വിദ്വേഷ പരാമര്‍ശം; ടി.ജി മോഹന്‍ദാസിന് ജാമ്യം

തിരുവനന്തപുരം: ഡല്‍ഹിയിലെ സിജെപി സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ സാമൂഹികമാധ്യമം വഴി അധിക്ഷേപിക്കുകയും വെടിവെച്ചു കൊല്ലുമെന്ന പ്രസ്താവന നടത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായ സംഘ്പരിവാര്‍ സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസിന് ജാമ്യം. തിരുവനന്തപുരം എസിജെഎം കോടതിയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. ഇന്നലെയാണ് മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കലാപാഹ്വാനമുള്‍പ്പെടെ നാല് കുറ്റങ്ങള്‍ ചുമത്തിയിരുന്നു. സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന് കോടതി നിർദേശിച്ചു.
ടി.ജി മോഹന്‍ദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചുവെന്നും പൊതുസമാധാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കലാപാഹ്വാനം നടത്തിയത് ഗുരുതര കുറ്റമാണ്. ജാമ്യം അനുവദിച്ചാല്‍ പ്രതി ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കും. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുണ്ട്. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരേണ്ടത് അനിവാര്യമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, പ്രതിയുടെ പ്രായവും ആരോഗ്യവും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന നിര്‍ദേശവും നല്കി.
വിദ്വേഷ പരാമർശത്തില്‍ കേസെടുത്ത് 11-ാം ദിവസമാണ് ഇന്നലെ മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയ തിരുവനന്തപുരത്തുനിന്നുള്ള സൈബര്‍ പൊലീസ് സംഘം മോഹന്‍ദാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇയാളുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തിരുന്നു.
ജന്തര്‍മന്തറിലെ സമരക്കാരെ താനായിരുന്നെങ്കില്‍ വെടിവയ്ക്കുമായിരുന്നു, സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ബലാത്സംഗം ഇഷ്ടപ്പെടുന്നവരായിരുന്നു എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണ് സാമൂഹികമാധ്യമം വഴി മോഹന്‍ദാസ് നടത്തിയത്. ജൂലൈ 29നാണ് ഇയാള്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. കടുത്ത വിദ്വേഷ പ്രസംഗം നടത്തിയിട്ടും മോഹൻദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
