'ഹായ് മെക്സിക്കോ'; യു.എസ് വിസ സങ്കീർണതകൾക്കിടെ ലോകകപ്പിനായി ഇറാൻ ടീം മെക്സിക്കോയിലെത്തി

തിജുവാന: വരാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനായി ഇറാന്റെ ദേശീയ ഫുട്ബാൾ ടീം മെക്സിക്കൻ അതിർത്തി നഗരമായ തിജുവാനയിൽ എത്തി. യു.എസുമായുള്ള നിലവിലെ രാഷ്ട്രീയ തർക്കങ്ങളും വിസ സംബന്ധിച്ച സങ്കീർണ്ണതകൾക്കും ഇടയിലാണ് ടീമിന്റെ പ്രവേശനം

തുർക്കിയിൽ മൂന്നാഴ്ചത്തെ പരിശീലന ക്യാമ്പ് പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഇറാൻ സംഘം വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽ ഇറാനിയൻ പതാകകളുമായി എത്തിയ ആരാധകർ ടീമിനെ സ്വീകരിച്ചു. തുടർന്ന് കനത്ത സുരക്ഷയിലാണ് കളിക്കാരെ ഹോട്ടലിലേക്ക് മാറ്റിയത്.

യു.എസിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തെത്തുടർന്ന് ഇറാൻ തങ്ങളുടെ ലോകകപ്പ് ബേസ് ക്യാമ്പ് നേരത്തെ നിശ്ചയിച്ചിരുന്ന യു.എസിലെ അരിസോണയിൽ നിന്നും മെക്സിക്കോയിലെ തിജുവാനയിലേക്ക് മാറ്റുകയായിരുന്നു. ഇറാൻ പ്രതിനിധി സംഘത്തിലെ 15 ഓളം അംഗങ്ങൾക്ക് യു.എസ് വിസ നിഷേധിച്ചതായി മെക്സിക്കോയിലെ ഇറാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മത്സരമുള്ള ദിവസങ്ങളിൽ മാത്രമേ ഇറാൻ ടീമിന് യു.എസിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ എന്നും, മത്സരം കഴിയുന്ന ദിവസം തന്നെ അവർ രാജ്യം വിടണമെന്നുമാണ് നിലവിലെ കർശന വ്യവസ്ഥ. യു.എസ് അധികൃതർ കളിക്കാർക്ക് യാത്രാരേഖകൾ അനുവദിച്ചെങ്കിലും, സാങ്കേതിക സപ്പോർട്ട് സ്റ്റാഫിലെ പലർക്കും വിസ ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ യാത്രാ ക്രമീകരണങ്ങളിലെ താമസം ടീമിന്റെ ഒരുക്കങ്ങളെ ബാധിച്ചതായി മുഖ്യപരിശീലകൻ അമീർ ഗാലെനോയി പറഞ്ഞു.

“ഇത്തരം വലിയ ടൂർണമെന്റുകളിൽ സാങ്കേതിക കാര്യങ്ങളേക്കാൾ മാനുഷികവും ധാർമ്മികവുമായ പരിഗണനകൾക്കാണ് മുൻഗണന നൽകേണ്ടത്. എന്നാൽ നിർഭാഗ്യവശാൽ അത്തരം പരിഗണനകളൊന്നും ഞങ്ങൾക്ക് ലഭിച്ചില്ല,” തിജുവാന വിമാനത്താവളത്തിൽ വെച്ച് അമീർ ഗാലെനോയി പ്രതികരിച്ചു. അതേസമയം, കഴിഞ്ഞ ഏതാനും മാസങ്ങളായി കടുത്ത വെല്ലുവിളികളാണ് നേരിടുന്നതെങ്കിലും ടീം ശാരീരികമായി പൂർണ്ണ സജ്ജരാണെന്ന് ഇറാൻ ഡിഫൻഡർ ഇഹ്സാൻ ഹാജ്സാഫി വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിന്റെ ഇടയിലാണ് ഇറാൻ ടീം ലോകകപ്പിനെത്തുന്നത് എന്നത് ആഗോളതലത്തിൽ ഉറ്റുനോക്കപ്പെടുന്നുണ്ട്. രാഷ്ട്രീയ സമ്മർദങ്ങൾക്കിടയിലും കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടീമിന്റെ ശ്രമം. ഗ്രൂപ്പ് ജി-യിലാണ് ഇറാൻ മത്സരിക്കുന്നത്. ജൂൺ 15ന് ലോസ് ഏഞ്ചലസിന് സമീപം ന്യൂസിലാൻഡിനെതിരെയാണ് ഇറാന്റെ ആദ്യ മത്സരം. ജൂൺ 21ന് ബെൽജിയവുമായും, ജൂൺ 26ന് സിയാറ്റിലിൽ വെച്ച് ഈജിപ്തുമായും ഇറാൻ ഏറ്റുമുട്ടും. വമ്പൻ വെല്ലുവിളികളെ അതിജീവിച്ച് ഗ്രൂപ്പ് ഘട്ടം കടന്ന് ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകും ഇറാന്റെ ശ്രമം.