ഇന്തോനേഷ്യൻ ഓപ്പൺ: സിന്ധുവും അർജുൻ – ഹരിഹരൻ സഖ്യവും രണ്ടാം റൗണ്ടിൽ

ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയത്തുടക്കവുമായി ഇന്ത്യൻ സൂപ്പർ താരം പി.വി സിന്ധു. വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ തായ്‌ലൻഡിന്റെ ബുസാനൻ ബുസാനൻ ഓങ്ബാംറുങ്ഫാനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം (സ്കോർ: 25-23, 21-16). ബുസാനനെതിരെ സിന്ധു നേടുന്ന തുടർച്ചയായ 11-ാമത്തെ വിജയമാണിത്. ഇതോടെ ഇരുവരും തമ്മിൽ ഇതുവരെ ഏറ്റുമുട്ടിയ മത്സരങ്ങളുടെ കണക്കിൽ 21-1 എന്ന വമ്പൻ ആധിപത്യം നേടാനും സിന്ധുവിന് കഴിഞ്ഞു.
ഈ ആഴ്ച പുറത്തുവന്ന ലോക റാങ്കിങ്ങിൽ വീണ്ടും ആദ്യ പത്തിൽ തിരിച്ചെത്തിയ സിന്ധുവിന് പ്രീക്വാർട്ടറിൽ കടുത്ത വെല്ലുവിളിയാണുളളത്. ലോക ഒന്നാം നമ്പർ താരമായ ദക്ഷിണ കൊറിയയുടെ ആൻ സെ-യങ്ങിനെയാണ് വ്യാഴാഴ്ച നടക്കുന്ന പ്രീക്വാർട്ടറിൽ സിന്ധു നേരിടുക. ആൻ സെ-യങ്ങിനെതിരെ ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളിലും സിന്ധു പരാജയപ്പെട്ടിരുന്നു. എങ്കിലും നിലവിലെ മികച്ച ഫോം കൊറിയൻ താരത്തിനെതിരെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സിന്ധു.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ എം.ആർ. അർജുൻ – ഹരിഹരൻ അംസകരുണൻ സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. ഇന്തോനേഷ്യയിലെ പ്രശസ്തമായ ഇസ്റ്റോറ സെനയൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2016 ഒളിമ്പിക്സ് മെഡൽ ജേതാവായ മലേഷ്യയുടെ ടാൻ വീ കിയോങ് – നൂർ മുഹമ്മദ് അസ്റിയൻ സഖ്യത്തെയാണ് ഇവർ അട്ടിമറിച്ചത്. വെറും 33 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ 21-18, 21-10 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ അനായാസ ജയം.
എന്നാൽ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ മാളവിക ബൻസോദ് പരാജയപ്പെട്ട് പുറത്തായി. ഏഴാം സീഡായ തായ്‌ലൻഡിന്റെ പോൺപാവീ ചോചുവോങ് ആണ് 21-12, 21-10 എന്ന സ്കോറിന് മാളവികയെ കീഴടക്കിയത്. പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് കോർട്ടിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന ട്രീസ ജോളി തിരിച്ചെത്തിയെങ്കിലും, വനിതാ ഡബിൾസിൽ ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് സഖ്യവും ആദ്യ റൗണ്ടിൽ തോൽവി വഴങ്ങി. ഇന്തോനേഷ്യൻ സഖ്യത്തോട് 21-14, 21-12 എന്ന സ്കോറിനായിരുന്നു ലോക 41-ാം നമ്പർക്കാരായ ഇന്ത്യൻ താരങ്ങളുടെ പരാജയം. മിക്സഡ് ഡബിൾസിൽ ധ്രുവ് കപില – തനിഷ ക്രാസ്റ്റോ സഖ്യവും ആറാം സീഡായ ചൈനീസ് സഖ്യത്തോട് പരാജയപ്പെട്ടു.
പുരുഷ സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷകളായിരുന്ന ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത് എന്നിവർ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ലക്ഷ്യ സെൻ ഇന്തോനേഷ്യയുടെ അൽവി ഫർഹാനോട് പരാജയപ്പെട്ടു (21-19, 21-16). കഴിഞ്ഞ ആഴ്ച ലോക ഒന്നാം നമ്പർ താരം ഷി യുക്വിയെ പരാജയപ്പെടുത്തി വാർത്തകളിൽ നിറഞ്ഞ ഇന്തോനേഷ്യൻ യുവതാരത്തിന് മുന്നിൽ ആദ്യ ഗെയിമിൽ പൊരുതി നോക്കിയെങ്കിലും ലക്ഷ്യയ്ക്ക് പിടിച്ചുനിൽക്കാനായില്ല. മറ്റൊരു മത്സരത്തിൽ കിഡംബി ശ്രീകാന്ത് ജപ്പാന്റെ യുഷി ടനാകയോടും പരാജയം ഏറ്റുവാങ്ങി (21-19, 21-15). ഇന്ത്യൻ താരങ്ങളായ എച്ച്.എസ് പ്രണോയ്, ആയുഷ് ഷെട്ടി എന്നിവർ ബുധനാഴ്ച കോർട്ടിലിറങ്ങും.
