കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര നാളെ മുതല്‍; ഓര്‍ഡിനറി ബസുകളെ തിരിച്ചറിയാന്‍ പ്രിയദര്‍ശിനി സ്റ്റിക്കറുകള്‍ പതിച്ചു

കെഎസ്ആര്‍സി ഓര്‍ഡിനറി ബസ്സുകളില്‍ വനിതകള്‍ക്കായുള്ള സൗജന്യ യാത്ര നാളെ മുതല്‍. മുഖ്യമന്ത്രി വി ഡി സതീശന് തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം ബസ്സിലെ ജീവനക്കാര്‍ വനിതകളായിരിക്കും. അതേസമയം ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിപിഐഎം തീരുമാനം. ആളെ പറ്റിക്കുന്ന പരിപാടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതികരിക്കുന്നു. ചരിത്രപരമായ വിഡ്ഢിത്തമെന്നാണ് ബഹിഷ്കരണ പ്രസ്താവനയ്ക്ക് ഗതാഗത മന്ത്രിയുടെ മറുപടി.
യുഡിഎഫ് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാകുന്നു. നാളെ മുതല്‍ പ്രിയദര്‍ശിനി സൗജന്യ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ നിരത്തില്‍ ഓടിത്തുടങ്ങും. തിരുവനന്തപുരം സെന്‍ട്രല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി വി ഡി സതീശന് ഉദ്ഘാടന ബസ് ഫ്ലാഗ് ഓഫ് ചെയ്യും . തമ്പാനൂര്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെയാണ് മുഖ്യമന്ത്രി ബസ്സില്‍ യാത്ര ചെയ്യുക . ആനുകൂല്യം ലഭിക്കുന്ന സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും നാളെ മുതല്‍ സീറോ ഫെയര്‍ ടിക്കറ്റുകളാണ് ലഭിക്കുക. ഓര്‍ഡിനറി ബസ്സുകളെ തിരിച്ചറിയാന്‍ പ്രിയദര്‍ശിനി സ്റ്റിക്കറുകള്‍ ബസ്സുകളില്‍ പതിച്ചിട്ടുണ്ട്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞതല്ല നടപ്പിലാക്കിയത് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു.
പരിപാടിയില്‍ നിന്നും വിട്ടു നിന്നാല്‍ എല്‍ഡിഎഫിന് ബസ് മിസ്സാകുമെന്ന് ഗതാഗത മന്ത്രി സിപി ജോണ്‍. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനും അഭ്യര്‍ഥിച്ചു. നിലവില്‍ പതിച്ചിരിക്കുന്ന പ്രിയദര്‍ശിനി സ്റ്റിക്കറുകള്‍ക്ക് പകരം പുതിയ ലോഗോയും കെഎസ്ആര്‍ടിസി തയ്യാറാക്കുന്നുണ്ട്. അതേസമയം കെഎസ്ആര്‍ടിസിക്ക് നല്‍കാനുള്ള പണം ബാങ്ക് വഴി ഓവര്‍ ഡ്രാഫ്റ്റായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സൗജന്യ യാത്ര പദ്ധതി കെഎസ്ആര്‍ടിസിക്ക് ബാധ്യതയാവില്ലെന്നും സര്‍ക്കാരിന്റെ ഗ്യാരണ്ടി.
