പ്രവാസി വോട്ടർമാർ 2.23 ലക്ഷം
പാലക്കാട്: സംസ്ഥാനത്ത് 2.69 കോടി വോട്ടർമാരിൽ പ്രവാസി വോട്ടർമാർ 2,23,558 പേർ. ഇതിൽ 1,90,090 പേർ പുരുഷന്മാരും 33,458 പേർ സ്ത്രീകളുമാണ്. 10 ഭിന്നലിംഗക്കാരുമുണ്ട്. വോട്ടർപട്ടിക സമഗ്ര പരിഷ്കരണത്തിന് ശേഷമുള്ള വോട്ടർമാരുടെ അന്തിമ പട്ടിക പ്രകാരം പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ കണക്കാണിത്.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം പ്രവാസി വോട്ടർമാരുള്ളത്. 51,419 പുരുഷന്മാരും 6256 സ്ത്രീകളും ഉൾപ്പെടെ 57,679 പേരാണ് കോഴിക്കോട് ജില്ലയിൽ മാത്രമുള്ളത്. മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 39,501 പേർ. കുറവ് പ്രവാസി വോട്ടർമാരുള്ളത് ഇടുക്കിയിലാണ്. 404 പുരുഷന്മാരും 203 സ്ത്രീകളും ഉൾപ്പെടെ 607 പേർ. കാസർകോട് -11,462, കണ്ണൂർ-52,163, വയനാട്-2129, പാലക്കാട്-8300, തൃശൂർ-22,249, എറണാകുളം-7426, കോട്ടയം-3124, ആലപ്പുഴ-3472, പത്തനംതിട്ട-3685, കൊല്ലം-6876, തിരുവനന്തപുരം-4885 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
ഭിന്നലിംഗ പ്രവാസി വോട്ടർമാർ ഏറ്റവും കൂടുതൽ കോഴിക്കോട്ടാണ് -നാലുപേർ. കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, കോട്ടയം, കൊല്ലം ജില്ലകളിൽ ഓരോരുത്തരുമുണ്ട്.
ഭിന്നലിംഗക്കാർ 277
സംസ്ഥാനത്ത് ഏറ്റവുമധികം ഭിന്നലിംഗ വോട്ടർമാരുള്ളത് തിരുവനന്തപുരം ജില്ലയിലാണ് -54 പേർ. രണ്ട് പേർ മാത്രമുള്ള വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. കാസർകോട്-13, കണ്ണൂർ-11, കോഴിക്കോട്-33, മലപ്പുറം-40, പാലക്കാട്-20, തൃശൂർ 19, എറണാകുളം-22, ഇടുക്കി-എട്ട്, കോട്ടയം-14, ആലപ്പുഴ-15, പത്തനംതിട്ട-അഞ്ച്, കൊല്ലം-21 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഭിന്നലിംഗ വോട്ടർമാരുടെ കണക്ക്.
