നിപ; നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന എല്ലാവരും ആശുപത്രി വിട്ടു

നിപരോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 3 പേരെയും ഡിസ്ചാർജ് ചെയ്‌തു. ഇതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രോഗിയുടെ സമ്പർക്ക പട്ടികയിൽ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 14 പേരുടെയും ഫലങ്ങൾ നെഗറ്റീവ് ആണ്.

നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. രോഗബാധിതൻറെ സമ്പർക്ക പട്ടികയിൽ ഇന്ന് പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇത് 4 പേർ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ടവരും, 14 പേർ ഉയർന്ന ഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ടവരും ആണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 56 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.

സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 88 ഫോൺവിളികൾ എത്തിയിട്ടുണ്ട്. സമ്പർപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 118 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.കോഴിക്കോട് 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം 2 വീതം, പാലക്കാട് 1 എന്നിവടങ്ങളിലാണ് ഇന്ന് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 120 രോഗബാധയും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 196 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.

കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (36), വയനാട് (18), തൃശൂർ (11) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (16), തിരുവനന്തപുരം (15), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (7), പാലക്കാട് (1)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *