സുകൂർ, നിലത്തുവീണ സ്വർണം

ഒരു കാലത്ത് രാജ്യമൊട്ടുക്കും മുഴങ്ങിയ, മാതാപിതാക്കൾ മക്കൾക്ക് പേരിടാൻ കണ്ടുവെച്ച, ലോകത്തെവിടെയും തുർക്കിയയുടെ അഭിമാനമായ നാമം. ആ പേര് ഉച്ചരിച്ചതിനാണ് തുർക്കിഷ് ടെലിവിഷൻ ആൻഡ് റേഡിയോ കോർപറേഷനിലെ കമന്റേറ്റർ അഹ്‍ൽപെർ ബകുർജീലിന് 2022 ലോകകപ്പിലെ മൊറോക്കോ-കാനഡ മത്സരത്തിന്റെ ഹാഫ്ടൈമിൽ തന്നെ ജോലി നഷ്ടമായത്. ബകുർജീൽ സ്വാഭാവികമായി ഉച്ചരിച്ച ആ പേര് ഇതായിരുന്നു-ഹാകൻ സുകൂർ! കളിയുടെ തുടക്കത്തിൽ തന്നെ മൊറോക്കോ ഒരു ഗോൾ നേടിയപ്പോൾ, ലോകകപ്പിലെ അതിവേഗ ഗോൾ ഹാകൻ സുകൂറിന്റെ പേരിലാണ് എന്നാണ് ബകുർജീൽ പ്രേക്ഷകരെ ഓർമിപ്പിച്ചത്. എന്നാൽ, തുർക്കിയയുടെ രാഷ്ട്രീയ, ഭരണകൂട വൃത്തങ്ങളിൽ

അത്രക്കും അനഭിമതനായി മാറിക്കഴിഞ്ഞിരുന്നു സുകൂർ അന്ന്. ബകുർജീലിന് തന്റെ പേരിൽ ജോലി നഷ്ടപ്പെടുമ്പോൾ സുകൂർ തുർക്കിയയിൽ പോലുമുണ്ടായിരുന്നില്ല. അമേരിക്കയിൽ രാഷ്ട്രീയ അഭയാർഥിയായി കഴിയുകയായിരുന്നു തുർക്കിയയുടെ എക്കാലത്തെയും മികച്ച ഫുട്ബാൾ താരം. ഇത്തവണ യു.എസിൽ നടക്കുന്ന ലോകകപ്പിന് തുർക്കിയ ബൂട്ടുകെട്ടിയിറങ്ങുമ്പോഴും 54കാരനായ സുകൂർ കലിഫോർണിയയിൽ തന്നെയുണ്ട്. കഫേ നടത്തിപ്പുകാരൻ മുതൽ ഫുട്ബാൾ പരിശീലകൻ വരെയുള്ള വേഷങ്ങൾ കെട്ടിയാടിക്കൊണ്ട്…

വിവാഹ ആൽബത്തിലെ കഥാപാത്രങ്ങൾ

കളിക്കുന്ന കാലത്ത് ബോസ്ഫറസിലെ കാളക്കൂറ്റൻ എന്നറിയപ്പെട്ടിരുന്ന ഹാകൻ സുകൂറിന് സംഭവിച്ചത് എന്താണ്? ഒരു ഫുട്ബാൾ താരത്തിന്റെ കരിയറിലെ കയറ്റിറക്കങ്ങളേക്കാൾ നാടകീയമാണ് കളത്തിനുപുറത്ത് സുകൂറിന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ. തൊണ്ണൂറുകളിൽ തുർക്കിയയിലെ ഏറ്റവും ജനപ്രിയ മുഖമായിരുന്നു അൽബേനിയൻ വംശജനായ സുകൂർ. 1995ൽ എസ്ര എൽബിർലിക്കുമായുള്ള സുകൂറിന്റെ വിവാഹത്തിനു കാർമികത്വം വഹിച്ചത് ഇസ്തംബൂൾ മേയർ റജബ് തയ്യിബ് ഉർദുഗാൻ, രാജ്യത്തെ ഏറ്റവും സ്വാധീനശേഷിയുള്ള മതപണ്ഡിതൻ ഫത്ത്ഹുല്ല ഗുലൻ തുടങ്ങിയവരാണ്. തുർക്കിയ ദേശീയ ടെലിവിഷൻ തത്സമയം സംപ്രേഷണം ചെയ്ത ആ വിവാഹത്തിന്റെ മധുവിധുകാലം പക്ഷേ അധികമുണ്ടായിരുന്നില്ല. നാലുമാസങ്ങൾക്കകം സുകൂറും എസ്രയും വേർപിരിഞ്ഞു.

1999ൽ തുർക്കിയയിലുണ്ടായ ഭൂകമ്പത്തിൽ എസ്രയും കുടുംബവും മരണമടയുകയും ചെയ്തു. ദുഃസ്മൃതി പോലെയായ ആ വിവാഹ ആൽബത്തിലെ കഥാപാത്രങ്ങൾ പിന്നീടും സുകൂറിനെ വിടാതെ പിന്തുടർന്നു. പിന്നീട് തുർക്കിയ പ്രധാനമന്ത്രിയും പ്രസിഡന്റുമായ ഉർദുഗാനായിരുന്നു അതിൽ കേന്ദ്രസ്ഥാനത്ത്. ഉർദുഗാന്റെ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിയിൽ ചേർന്ന സുകൂർ 2011ൽ തുർക്കിയ ഗ്രാൻഡ് നാഷനൽ അസംബ്ലിയിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. എന്നാൽ, ആ രാഷ്ട്രീയ വിവാഹവും അധികകാലം നീണ്ടില്ല. ഉർദുഗാന്റെ കടുത്ത വിമർശകനായ ഗുലനുമായി അടുപ്പത്തിലായതോടെ സുകൂർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. സ്വതന്ത്ര എം.പിയായി തുടർന്നു. എന്നാൽ, രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ തന്റെ പൊതുപ്രവർത്തനത്തെയും ബിസിനസിനെയും വരിഞ്ഞുമുറുക്കിയതോടെ 2015ൽ സുകൂർ ആ തീരുമാനമെടുത്തു, രാജ്യം വിടുക.

അതെത്ര നല്ല തീരുമാനം ആയിരുന്നുവെന്ന് വൈകാതെ തെളിഞ്ഞു. 2016ൽ രാജ്യത്ത് നടന്ന അട്ടിമറിശ്രമത്തിൽ പ്രതിസ്ഥാനത്തായത് ഗുലനിസ്റ്റുകളാണ്. അമേരിക്കയിലെ പെൻസൽവേനിയയിൽ നിന്ന് തുർക്കിയയിലെ പ്രതിപക്ഷ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ഗുലന്റെ അനുയായികളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. കൂട്ടത്തിൽ സുകൂറിനെതിരെയും വാറന്റ് പുറപ്പെടുവിക്കപ്പെട്ടു. രാജ്യത്ത് കാലുകുത്തിയാൽ അറസ്റ്റ് ചെയ്യണം എന്നായിരുന്നു അത്. സുകൂറിന്റെ പിതാവ് അറസ്റ്റ് ചെയ്യപ്പെട്ടു.

നാട്ടിലേക്കുള്ള മടങ്ങിവരവ് എന്ന സുകൂറിന്റെ ആഗ്രഹം അതോടെ അവസാനിച്ചു. ഭാര്യ ബെയ്ഡയെയും മൂന്നു മക്കളെയും യു.എസിലേക്ക് കൊണ്ടുവന്ന അദ്ദേഹം കാലിഫോർണിയയിലെ പൗലോ അൾട്ടോയിൽ താമസമാക്കി. പ്രശസ്തമായ സിലിക്കൺ വാലിയുടെ ഭാഗമായ അവിടെ ഒരു സുഹൃത്തിനൊപ്പം ടുട്ട്സ് ബേക്കറി ആൻഡ് കഫേ നടത്തിയാണ് സുകൂർ ആദ്യകാലം കഴിച്ചുകൂട്ടിയത്. പിന്നീട് ഊബർ ഡ്രൈവർ മുതൽ പുസ്തക വിൽപനക്കാരൻ വരെയുള്ള ജോലികൾ ചെയ്തെന്ന് സുകൂർ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. ഒടുവിൽ 2023ലാണ് സുകൂർ തന്റെ ഇഷ്ടജോലിയിൽ തിരിച്ചെത്തിയത്. പൗലോ അൾട്ടോയിലെ ഫുട്ബാൾ അക്കാദമിയിൽ പരിശീലകനാണ് അദ്ദേഹമിപ്പോൾ.

രേഖകളിലില്ല, ഓർമകളിലുണ്ട്

തന്റെ നല്ലകാലത്തെക്കുറിച്ചുള്ള ഓർമകളെല്ലാം മായാതെ കിടപ്പുണ്ട് ഇപ്പോഴും സുകൂറിന്റെ മനസ്സിൽ. ‘2002 ലോകകപ്പിലെ അതിവേഗ ഗോളിന്റെ പേരിലാണ് തുർക്കിയക്ക് പുറത്തുള്ളവർ ഇപ്പോഴും എന്നെ ഓർക്കുന്നത്. എന്നാൽ, രാജ്യത്തിനുവേണ്ടി ഞാൻ നേടിയ 51 ഗോളുകളും എനിക്ക് പ്രിയപ്പെട്ടതാണ്’ -സുകൂറിന്റെ വാക്കുകൾ.

കൗതുകകരമായി തോന്നാം, ലോകകപ്പിൽ സുകൂറിന്റെ ഒരേയൊരു ഗോൾ ദക്ഷിണ കൊറിയക്കെതിരെ മൂന്നാം സ്ഥാന മത്സരത്തിൽ നേടിയ ആ ഗോളായിരുന്നു. രാജ്യത്തിനു പുറമേ ക്ലബ് ഫുട്ബാളിൽ തുർക്കിഷ് ക്ലബ് ഗലറ്റസറെയുടെ റെക്കോഡ് ഗോൾ സ്കോററുമാണ് സുകൂർ. ഗലറ്റസറെയെ 2000ത്തിൽ യുവേഫ കപ്പ് ജേതാക്കളാക്കിയതായിരുന്നു സുകൂറിന്റെ ക്ലബ് കരിയറിലെ സുവർണ നിമിഷം. കോപ്പൻഹേഗനിലെ പാർക്കെൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിന്റെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സനലിനെ തോൽപിച്ചാണ് ഗലറ്റസറെ യൂറോപ്യൻ ട്രോഫി നേടുന്ന ആദ്യ തുർക്കിയ ക്ലബ് ആയത്. ഇടക്കാലത്ത് ഇറ്റാലിയൻ ക്ലബായ ടൊറീനോ, ഇന്റർ മിലാൻ, പാർമ, ഇംഗ്ലീഷ് ക്ലബ് ബ്ലാക്ക്ബേൺ റോവേഴ്സ് എന്നിവക്കെല്ലാം വേണ്ടി കളിക്കാൻ പോയെങ്കിലും ഗലറ്റസറെയുടെ ചുവപ്പും സുവർണവും കലർന്ന ജഴ്സിയിലാണ് സുകൂർ ഒരു സ്ട്രൈക്കറെന്ന നിലയിൽ സംഹാരരൂപം പൂണ്ടത്. എന്നാൽ, 2017ൽ സർക്കാർ സമ്മർദത്തെത്തുടർന്ന് ഗലറ്റസറെ അധികൃതർ സുകൂറിന്റെ അംഗത്വം റദ്ദാക്കി. രേഖകളിൽനിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തു.

തന്റെ ഇപ്പോഴത്തെ അവസ്ഥ സുകൂർ സ്വയം വരുത്തിവെച്ചതാണെന്ന അഭിപ്രായമുള്ളവരും തുർക്കിയയിലുണ്ട്. അധികാരികളുമായുള്ള അതിരുവിട്ട ചങ്ങാത്തമാണ് സുകൂറിന്റെ പേര് നഷ്ടപ്പെടുത്തിയത് എന്നാണ് അവരുടെ പക്ഷം. പക്ഷേ, സുകൂർ എന്ന രാഷ്ട്രീയ വ്യക്തിയോടുള്ള വിയോജിപ്പുകൾ സുകൂർ എന്ന ഫുട്ബാൾ താരത്തോട് അവർക്കുമില്ല. ഇപ്പോഴും സുകൂറിന്റെ വിഡിയോകൾക്കും അഭിമുഖങ്ങൾക്കും താഴെ തുർക്കിഷ് ആരാധകരുടെ ഗൃഹാതുരമായ കമന്റുകൾ കാണാം. അതിലൊന്ന് ഇങ്ങനെ. സ്വർണം നിലത്തുവീണാലും സ്വർണം തന്നെ