കോഴിക്കോട് ഒരു വീട്ടിൽനിന്നും അഞ്ചു ശങ്കുവരയനെ കണ്ടെത്തി, പേരാമ്പ്രയിൽ യുവതിക്ക് കടിയേറ്റു
കോഴിക്കോട്: ചൂടുകൂടിയതിനാൽ പാമ്പുകടിയിൽ ശമനമില്ലാതെ സംസ്ഥാനം. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിലെ തലയണക്കടിയിൽനിന്ന് ശങ്കുവരയൻ പാമ്പിനെ കണ്ടെത്തി. മീത്തലെ കാപ്പുമ്മൽ രമേശന്റെ വീട്ടിൽനിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ഒരു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും കിടന്നുറങ്ങിയ കട്ടിലിന്റെ തലയണക്ക് അടിയിൽനിന്ന് ഞായറാഴ്ച രാവിലെയാണ് പാമ്പിനെ കണ്ടത്. ആദ്യം തലയണക്ക് അടിയിലാണ് ഒരു പാമ്പിനെ കണ്ടത്. അതിനെ മാറ്റിയ ശേഷം എട്ടു വയസ്സുള്ള കുട്ടി ബാത്ത് റൂമിൽ കയറിയപ്പോൾ അവിടെയും ഒരു വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി. രണ്ടു പാമ്പുകളെ കണ്ടെത്തിയതോടെ രമേശൻ വീടിന്റെ മറ്റു റൂമുകൾ പരിശോധിക്കുമ്പോൾ വീണ്ടും ഒരു പാമ്പിനെ കൂടി കണ്ടെത്തുകയായിരുന്നു. രാത്രിയിൽ പ്രദേശശവാസികളെത്തി വീടും പരിസരവും ഒന്നുകൂടി പരിശോധിച്ചപ്പോൾ രണ്ട് വെള്ളിക്കെട്ടൻ പാമ്പുകളെ കൂടി കണ്ടെത്തി.
ഈ വീട്ടിൽനിന്ന് ആകെ അഞ്ച് വെള്ളിക്കെട്ടൻ പാമ്പുകളെയാണ് കണ്ടെത്തിയത്. ആർക്കും അപകടം പറ്റിയില്ല എന്നതിൽ ആശ്വസിക്കുമ്പോഴും ഭീതി ഒഴിയുന്നില്ലെന്ന് രമേശൻ പറഞ്ഞു. അച്ഛനും അമ്മയും, ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ആറുപേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭിത്തികൾ എല്ലാം സിമന്റ് ചെയ്ത് നിലം മുഴുവനായും ടൈൽ പാകിയ വീട്ടിനുള്ളിലാണ് പാമ്പുകളെ കണ്ടത്. എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകൻ കൂടിയായ രമേശൻ പറഞ്ഞു.
പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിലിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്ജലിക്കാണ് (36) കടിയേറ്റത്. ശംഖുവരയൻ ഇനത്തിൽപെട്ട പാമ്പാണ് കടിച്ചത്. പാമ്പിനെ പിന്നീട് വീടിന്റെ ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. കടിയേറ്റ അടയാളം കണ്ടതിനെ തുടർന്ന് അഞ്ജലിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിന്നിട് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിട്ടുണ്ടെന്നു വീട്ടുകാർ അറിയിച്ചു.
