വിനേഷ് ഫോഗട്ടിനെ ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ റെസ്‌ലിംഗ് ഫെഡറേഷൻ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ട്രയൽസിൽ വിനേഷ് ഫോഗട്ടിനെ പങ്കെടുക്കാൻ അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഹരജി വെള്ളിയാഴ്ച പരിഗണിക്കും.

മെയ് 22-ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഫോഗട്ടിന് ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. അമ്മയായി എന്നത് ഒഴിവാക്കലിനുള്ള കാരണമാകരുതെന്നാണ് കോടതി നിരീക്ഷിച്ചത്. രാജ്യത്തിനായി നിരവധി നേട്ടങ്ങൾ കൈവരിച്ച അന്താരാഷ്ട്ര പ്രശസ്തി നേടിയ ഗുസ്തി താരമായ വിനേഷ് ഫോഗട്ടിന് പ്രസവാവധിയിലായിരുന്നിട്ടുകൂടി ഫെഡറേഷന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിഞ്ഞില്ല എന്ന കാരണത്താലാണ് അവസരം നിഷേധിക്കപ്പെട്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വനിതാ കായികതാരങ്ങൾ നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാണിച്ച ഹൈക്കോടതി പ്രസവവുമായി ബന്ധപ്പെട്ട് വനിതാ അത്ലറ്റുകൾ അനുഭവിക്കുന്ന ശാരീരിക യാഥാർഥ്യങ്ങളെയും പ്രതിസന്ധികളെയും വിസ്മരിക്കാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നു. വിനേഷ് ഫോഗട്ടിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിന് ഡബ്ല്യു.എഫ്.ഐയെ കോടതി കഠിനമായി വിമർശിച്ചു. ഫെഡറേഷന്റെ നടപടിയെ പ്രതികാരബുദ്ധിയോടെയുള്ളത് എന്നാണ് കോടതി വിശേഷിപ്പിച്ചത്.

പാരീസ് ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ പോരാട്ടത്തിന് മുന്നോടിയായി ശരീരഭാരം കൂടിയതിനെ തുടർന്ന് അയോഗ്യയാക്കപ്പെട്ടത് ദേശീയതലത്തിൽ നാണക്കേടുണ്ടാക്കി എന്ന് ആരോപിച്ചായിരുന്നു ഫെഡറേഷൻ ഫോഗട്ടിന് നോട്ടീസ് നൽകിയിരുന്നത്.