ഓപറേഷന്‍ തൂഫാന്‍; 25 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

രതീഷ്
കൊണ്ടോട്ടി: ലഹരി വിപത്തിനെതിരെ നടക്കുന്ന ഓപറേഷന്‍ തൂഫാന്റെ ഭാഗമായി കൊണ്ടോട്ടിയില്‍ പൊലീസിന്റെ വന്‍ രാസലഹരി വേട്ട. 25 ലക്ഷം രൂപ വിലമതിക്കുന്ന 780 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുളിക്കല്‍ അരൂരില്‍ നടത്തിയ പരിശോധനയില്‍ അരൂര്‍ സ്വദേശി തട്ടാരം ചോല വീട്ടില്‍ രതീഷാണ് (38) പിടിയിലായത്.
അരൂര്‍ മേഖല കേന്ദ്രീകരിച്ചുള്ള ദമ്പതികള്‍ ഉള്‍പ്പെട്ട ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് രതീഷെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം അരൂരില്‍ പരിശോധന നടത്തുകയായിരുന്നു.
രതീഷ് ലഹരി കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. മേഖലയില്‍ വന്‍ തോതില്‍ രാസ ലഹരി വിൽപന നടക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. കൊണ്ടോട്ടി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് കാര്‍ത്തിക് ബാലകുമാര്‍, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ. അനുദാസ്, സബ് ഇന്‍സ്പക്ടര്‍ പി.ടി. സെയ്ഫുല്ല എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘാംഗങ്ങളായ സഞ്ജീവ്, രതീഷ്, സുബ്രമണ്യന്‍, മുസ്തഫ, സബീഷ് എന്നിവരും കൊണ്ടോട്ടി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വിജയന്‍, പൊലീസ് ഓഫിസര്‍മാരായ അജിത്ത്, അബ്ദുല്ല ബാബു, മുക്താര്‍, ജയശ്രീ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
