അരീക്കോട് വൻ രാസലഹരി വേട്ട; കോളേജ് വിദ്യാർത്ഥിനിയടക്കം നാല് പേർ പിടിയിൽ, 14 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

മലപ്പുറം: അരീക്കോട് കേന്ദ്രീകരിച്ച് നടത്തിയ വൻ രാസലഹരി വേട്ടയിൽ കോളേജ് വിദ്യാർത്ഥിനിയടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി അരീക്കോട് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളായ മുഹമ്മദ് ദിൽഷാദ് (24), ഷഹൽ നമാസ് (21), സജ്മീർ (34), ഫിതാ ഫാത്തിമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലം അഞ്ചൽ സ്വദേശിനിയായ ഫിതാ ഫാത്തിമ കോളേജ് വിദ്യാർത്ഥിനിയാണെന്ന് പോലീസ് അറിയിച്ചു.
പ്രതികളിൽ നിന്ന് 14.120 ഗ്രാം എംഡിഎംഎ (MDMA) പിടിച്ചെടുത്തു. അരീക്കോട് കൈപ്പക്കുളത്തെ ഒരു സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് മഞ്ചേരി, അരീക്കോട്, കാവനൂർ, പൂക്കളത്തൂർ, തൃപ്പനച്ചി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരിമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു സംഘമെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇതേ പരിശോധനയുടെ ഭാഗമായി അരീക്കോട് പുത്തലത്ത് താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ ജംഷാദ് (40) എന്നയാളെ 1.22 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടി. കൂടാതെ, കൊണ്ടോട്ടിയിൽ റോഡരികിൽ ഒളിപ്പിച്ച നിലയിൽ അഞ്ച് ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തു.
