന്നത്.

ആനയെ മയക്കുവെടിവെച്ച് പിടിച്ചാല്‍ പാര്‍പ്പിക്കാനുള്ള കൂടൊരുക്കാന്‍ യൂക്കാലിമരങ്ങള്‍ മുറിക്കുന്നതിന് അനുമതിയായിരുന്നു. മുറിച്ചെടുത്ത മരങ്ങള്‍ മുത്തങ്ങ ആനപ്പന്തിയിലെത്തിച്ചാണ് കൂട് നിര്‍മിക്കുക. നേരത്തേ പന്തല്ലൂര്‍ മഖ്ന (പി.എം-2) ആനയെ പാര്‍പ്പിച്ച കൂട് നവീകരിക്കുകയോ പുതിയവ നിര്‍മിക്കുകയോ ചെയ്യാനാണ് വനംവകുപ്പിന്റെ തീരുമാനം. കൂടിന്റെ ബലപരിശോധനയടക്കം പൂര്‍ത്തിയാകിയ ശേഷം മുട്ടിക്കൊമ്പനെ മയക്കുവെടിവെക്കാനായിരുന്നു തീരുമാനം. ബുധനാഴ്ച ആനയെ മയക്കുവെടിവെച്ച് പിടിക്കാന്‍ ഉത്തരവിറങ്ങിയിരുന്നു. ഇതിനിടെ, മൂന്നുതവണ മുട്ടിക്കൊമ്പന്‍ വടക്കനാടും കരിപ്പൂരുമടക്കമുള്ള പ്രദേശങ്ങളിലിറങ്ങി കൃഷി നശിപ്പിച്ചു. പിടികൂടാന്‍ ദിവസങ്ങൾ വൈകുന്തോറും വ്യാപക നാശമാണ് കാട്ടാന ഉണ്ടാക്കുന്നതെന്ന് നാട്ടുകാരും പറയുന്നു.