ചരിത്രം കുറിച്ച് ആർ. വൈശാലി; കാൻഡിഡേറ്റ്സ് ചാമ്പ്യനാവുന്ന ആദ്യ ഇന്ത്യൻ വനിത

പാഫോസ് (സൈപ്രസ്): ലോക ചെസ് ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് നാട്ടി ഇന്ത്യ. ഫിഡെ വനിത കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ആർ. വൈശാലി ചാമ്പ്യനായി. കാൻഡിഡേറ്റ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് വൈശാലി. അവസാന റൗണ്ടിൽ റഷ്യയുടെ കാറ്റെറിന ലാഗ്നോയെ പരാജയപ്പെടുത്തിയാണ് ഈ വർഷം അവസാനം നടക്കുന്ന ലോക ചാമ്പ്യൻഷിപ് പോരാട്ടത്തിൽ ചൈനയുടെ ജൂ വെൻജുന്നിനെ നേരിടാൻ തമിഴ്നാട്ടുകാരി യോഗ്യത നേടിയത്. വൈശാലിക്ക് എട്ടര പോയന്റ് ലഭിച്ചു. ഓപൺ വിഭാഗത്തിൽ ഉസ്ബകിസ്താന്റെ ജാവോഖിർ സിന്ദരോവും ജേതാവായി.
14 റൗണ്ടുകൾ നീണ്ടതായിരുന്നു കാൻഡിഡേറ്റ്സ് പോരാട്ടം. അഞ്ച് ജയവും ഏഴ് സമനിലയിലും രണ്ട് തോൽവിയുമാണ് വൈശാലിയുടെ സമ്പാദ്യം. കസാഖ്സ്താന്റെ ബിബിസാര അസ്സുവാബയേവ എട്ട് പോയന്റുമായി രണ്ടാംസ്ഥാനത്തെത്തി. അവസാന ഗെയിമിൽ ഇന്ത്യയുടെ ലോകകപ്പ് ചാമ്പ്യൻ ദിവ്യ ദേശ്മുഖിനോട് സമനില വഴങ്ങിയതാണ് അസ്സുവാബയേവയുടെ സാധ്യതകൾ ഇല്ലാതാക്കിയത്. ലോകത്തെ മികച്ച എട്ട് താരങ്ങൾ പങ്കെടുത്ത വനിത ടൂർണമെന്റിൽ വൈശാലിയും ദിവ്യയുമായിരുന്നു ഇന്ത്യൻ പ്രതിനിധികൾ. അഞ്ചര പോയന്റുള്ള ദിവ്യ ഏഴാമതായി. കൊനേരു ഹംപിയാണ് ഇതിന് മുമ്പ് ലോക ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ഏക ഇന്ത്യക്കാരി. ഹംപി പക്ഷേ കാൻഡിഡേറ്റ്സ് ടൂർണമെന്റ് വഴിയല്ല യോഗ്യത നേടിയത്.
അതേസമയം, ഓപൺ വിഭാഗം ജേതാവായ സിന്ദരോവിന് ഒമ്പതര പോയന്റുണ്ട്. അവസാന ഗെയിമിൽ ചൈനയുടെ വെയ് ഇല്യുമായി സമനില വഴങ്ങി ഒന്നാം സ്ഥാനം ഉറപ്പിച്ചു താരം. ഇന്ത്യൻ സാന്നിധ്യവും വൈശാലിയുടെ സഹോദരനുമായ ആർ. പ്രഗ്നാനന്ദ അമേരിക്കൻ താരം ഹിക്കാരു നകാമുറയുമായി സമനിലയിൽ പിരിഞ്ഞ് ആറ് പോയന്റ് നേടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ജർമനിയുടെ മാറ്റിയാസ് ബ്ലൂബോമിനെ പരാജയപ്പെടുത്തിയ നെതർലൻഡ്സിന്റെ അനിഷ് ഗിരി രണ്ടാം സ്ഥാനത്തെത്തി. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ ഡി. ഗു കേഷിനെയാണ് സിന്ദരോവ് നേരിടുക.
