നിതിൻ രാജിന്റ മരണം: കോട്ട് ഊരി പ്രതിഷേധിച്ച് വിദ്യാർഥികൾ



കണ്ണൂർ: നിതിൻ രാജിന്റ മരണവുമായി ബന്ധപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർഥികൾ. രാവിലെ ക്യാമ്പസിന് മുന്നിൽ കോട്ട് ഊരി പ്രതിഷേധിച്ച ശേഷം വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തി. വിവിധ ആവശ്യങ്ങളുന്നയിച്ച് മാനേജ്മെന്റിന് കത്ത് നൽകിയിട്ടുണ്ട്.

ആരോപണവിധേയനായ ഡോ. റാമിനെ പുറത്താക്കണമെന്നാണ് പ്രധാനാവശ്യം. വിദ്യാർഥികളെ മാനസികമായി ഉപദ്രവിക്കുന്ന മറ്റു രണ്ട് അധ്യാപകർക്കെതിരെയും നടപടിയെടുക്കണം. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണം. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണം. മാനേജ്മെന്റുമായി വിദ്യാർഥികൾക്ക് നേരിട്ടു ബന്ധപ്പെടാനുള്ള സാഹചര്യമൊരുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉയർത്തിയത്. ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം വർഷ വിദ്യാർഥികളുടെ രക്ഷിതാക്കളും പ്രിൻസിപ്പലിന് പരാതി നൽകി. അക്കാദമിക് കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി രജിസ്ട്രാർക്കും കത്ത് നൽകിയിട്ടുണ്ട്. ഒന്നാം വർഷ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗവും ഇന്ന് കോളജിൽ എത്തിയിരുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് മാനേജ്മെന്റുമായി ചർച്ച നടത്തുകയും ചെയ്തു. മറ്റു ഡിപ്പാർട്മെന്റിലെ വിദ്യാർഥികളും ഇന്ന് നടത്തിയ സമരത്തിൽ പങ്കെടുത്തു. പി.കെ.എസ്, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകൾ ക്യാമ്പസിലേക്ക് ഇന്ന് പ്രതിഷേധം നടത്തി. നിതിന്റെ മരണത്തിൽ ഉത്തരവാദിയായ ഡോ. റാമിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് കമീഷൻ നിർദേശം നൽകി. തിരുവനന്തപുരം ഉഴമലയ്ക്കൽ കൊറ്റാമല സ്വദേശിയായ നിതിൻ രാജിനെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് കോളജ് കെട്ടിടത്തിൽനിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളി ലതയുടെയും മകനാണ് നിതിൻ. അധ്യാപകരിൽ നിന്നേറ്റ ക്രൂരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് വിദ്യാർഥിയുടെ മരണത്തിന് കാരണമെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു.

കോളജിലെ അധ്യാപകർക്കെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് നിതിൻ രാജിന്റെ പുറത്തുവന്ന ശബ്ദസന്ദേശം. നിറത്തിന്റെയും ജാതിയുടെയും പേരിൽ അധ്യാപകർ വിഡ്ഢിയെന്നും പട്ടിയെന്നും വിളിച്ച് അധിക്ഷേപിച്ചുവെന്നും മറ്റു വിദ്യാർഥികളുടെ മുമ്പിൽ വെച്ച് അപമാനിച്ചുവെന്നും ശബ്ദരേഖയിലുണ്ട്. അകാരണമായി ഇന്റേണൽ മാർക്ക് കുറച്ചു. അധിക്ഷേപത്തെ ചോദ്യം ചെയ്തപ്പോൾ കൈയും കാലും തല്ലിയൊടിക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയ വിവരവും പുറത്തുവന്ന സന്ദേശത്തിലുണ്ട്. സ്റ്റാഫ് റൂമിൽ വിദ്യാർഥികൾ ക്രൂരമായ മാനസിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു. സംഭവത്തെ തുടർന്ന് ആരോപണവിധേയരായ രണ്ട് അധ്യാപകരെ കോളജ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു.

സർക്കാരിന്റെ ഭാഗത്തുനിന്നും കർശന നടപടികൾ ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പഠനത്തിനായി ഗ്രാൻഡ് വാങ്ങുന്നതിന്റെ പേരിൽ ദലിത് വിദ്യാർഥികൾ അപമാനിക്കപ്പെടുന്നത് കേരളത്തിന് തലകുനിക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പ്രതികരിച്ചു. സിദ്ധാർഥന്റെ വിഷയത്തിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും അന്ന് കർശന നടപടി എടുത്തിരുന്നെങ്കിൽ ഇത്തരം ഒരു സംഭവം വീണ്ടും ഉണ്ടാകുമായിരുന്നില്ലെന്നും വി.ഡി. സതീശൻ വിമർശിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്‌.യു പൊലീസ് മേധാവിക്കും പട്ടികജാതി-പട്ടികവർഗ കമീഷനും പരാതി നൽകി. എസ്.എഫ്.ഐയും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. മരണത്തിലെ ദുരൂഹത കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.