ഇഞ്ചുറി ടൈമിൽ പെനാൽറ്റി, വില്ലനായി സെൽഫ് ഗോൾ; ജോർഡന്റെ നെഞ്ചുപിളർത്തി ഓസ്ട്രിയ

സാൻ ഫ്രാൻസിസ്കോ: 2026 ഫിഫ ലോകകപ്പിൽ കന്നി അങ്കത്തിനിറങ്ങിയ ജോർഡനെതിരെ ഓസ്ട്രിയക്ക് ജയം. സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് (3-1) യൂറോപ്യൻ വമ്പന്മാരായ ഓസ്ട്രിയ ജോർഡനെ വീഴ്ത്തിയത്. ലോകകപ്പ് വേദിയിലെ ആദ്യ മത്സരത്തിൽ മികച്ച പോരാട്ടവീര്യം പുറത്തെടുത്തിട്ടും, നിർഭാഗ്യത്തിന്റെ രൂപത്തിലെത്തിയ ഒരു സെൽഫ് ഗോളാണ് ജോർഡന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്.
മത്സരത്തിന്റെ തുടക്കം മുതൽ പന്ത് നിയന്ത്രിക്കുന്നതിൽ ഓസ്ട്രിയൻ താരങ്ങൾ ആധിപത്യം പുലർത്തിയിരുന്നു. ഇതിന്റെ ഫലമായി ഇരുപതാം മിനിറ്റിൽ തന്നെ അവർ ലീഡെടുത്തു. സാവർ ഷ്ലാഗറുടെ മികച്ചൊരു പാസ് സ്വീകരിച്ച റൊമാനോ ഷ്മിഡ് ബോക്സിന് പുറത്തുനിന്നും തൊടുത്ത തകർപ്പൻ ഷോട്ട് ജോർഡൻ വലയിൽ പതിക്കുകയായിരുന്നു. ഈ ഒറ്റ ഗോളിന്റെ ലീഡിലാണ് ആദ്യ പകുതി അവസാനിച്ചത്.
തിരിച്ചടിച്ച് ജോർദാൻ
രണ്ടാം പകുതിയിൽ ജോർദാന്റെ മറ്റൊരു മുഖമാണ് ഫുട്ബാൾ ലോകം കണ്ടത്. 49-ാം മിനിറ്റിൽ മികച്ചൊരു പ്രത്യാക്രമണത്തിലൂടെ അവർ ഓസ്ട്രിയൻ പ്രതിരോധത്തെ കീറിമുറിച്ചു. നൂർ അൽ റവാബ്ദെയുടെ അസിസ്റ്റിൽ നിന്ന് അലി ഒൽവാൻ തൊടുത്ത വലങ്കാലൻ ഷോട്ട് ഓസ്ട്രിയൻ വലകുലുക്കിയതോടെ സ്കോർ തുല്യമായി (1-1). സമനില ഗോൾ നേടിയതിന്റെ ആവേശത്തിൽ ജോർഡൻ നിര തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഓസ്ട്രിയൻ ഗോളി അലക്സാണ്ടർ ഷ്ലാഗർ രക്ഷകനായി.
വില്ലനായി സെൽഫ് ഗോൾ
മത്സരം ആവേശകരമായ സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ജോർഡന് മേൽ നിർഭാഗ്യം വില്ലനായി എത്തിയത്. 75-ാം മിനിറ്റിൽ ഓസ്ട്രിയൻ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ ജോർഡൻ പ്രതിരോധ താരം യാസാൻ അൽ അറബിന് നിർണായക പിഴവ് സംഭവിച്ചു. പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറിയതോടെ ഓസ്ട്രിയ അപ്രതീക്ഷിതമായി മത്സരത്തിൽ വീണ്ടും മുന്നിലെത്തി (2-1). ഈ സെൽഫ് ഗോൾ ജോർഡൻ താരങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നതായിരുന്നു.
അവസാന ആണി അടിച്ച് അർനാട്ടോവിച്ച്
പകരക്കാരനായി ഇറങ്ങിയ വെറ്ററൻ താരം മാർക്കോ അർനാട്ടോവിച്ചിലൂടെ 66-ാം മിനിറ്റിൽ തന്നെ ഓസ്ട്രിയ പന്ത് വലയിലെത്തിച്ചെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്‌സൈഡാണെന്ന് വിധിച്ചിരുന്നു. എന്നാൽ വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പത്ത് മിനിറ്റ് അധികസമയം അനുവദിച്ച ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ജോർഡൻ താരം സലീം ഉബൈദ് ബോക്സിനുള്ളിൽ പന്ത് കൈകൊണ്ട് തടഞ്ഞതിന് റഫറി പെനാൽറ്റി വിധിച്ചു. 101-ാം മിനിറ്റിൽ പെനാൽറ്റി കിക്കെടുത്ത അർനാട്ടോവിച്ച് പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചതോടെ ഓസ്ട്രിയ 3-1ന്റെ ആധികാരിക ജയം ഉറപ്പിക്കുകയായിരുന്നു.
