നോ ​എ​ൻ​ട്രി പ​റ​ഞ്ഞ് കാ​ന​ഡ; ഘാ​ന താ​ര​ത്തി​ന് ലോ​ക​ക​പ്പ് ന​ഷ്ടം

ടൊ​റ​ന്റോ: കാ​ന​ഡ വി​സ നി​ഷേ​ധി​ച്ച ഘാ​ന മ​ധ്യ​നി​ര താ​രം തോ​മ​സ് പാ​റ്റി​ക്ക് ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​രം ന​ഷ്ടം. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ പാ​ന​മ​യെ നേ​രി​ടാ​നി​രി​ക്കെ​യാ​ണ് വി​യ്യാ​റ​യ​ൽ താ​ര​മാ​യ തോ​മ​സ് പാ​റ്റി​യു​ടെ വി​സ അ​പേ​ക്ഷ ത​ള്ളു​ന്ന​ത്. പീ​ഡ​ന​ക്കേ​സി​ൽ വി​ചാ​ര​ണ​യി​ൽ നി​​ൽ​ക്കു​ന്ന​തി​നാ​ൽ വി​സ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് കാ​ന​ഡ നി​ല​പാ​ട്. ആ​തി​ഥേ​യ രാ​ജ്യ​ത്തി​ന്റെ ഇ​മി​ഗ്രേ​ഷ​ൻ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന് ഫി​ഫ​യും നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ, കാ​ന​ഡ​യി​ലേ​ക്കു​ള്ള അ​വ​സാ​ന വാ​തി​ലും കൊ​ട്ടി​യ​ട​ക്ക​പ്പെ​ട്ടു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്കും കേ​സ് ഉ​ൾ​പ്പെ​ടെ വി​ചാ​ര​ണ ന​ട​പ​ടി നേ​രി​ടു​ന്ന​വ​ർ​ക്കും രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കാ​ന​ഡ ഇ​മി​ഗ്രേ​ഷ​ൻ, റെ​ഫ്യൂ​ജി, സി​റ്റി​സ​ൺ​ഷി​പ് (ഐ.​ആ​ർ.​സി.​സി) അ​റി​യി​ച്ചു. ബ്രി​ട്ട​നി​ലാ​ണ് തോ​മ​സ് പാ​റ്റി​ക്കെ​തി​രെ പീ​ഡ​ന​ക്കേ​സു​ള്ള​ത്. അ​തേ​സ​മ​യം, ഗ്രൂ​പ് റൗ​ണ്ടി​ൽ അ​മേ​രി​ക്ക​യി​ലാ​ണ് ഘാ​ന​യു​ടെ മ​റ്റു ര​ണ്ട് മ​ത്സ​ര​ങ്ങ​ളും വ​രു​ന്ന​ത്. ജൂ​ൺ 23ന് ​മ​സാ​ചു​സൈ​റ്റ്സി​ൽ ഇം​ഗ്ല​ണ്ടി​നെ​യും, 27ന് ​ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ക്രൊ​യേ​ഷ്യ​യെ​യും നേ​രി​ടു​മ്പോ​ൾ താ​ര​ത്തി​ന് ടീ​മി​നൊ​പ്പം ചേ​രാ​നാ​വും.