വെനിസ്വേലയിലെ ഭൂകമ്പം: അർജന്റീനൻ ഫുട്ബാൾ താരം ലൂക്കാസ് ട്രെജോയുടെ ഭാര്യയും മക്കളും മരിച്ചു

വെനിസ്വേല: വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിൽ അർജന്റീനൻ ഡിഫൻഡർ ലൂക്കാസ് ട്രെജോയുടെ കുടുംബം ദാരുണമായി മരണപ്പെട്ടു. ട്രെജോയുടെ ഭാര്യയും രണ്ട മക്കളുമാണ് ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് മരണപ്പെട്ടത്. ജൂൺ 24നാണ് വെനിസ്വേലയെ നടുക്കിയ രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായത്. യാരാകുയി മേഖലയിലുണ്ടായ ഭൂകമ്പത്തിൽ ഇവരുടെ അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നു വീഴുകയായിരുന്നു. അപകടം നടക്കുമ്പോൾ മത്സരത്തിനുള്ള തയ്യാറെടുപ്പിനായി ലൂക്കാസ് ട്രെജോ തന്റെ ക്ലബിനൊപ്പമായിരുന്നു.
കെട്ടിടം തകർന്നതറിഞ്ഞ ഉടൻ തന്നെ ട്രെജോ തന്റെ കുടുംബത്തെ കണ്ടെത്താൻ തീവ്രശ്രമം നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടിയും, രക്ഷാപ്രവർത്തകരോടൊപ്പം ചേർന്നും അദ്ദേഹം നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് കുടുംബത്തിന്റെ വിയോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഡിപോർട്ടിവോ ലാ ഗുയറ ക്ലബ്ബ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ‘ലൂക്കാസ് ട്രെജോയുടെ വേദനയിൽ ഞങ്ങൾ പങ്കുചേരുന്നു. ഭാര്യ യാനിനയുടെയും മക്കളായ ആരോൺ, ഐൻഹോവ എന്നിവരുടെയും വിയോഗം ഞങ്ങളെ തളർത്തുന്നു. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,’ ക്ലബ്ബ് അനുശോചിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിനിടയിൽ വെനിസ്വേല കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് ജൂൺ 24ന് ഉണ്ടായത്. റിപ്പോർട്ട് ചെയ്ത രണ്ട് ഭൂചലനങ്ങളിൽ ആദ്യത്തേത് റിക്ടർ സ്കെയിലിൽ 7.2 തീവ്രതയും രണ്ടാമത്തേത് 7.5 തീവ്രതയും രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഏകദേശം 70 ലക്ഷത്തോളം ആളുകളെ ഈ ദുരന്തം ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ ഇതിനകം ആയിരത്തോട് അടുക്കുകയാണ്. ആയിരക്കണക്കിന് ആളുകളെ ഇനിയും കാണാതായിട്ടുണ്ട്.
കാരാകാസ്, ലാ ഗുയറ തുടങ്ങിയ മേഖലകൾ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. നിരവധി രാജ്യങ്ങൾ വെനിസ്വേലക്ക് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.
