വള്ളിക്കുന്നിൽ ഡെങ്കിപ്പനി; ഞായറാഴ്ച വാർഡിൽ പൊതു ശുചീകരണം നടത്തും

വള്ളിക്കുന്ന്: ഗ്രാമ പഞ്ചായത്തിൽ ഒലിപ്രം തിരുത്തിയിൽ ഡെങ്കിപ്പനി ബാധ. ഒരു മാസത്തിനിടയിൽ നാല് പേർക്ക് ഡെങ്കി പനി റിപ്പോർട്ട്‌ ചെയ്തു. ഡെങ്കി പനിയുടെ വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രശ്ന ബാധിത സ്ഥലത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സ്മിത, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ മുഴുവൻ വീടുകളും പരിശോധിച്ച് കൊതുകിന്റെ ഉറവിട നശീകരണം നടത്തി.

അടിയന്തര സാഹചര്യത്തിൽ വൈകീട്ട് ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേഷ് ബാബു, വാർഡ് മെംബർ ടി.വി. വിബി, ആശ വർക്കർ സീന ഹരിദാസിന്റെയും നേതൃത്വത്തിൽ സാനിറ്റേഷൻ കമ്മിറ്റി രൂപവത്കരിച്ചു. കൊതുക് ജന്യ രോഗങ്ങളെ കുറിച്ചും അവക്കെതിരായ പ്രതിരോധ മാർഗങ്ങളെ കുറിച്ചും വിശദമായി ക്ലാസെടുത്തു. 10ന് വാർഡിൽ പൊതു ശുചീകരണം നടത്താനും തീരുമാനിച്ചു.