ഇറാൻ ലോകകപ്പ് കളിക്കും; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഫിഫ പ്രസിഡന്റ്

രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും 2026-ലെ ഫിഫ ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ നിന്ന് ഇറാൻ വിട്ടുനിന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം.

വാങ്കൂവറിൽ നടന്ന 76-ാമത് ഫിഫ കോൺഗ്രസിൽ സംസാരിക്കവെയാണ് ഇൻഫാന്റിനോ നിലപാട് വ്യക്തമാക്കിയത്. “വിവാദങ്ങൾ എഴുതാൻ ആഗ്രഹിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ഇറാൻ 2026 ലോകകപ്പിലുണ്ടാകും. അവർ അമേരിക്കയിൽ കളിക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

ലോകം വിഭജിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ഫുട്ബോളിന്റെ ദൗത്യമെന്ന് ഇൻഫാന്റിനോ ഓർമ്മിപ്പിച്ചു. “നമ്മൾ ലോകത്തെ ഒന്നിപ്പിക്കണം. ഫുട്ബോളിനും ഫിഫക്കും അതിനുള്ള കരുത്തുണ്ട്. ലോകത്ത് പ്രശ്നങ്ങൾ ധാരാളമുണ്ട്, വിഭജിക്കാൻ നോക്കുന്നവരും ഏറെയാണ്. എന്നാൽ നമ്മൾ പോസിറ്റീവായിരിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേൽ-അമേരിക്കൻ ബന്ധങ്ങളിലെ അസ്വാരസ്യങ്ങളെത്തുടർന്ന് ഇറാൻ ടീമിനെ അമേരിക്കയിലേക്ക് അയക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വാങ്കൂവറിൽ നടന്ന ഫിഫ കോൺഗ്രസിൽ പങ്കെടുക്കാൻ എത്തിയ ഇറാൻ പ്രതിനിധികളെ കാനഡ തടഞ്ഞതായും വാർത്തകൾ പുറത്തുവന്നിരുന്നു. 211 അംഗരാജ്യങ്ങളിൽ ഇറാൻ പ്രതിനിധികൾ മാത്രമാണ് കോൺഗ്രസിൽ പങ്കെടുക്കാതിരുന്നത്. കാനഡ തങ്ങളുടെ വിസ റദ്ദാക്കിയതായി ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ ആരോപിച്ചിരുന്നു.

ഇതിനിടെ ഫിഫ കോൺഗ്രസിൽ ഇസ്രായേൽ പ്രതിനിധിയുമായി വേദി പങ്കിടാനും ഹസ്തദാനം ചെയ്യാനും ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജിബ്രീൽ റജൂബ് വിസമ്മതിച്ചു. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കടന്നുകയറ്റങ്ങളിലും വംശഹത്യയിലും പ്രതിഷേധിച്ചായിരുന്നു രാജൂബിന്റെ നടപടി. ഇരുവർക്കുമിടയിൽ അനുരഞ്ജനത്തിന് ശ്രമിച്ച ഇൻഫാന്റിനോ, ഇരുവരും കൈകൊടുക്കണമെന്ന് ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടെങ്കിലും രാജൂബ് ഇതിന് വഴങ്ങിയില്ല.

എന്നാൽ ഈ തർക്കങ്ങളൊന്നും ഇറാന്റെ ലോകകപ്പ് പങ്കാളിത്തത്തെ ബാധിക്കില്ലെന്ന് ഫിഫ ഉറപ്പുനൽകി. 48 ടീമുകൾ പങ്കെടുക്കുന്ന 2026 ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമാകും ഇറാന്റേത്. ഗ്രൂപ്പ് ജിയിലാണ് ഇറാൻ മത്സരിക്കുന്നത്. ഇറാന്റെ മൂന്ന് മത്സരങ്ങളും അമേരിക്കയിലാണ് നടക്കുക. രണ്ട് മത്സരങ്ങൾ ലോസ് ഏഞ്ചൽസിലും, ഒന്ന് സീറ്റിലിലും നടക്കും. ടൂർണമെന്റ് സമയത്ത് ടീമിന്റെ ആസ്ഥാനം അരിസോണയിലെ ട്യൂസൺ ആയിരിക്കും. ഇറാൻ താരങ്ങൾക്ക് അമേരിക്കയിൽ സുരക്ഷാ ഭീഷണിയുണ്ടായേക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത് തള്ളിക്കളഞ്ഞ ഫിഫ, സ്പോർട്സ് സമാധാനത്തിന്റെ വഴിയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.