മെസ്സിക്ക് ഇന്ന് ഓസ്ട്രിയൻ പരീക്ഷ

ടെക്സസ്: കാൻസസ് സിറ്റിയിൽ ലയണൽ മെസ്സിയും കൂട്ടുകാരും ഒരുക്കിയ കളിവിരുന്ന് സമ്മാനിച്ച രോമാഞ്ചം അർജന്റീന ആരാധകരെ ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. ലുസൈലിൽ കിരീടം ചൂടി വിശ്വചാമ്പ്യന്മാരായവർ, നാലു വർഷം മുമ്പ് അവസാനിപ്പിച്ച വെടിക്കെട്ടിന്റെ അതേ കരിമരുന്നിനാണ് അമേരിക്കയിലും തിരികൊളുത്തിയെന്ന് ഉറച്ചു വിശ്വസിക്കുകയാണവർ. മെസ്സിയും റോഡ്രിഗോ ഡി പോളും ഹൂലിയൻ അൽവാരസും മക് അലിസ്റ്ററും ഉൾപ്പെടെ താരപ്പട അൽജീരിയയെ 3-0ത്തിന് വീഴ്ത്തി ചാമ്പ്യന്മാർക്കൊത്ത തുടക്കം കുറിച്ചതിനു പിന്നാലെ രണ്ടാം അങ്കത്തിൽ തിങ്കളാഴ്ച ബൂട്ടണിയുമ്പോൾ പ്രതീക്ഷകൾക്ക് അതിരുകളില്ല. എന്നാൽ, മറുപാതിയിൽ 1998ന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയെത്തുന്ന ഓസ്ട്രിയയാണ്. തുടർച്ചയായ എട്ട് മത്സരങ്ങളിലെ വിജയവുമായി കുതിക്കുന്ന അർജന്റീനക്ക്, വിജയം ആവർത്തിച്ച് ലോകകപ്പ് നോക്കൗട്ട് പ്രവേശനം നേരത്തേ ഉറപ്പിക്കുകയാണ് ലക്ഷ്യം. യൂറോപ്യൻ ഫുട്ബാളിൽ പഴയകാല പ്രതാപത്തിന്റെ നിഴലിൽനിന്ന് ഉയിർത്തെഴുന്നേൽപ് പാതയിലുള്ള ഓസ്ട്രിയക്കും ഇത് രണ്ടാം പോരാട്ടമാണ്. ആദ്യ മത്സരത്തിൽ ജോർഡനെ 3-1ന് തരിപ്പണമാക്കിയാണ് ടീമിന്റെ വരവ്. അട്ടിമറിയോടെ ജയം തുടർന്നാൽ അവർക്കും നോക്കൗട്ടുറപ്പിക്കാം. ഇന്ത്യൻ സമയം രാത്രി 10.30ന് അർലിങ്ടണിലാണ് മത്സരം.
അർജന്റീനക്ക് കടുക്കും
ആദ്യ കളിയിൽ നേരിട്ട അൽജീരിയയല്ല മുന്നിലെന്ന ബോധ്യത്തിലാവും ചാമ്പ്യൻ കോച്ച് ലയണൽ സ്കലോണി ഇന്ന് അർജന്റീനയെ ഇറക്കുന്നത്. പ്രതിരോധവും മധ്യനിരയും ശരാശരി നിലവാരത്തിൽ മാത്രമായിരുന്ന അൽജീരിയക്കെതിരെ മെസ്സി നയിച്ച അർജന്റീനക്ക് ഫോമിലേക്കുയരാനും, അവസരങ്ങൾ ഉപയോഗപ്പെടുത്താനും കഴിഞ്ഞു. എന്നാൽ, ജർമനിയിലും സ്പെയിനിലും മുൻനിര ക്ലബുകളിലെ സാന്നിധ്യമായ ഒരു പിടി താരങ്ങളാണ് പുതു ഓസ്ട്രിയയുടെ കരുത്ത്. 28 വർഷത്തിനു ശേഷം ലോകകപ്പ് യോഗ്യത നേടിയ സംഘത്തിന്റെ നായകൻ റയൽ മഡ്രിഡിന്റെ പ്രതിരോധ മതിൽ ഡേവിഡ് അലാബയാണ്. ഫ്രൈബർഗിന്റെ ഫിലിപ്പ് ലിൻഹാട്ട്, ടോട്ടനത്തിന്റെ കെവിൻ ഡാൻസോ എന്നിവർ നയിക്കുന്ന പ്രതിരോധ നിരയാവും മെസ്സിക്ക് ഭീഷണിയാവുന്നത്.
എതിരാളിയുടെ വലുപ്പം ഭയക്കാതെ പന്തുമായി വിങ്ങുകളെ ചടുലമാക്കി കുതിക്കാൻ ശേഷിയുള്ള മധ്യനിരയും ഓസ്ട്രിയക്കുണ്ട്. ലൈപ്സിഷിന്റെ സേവർ ഷാൾഗർ, നികോളസ് സീവാൾഡ്, ബയേണിന്റെ കൊനാർഡ് ലൈമർ, ഡോർട്മുണ്ടിന്റെ മാഴ്സൽ സബിസ്റ്റർ എന്നിവരിലൂടെയാവും യൂറോപ്യൻ സംഘത്തിന്റെ മുന്നേറ്റം. ഗോളടിക്കാൻ മാർകോ അർനോടോവിചും റൊമാനോ ഷിമിഡും ചേരുന്നതോടെ ഓസ്ട്രിയ അപകടകാരികളായി മാറും.
ലോകകപ്പിലെ വരാനിരിക്കുള്ള പോരാട്ടചൂടിലേക്കാവും അർജന്റീനയെ ഓസ്ട്രിയ ക്ഷണിക്കുന്നത്. ഹൈ പ്രസ് ഗെയിമിലൂടെ എതിരാളിയെ സമ്മർദത്തിലാക്കി, മധ്യനിരയിൽ പന്തിൽ നിയന്ത്രണം പിടിക്കാനുള്ള തന്ത്രമാവും കോച്ച് റാഫ് റാഗ്നിക് സ്വീകരിക്കുന്നത്. സാബിസ്റ്ററും ഷ്മിഡും ടീമിന്റെ നീക്കങ്ങളുടെ ചുക്കാൻ പിടിക്കും. അർജന്റീനയുടെ മിന്നുന്ന തുടക്കത്തിന് മങ്ങലേൽപിക്കാൻ ശേഷിയുള്ളവരാണ് എതിരാളികളായ ഓസ്ട്രിയയെന്ന് അസി. കോച്ച് പാേബ്ലാ അയ്മറും മുന്നറിയിപ്പ് നൽകുന്നു.
