ലോകകപ്പ് ആവേശവുമായി ‘മാധ്യമം’; സോക്കർ കാർണിവലിന് തുടക്കം

കോഴിക്കോട്: സ്പീഡും ഫിനിഷിങ്ങും വമ്പൻ മാച്ച് ഇംപാക്ടും തീർത്ത്, ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന താരങ്ങളെ എടുത്തുകാട്ടി ‘മാധ്യമ’വും മി ഫ്രണ്ട് ഇവന്റ്സും ചേർന്ന് സംഘടിപ്പിക്കുന്ന സോക്കർ കാർണിവലിന് കോഴിക്കോട് ലുലു മാളിൽ ആവേശത്തുടക്കം. ഗോൾ മെഷീൻ സ്ട്രൈക്കർമാരായ ഇതിഹാസ താരങ്ങൾ കളംവിടുന്നതിനു മുമ്പേ അർജന്റീനക്കും ബ്രസീലിനും പോർച്ചുഗലിനും ഫ്രാൻസിനും വരാനിരിക്കുന്ന അപകടങ്ങളും സമ്മർദങ്ങളും വിജയവഴികളുമെല്ലാം വിലയിരുത്തിയുള്ള സോക്കർ കാർണിവലിൽ പങ്കാളികളാകാനും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ഹൃദയമിടിപ്പായ ഫുട്ബാളിനെ ഒട്ടും ഓർമത്തെറ്റില്ലാതെ തന്റെ തലച്ചോറിൽ ഒതുക്കിവെച്ച സുബൈർ വാഴക്കാടിന്റെ പ്രവചനങ്ങൾക്ക് സാക്ഷിയാകാനും എത്തിയത് നിരവധി പേർ.

പരിപാടിയുടെ ഉദ്ഘാടനവും ഷൂട്ടൗട്ടിന്റെ ആദ്യ കിക്കും അഡ്വ. കെ. ജയന്ത് എം.എൽ.എ നിർവഹിച്ചു. ഒന്നരലക്ഷം ജനസംഖ്യയുള്ള കൊസോവേ പോലും ലോകകപ്പിന് കളത്തിലിറങ്ങുമ്പോൾ ഇന്ത്യക്ക് അവസരമുണ്ടാക്കാൻ ഭരണകൂടം ശ്രമിക്കണമെന്ന് സുബൈർ വാഴക്കാട് പറഞ്ഞെങ്കിലും യോഗ്യത മത്സരത്തിൽ ഖത്തറിനോട് നിർഭാഗ്യംകൊണ്ടാണ് ഇന്ത്യക്ക് അവസരം നഷ്ടമായതെന്ന് ഫുട്ബാൾ ആരാധകനായ അഡ്വ. കെ. ജയന്ത് എം.എൽ.എ പറഞ്ഞു.

നടന്നതും വരാനിരിക്കുന്നതുമായ ഓരോ മത്സരത്തിന്റെയും ഗതിചലനങ്ങൾ പ്രവചിച്ച സുബൈർ വാഴക്കാട് ആവേശമായി. സ്റ്റേഡിയത്തിലെ ചിരിയും കരച്ചിലും, പതാകകൾ വീശുന്ന ആരാധകരെയും കാണുമ്പോൾ മത്സരങ്ങളിൽ പങ്കെടുക്കാത്ത രാജ്യങ്ങളിൽപോലും ആവശേം അലതല്ലുകയാണെന്ന് ജയന്ത് പറഞ്ഞു.

‘മാധ്യമം’ സി.ഇ.ഒ പി.എം. സ്വാലിഹ് അധ്യക്ഷത വഹിച്ചു. ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ മുഹമ്മദ് ശരീഫ് മാട്ടിൽ സ്വാഗതം പറഞ്ഞു. വോക്സ് വാഗൺ സെയിൽസ് മാനേജർ ക്ലിന്റ് ആനന്ദ്, ‘മാധ്യമം’ കൺട്രി ഹെഡ് ബിസിനസ് സൊലൂഷൻസ് കെ. ജുനൈസ്, ചീഫ് ഡിജിറ്റൽ ഓഫിസർ ഇംതിയാസ് തുടങ്ങിയവർ സന്നിഹിതരായി. സോക്കർ കാർണിവൽ ഫൈനൽ ദിനം വരെ 23 ദിവസം നീണ്ടുനിൽക്കും.

ഷൂട്ടൗട്ട്, ഫുട്ബാൾ ക്വിസ്, ബാൾ ജഗ്ലിങ്, ഐഡന്റിഫൈ പ്ലെയർ, ഫ്രീസ്റ്റൈൽ ഫുട്ബാൾ തുടങ്ങി വിവിധ മത്സരങ്ങളുണ്ടാകും. മത്സരവിജയികൾക്ക് സ്പോട്ട് പ്രൈസുകൾ നൽകും. വിവിധ ദിവസങ്ങളിൽ കായിക രംഗത്തെ പ്രതിഭകളെ ആദരിക്കുന്ന കാർണിവലിൽ വ്യത്യസ്ത ടീമുകളുടെ ഫാൻസിന് പ്രത്യേക മത്സരങ്ങളുമുണ്ടാകും. എല്ലാ ദിവസവും വൈകീട്ട് അഞ്ച് മുതലാണ് പരിപാടി. വോക്‌സ് വാഗൺ, ലുലു മാൾ, ഓർബിസ് ക്രിയേറ്റിവ്, ഗോൾ ഡിജിറ്റൽ മാഗസിൻ തുടങ്ങിയവയുടെ സഹ കരണത്തോടെയാണ് കാർണിവൽ സംഘടിപ്പിക്കുന്നത്.