ഇത് ലോസ്റ്റർ സിറ്റി! 2016ലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു

ലണ്ടൻ: 2015-16 ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുമ്പോൾ ലെസ്റ്റർ സിറ്റി ചാമ്പ്യന്മാരാവാൻ വാതുവെപ്പുകാർ കൽപിച്ച സാധ്യത അയ്യായിരത്തിൽ ഒന്നായിരുന്നു. എന്നാൽ, അവിശ്വസനീയമായത് സംഭവിച്ചു. ആഴ്സനലിനെതിരെ 10 പോയന്റ് ലീഡോടെ ലെസ്റ്റർ പ്രീമിയർ ലീഗ് രാജാക്കന്മാരായി.

2021ൽ എഫ്.എ കപ്പും കമ്യൂണിറ്റി ഷീൽഡും നേടിയവരാണ് ‘ദ ഫോക്സസ്’. ആ ടീം 2026-27 സീസണിൽ ഇംഗ്ലീഷ് ഫുട്ബാളിന്റെ മൂന്നാം നിരയിൽ കളിക്കാൻ പോവുന്നുവെന്നത് ആരാധകരെ സംബന്ധിച്ച് മറ്റൊരു അതിശയമാണ്. 2024-25ൽ പ്രീമിയർ ലീഗിൽനിന്ന് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടതായിരുന്നു ലെസ്റ്റർ. രണ്ടാം നിരയായ ചാമ്പ്യൻഷിപ്പിൽ പോയന്റ് പട്ടികയിൽ താഴെ നിന്ന് രണ്ടാമതാണിപ്പോൾ.

ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഹൾ സിറ്റിയുമായി 2-2ന് സമനില വഴങ്ങിയതോടെയാണ് ലെസ്റ്ററിന്റെ തരംതാഴ്ത്തൽ ഉറപ്പായത്. നിലനിൽപിനായി ഈ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. സാമ്പത്തിക നിയമങ്ങൾ ലംഘിച്ചതിന് ഫെബ്രുവരിയിൽ ആറ് പോയന്റുകൾ വെട്ടിക്കുറച്ചതാണ് ലെസ്റ്ററിന് തിരിച്ചടിയായത്. 2017ലെ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിലെത്തിയിരുന്നു ലെസ്റ്റർ. പിറ്റേവർഷം ക്ലബ് ഉടമ വിച്ചായ് ശ്രീവദ്ദനപ്രഭ ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ചതിന് ശേഷം വലിയ തകർച്ചകൾ നേരിട്ടു.

142 വർഷത്തെ ചരിത്രത്തിൽ ഇതിനുമുമ്പ് 2008-09 സീസണിൽ മാത്രമാണ് ലെസ്റ്റർ മൂന്നാം നിരയിൽ കളിച്ചിട്ടുള്ളത്. പ്രീമിയർ ലീഗുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ ഉണ്ടാകുന്ന വൻ ഇടിവ് ക്ലബിന് വരുംവർഷങ്ങളിൽ വലിയ സാമ്പത്തിക വെല്ലുവിളിയാകും.