ഏറ്റവും കൂടുതൽ വോട്ടർമാർ തിരൂർ മണ്ഡലത്തിൽ; ജനവിധി തേടുന്നത് ഒമ്പത് സ്ഥാനാർഥികൾ

സർഗാത്മക ചിത്രം
തിരൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂർ മണ്ഡലത്തിൽ ജനവിധി തേടുന്നത് ഒമ്പതു സ്ഥാനാർഥികൾ. 243 ബൂത്തുകളാണ് തിരൂർ മണ്ഡലത്തിൽ ആകെയുള്ളത്. ഇതിൽ മൂന്ന് മാതൃക ബൂത്തുകളാണുള്ളത്. എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി. അബ്ദുറഹ്മാന് സി.പി.എം പാർട്ടി ചിഹ്നമായ ചുറ്റിക അരിവാള്‍ നക്ഷത്രത്തിൽ ജനവിധി തേടുമ്പോൾ സിറ്റിങ് എം.എൽ.എയായ മുസ്ലിം ലീഗിന്റെ കുറുക്കോളി മൊയ്തീന് ഏണി ചിഹ്നത്തിലാണ് തുടർവിജയം ലക്ഷ്യമിടുന്നത്. വോട്ടിങ് മെഷീനിൽ വി. അബ്ദുറഹ്മാൻ ആദ്യവും കുറുക്കോളി മൊയ്തീൻ നാലാമതുമാണ്. ആം ആദ്മി പാര്‍ട്ടിയുടെ കബീര്‍ എന്ന ഷമീര്‍ കുറ്റൂര്‍ ചൂല് ചിഹ്നത്തിൽ രണ്ടാമതായും ബി.ജെ.പിയുടെ കെ. നാരായണന് മാസ്റ്റര്‍ താമര ചിഹ്നത്തിൽ മൂന്നാമതുമാണ് വോട്ടിങ് മെഷീനിലുള്ളത്. എസ്.യു.സി.ഐ-കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി ഡോ. എസ്. അലീന ബാറ്ററി ടോര്‍ച്ച് ചിഹ്നത്തിലും സോഷ്യലിസ്റ്റ് പാര്‍ട്ടി-ഇന്ത്യ സ്ഥാനാർഥിയായി സിയാദ് കൂടിയത്ത് കപ്പല്‍ ചിഹ്നത്തിലും വോട്ടിങ് മെഷീനിൽ അഞ്ച്, ആറ് ക്രമത്തിലുമായും വി. അബ്ദുറഹ്മാന്റെ അപരൻമാരായ സ്വതന്ത്ര സ്ഥാനാർഥികളായി അബ്ദുറഹിമാന് കുഞ്ഞീൻ ഡിഷ് ആന്റിന ചിഹ്നത്തിൽ ഏഴാമതായും അബ്ദുറഹിമാന് കുഞ്ഞാവ ബൈസിക്കിള്‍ പമ്പ് ചിഹ്നത്തിൽ ഏഴ്, എട്ട് ക്രമത്തിലും കുറുക്കോളിയുടെ അപരനായി സ്വതന്ത്ര സ്ഥാനാർഥി മൊയ്തീന് കൂമുള്ളിപറമ്പില്‍ ടി.വി. റിമോട്ട് വോട്ടിങ് മെഷീനിൽ അവസാന സ്ഥാനക്കാരനായുമാണ് മത്സരരംഗത്തുള്ളത്.
ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് തിരൂർ മണ്ഡലത്തിലാണ്. 2,55,441 വോട്ടർമാരാണ് തിരൂർ മണ്ഡലത്തിൽ ആകെയുള്ളത്.
ഇതിൽ 1,28,200 പുരുഷ വോട്ടർമാരും 1,27,229 സ്ത്രീ വോട്ടർമാരും 12 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്. 85 വയസ്സിന് മുകളിലുള്ള 494 പേരും ഭിന്നശേഷിക്കാരായ 711 പേരും ഇതിനോടകം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
9405 പ്രവാസി വോട്ടർമാരുള്ള തിരൂരിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ളത്. ഇതിൽ 8,631 പുരുഷ വോട്ടർമാരും 774 സ്ത്രീ പ്രവാസി വോട്ടർമാരുള്ളത്. 6,975 കന്നി വോട്ടർമാരാണ് തിരൂരിലുള്ളത്. ഇതിൽ 3,483 പുരുഷന്മാരും 3,492 സ്ത്രീകളുമാണുള്ളത്. 85 വയസ്സിനു മുകളിൽ 675 വോട്ടർമാരുള്ള തിരൂർ മണ്ഡലത്തിൽ ഇതിൽ 437 സ്ത്രീകളും 238 പുരുഷന്മാരും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ ഭിന്നശേഷി വോട്ടർമാരുള്ളതും തിരൂർ മണ്ഡലത്തിലാണ്. 2,416 പേർ. ഇതിൽ 1,378 പുരുഷന്മാരും 1037 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു.
