ക്ലോപ്പ് റിട്ടേൺസ്; ജർമൻ പരിശീലകനാവും

മ്യൂണിക്: ലോകകപ്പിലെ ദയനീയ പുറത്താകലിനു പിന്നാലെ സ്ഥാനം തെറിച്ച യൂലിയൻ നാഗ്ൾസ്മാന് പകരം ജർമനിയെ കളി പഠിപ്പിക്കാൻ യുർഗൻ ക്ലോപ്പ് വരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിന് ഒട്ടനവധി കിരീടങ്ങൾ സമ്മാനിച്ച ഒമ്പത് സീസണിനു ശേഷം 2024ൽ പടിയിറങ്ങിയ ക്ലോപ്പിന് ടെക്നിക്കൽ ഏരിയയിലേക്കുള്ള തിരിച്ചുവരവാണിത്. ജർമൻകാരൻ കൂടിയായ ക്ലോപ്പ് ദേശീയ ടീം പരിശീലക സ്ഥാനമേറ്റെടുക്കാൻ സമ്മതിച്ചതായി വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആൻഫീൽഡ് വിട്ടശേഷം ടെലിവിഷൻ അവതരണവും, യാത്രകളുമായി വിശ്രമത്തിലായിരുന്ന ക്ലോപ്പ് ലോകകപ്പ് അവലോകനങ്ങളുടെ തിരക്കിലാണിപ്പോൾ. വരും ദിവസങ്ങളിൽ തന്നെ ജർമൻ ഫെഡറേഷന്റെ ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാവും. ലോകകപ്പ് റൗണ്ട് ഓഫ് 32വിൽ ഇടം നേടിയ ജർമനി പരഗ്വേയോട് പുറത്തായതിനു പിന്നാലെയാണ് നാഗ്ൾസ്മാന്റെ സ്ഥാനം തെറിച്ചത്.
