മെസ്സി സ്പെയിനിനു വേണ്ടി കളിച്ചിരുന്നെങ്കിൽ!

ആ രാത്രി എനിക്കുറങ്ങാനേ കഴിഞ്ഞില്ല. മെസ്സിയെപ്പോലൊരു കളിക്കാരനെ നഷ്ടപ്പെടുന്നത് ചിന്തിച്ചു പരിഭ്രാന്തിയിലായി ഞാൻ. പിറ്റേന്ന് രാവിലെ തന്നെ അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജൂലിയോ ഗ്രോണ്ടോനയെ ഫോൺ ചെയ്തു. പ്രസിഡന്റ്, നമുക്കുടനെ ഒരു മത്സരം സംഘടിപ്പിക്കണം. ആ പയ്യനെ അർജന്റീനയിലെത്തിക്കണം. അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. നിങ്ങൾ തിരിച്ചു വരൂ. അപ്പോഴേക്കും ഒരു ഫിഫ അംഗീകൃത മത്സരത്തിനു വേണ്ട ഏർപ്പാടുകൾ ചെയ്യാം- അർജന്റീന അണ്ടർ 20 മുൻ കോച്ച് ഹ്യൂഗോ ടൊകാലിയുടെ വാക്കുകൾ ഒരു ത്രില്ലർ സിനിമയിൽ നിന്നുള്ള ഡയലോഗ് പോലെ തോന്നുന്നെങ്കിൽ തെറ്റു പറയാനാവില്ല.
എഫ്.സി ബാഴ്സലോണയുടെ അക്കാദമി ടീമിനുവേണ്ടി അത്ഭുതങ്ങൾ തീർത്തു കൊണ്ടിരുന്ന ലയണൽ ആന്ദ്രെ മെസ്സി എന്ന കുട്ടിത്താരത്തെ സ്വന്തമാക്കാനുള്ള സ്പാനിഷ് ഫുട്ബാൾ ഫെഡറേഷന്റെ ശ്രമത്തെക്കുറിച്ചും അതു മറികടന്ന് മെസ്സിയെ ടീമിലെത്തിച്ച അർജന്റീനയുടെ വിജയത്തെക്കുറിച്ചും വിവരിക്കുന്ന ഇ.എസ്.പി.എൻ ഡോക്യുമെന്ററിയാണ് രണ്ടു മാസം മുമ്പ് പുറത്തിറങ്ങിയ മെസ്സി- ദ് ഫോർഗോട്ടൻ ടേപ്പ്. ഫിഫ ലോകകപ്പ് ഫൈനലിൽ മെസ്സിയുടെ അർജന്റീന ഇന്ന് സ്പെയിനിനെ നേരിടാനൊരുങ്ങുമ്പോൾ ഒരു ഉൾക്കിടിലത്തോടെയേ അർജന്റീന ആരാധകർക്ക് ആ ഡോക്യുമെന്ററി കാണാനാവൂ-മെസ്സി അന്ന് സ്പെയിനിനു വേണ്ടി കളിച്ചിരുന്നെങ്കിൽ!
2000ൽ, തന്റെ 13ാം വയസ്സിൽ മെസ്സി ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയിൽ എത്തിയതു മുതൽ തുടങ്ങുന്നു സംഭവബഹുലമായ ആ കഥ. വളർച്ചാ ഹോർമോണിന്റെ കുറവുമായി എത്തിയ മെസ്സിയുടെ കളിമികവ് ആദ്യം ശ്രദ്ധിച്ചത് ബാർസ യൂത്ത് ടീം കോച്ച് അലക്സ് ഗാർഷ്യയാണ്. തന്റെ ടീമിനു വേണ്ടി അത്ഭുതങ്ങൾ തീർത്തുകൊണ്ടിരുന്ന പയ്യനെക്കുറിച്ച് ഗാർഷ്യ, സ്പെയിൻ യൂത്ത് ടീം കോച്ച് ഹിനെസ് മെലൻഡെസിനെ അറിയിച്ചു. അർജന്റീന ശ്രദ്ധിക്കാതെ പോകുന്ന അവിടെ നിന്നുള്ള ഒരു വണ്ടർ കിഡ് ഇവിടെയുണ്ട്, സ്പാനിഷ് പൈതൃകമുള്ളതിനാൽ അവനെ വേണമെങ്കിൽ നമുക്കും ടീമിലെടുക്കാവുന്നതാണ് എന്നായിരുന്നു ഗാർഷ്യയുടെ വാക്കുകൾ. മെസ്സിയുടെയും കുടുംബത്തിന്റെയും മനസ്സ് അറിയാനായി മെൻഡെസ് ചുമതലപ്പെടുത്തിയത് ഗാർഷ്യയെയും മെസ്സിയുടെ സഹതാരമായ വിക്ടർ വാസ്കെസിനെയും തന്നെ.
മെസ്സിയുടെ അച്ഛൻ ഹോർഹെയുടെ ആഗ്രഹം മറ്റൊന്നായിരുന്നു. തന്റെ മകൻ ജന്മനാടിനുവേണ്ടി തന്നെ കളിക്കണം. എന്നാൽ, അർജന്റീന ഫുട്ബാൾ അസോസിയേഷൻ അവനെ ശ്രദ്ധിക്കാത്തതിൽ നിരാശനുമായിരുന്നു അദ്ദേഹം. സ്പെയിനിന്റെ ഓഫർ തൽക്കാലം മാറ്റിവെച്ച് അദ്ദേഹം അർജന്റീന ഫുട്ബാൾ അസോസിയേഷനെ ബന്ധപ്പെടാനുള്ള ഒരു അവസരത്തിനായി കാത്തിരുന്നു. അധികം വൈകാതെ അത് ഒത്തുവരുകയും ചെയ്തു. അർജന്റീന പരിശീലകൻ മാർസലോ ബിയെൽസയും സംഘവും ഒരു പര്യടനത്തിനായി സ്പെയിനിൽ വരുന്നു. ഹോർഹെയുടെ നിർദേശപ്രകാരം മെസ്സിയുടെ ഏജന്റ് ഹോറാസിയോ ഗാജിയോളി ബാഴ്സ ടി.വിയുമായി ബന്ധപ്പെട്ട് മെസ്സിയുടെ പ്രകടനങ്ങളുടെ ഒരു വിഡിയോ ടേപ്പ് ഉടൻ സംഘടിപ്പിച്ചു. അതുമായി അർജന്റീന പരിശീലക സംഘം താമസിക്കുന്ന ബാഴ്സലോണയിലെ പ്രിൻസസ് സോഫിയ ഹോട്ടലിലേക്കു ചെന്നു. ബിയെൽസയുടെ അസിസ്റ്റന്റ് ക്ലോഡിയോ വിവാസിനെ കണ്ടു.
ഗാജിയോളി കൊണ്ടു വന്ന വിഡിയോ ടേപ്പിൽ മെസ്സിയുടെ പ്രകടനം കണ്ട വിവാസ് ആവേശഭരിതനായി. ഉടൻ തന്നെ ബിയെൽസയെ വിവരമറിയിച്ചു. പയ്യൻ നന്നായി കളിക്കുന്നുണ്ടോ എന്ന ബിയെൽസയുടെ ചോദ്യത്തിന് വിവാസിന്റെ മറുപടി ഇങ്ങനെയായിരുന്നു. നന്നായി എന്നു പറഞ്ഞാൽ പോരാ. അതുല്യം! യൂറോപ്യൻ പര്യടനം കഴിഞ്ഞ് അർജന്റീനയിൽ തിരിഞ്ഞെത്തിയ ഉടൻ ബിയെൽസയുടെ നിർദേശപ്രകാരം വിവാസ് ആ ടേപ്പ് അർജന്റീന യൂത്ത് ടീം കോച്ച് ഹ്യൂഗോ ടൊകാലിയെ ഏൽപിച്ചു. ഫിൻലൻഡിൽ 2003 അണ്ടർ 17 ലോകകപ്പിൽ മത്സരിക്കാനുള്ള ടീമിനൊപ്പം അവസാന ഒരുക്കങ്ങളിലായിരുന്നു ടൊകാലി അപ്പോൾ. മെസ്സിയുടെ കളി കണ്ട് ബോധിച്ചെങ്കിലും തന്റെ ടീമിൽ നിന്ന് ഒരാളെ മാറ്റി മെസ്സിയെ ടീമിലെടുക്കാൻ അദ്ദേഹത്തിനു തോന്നിയില്ല.
നിമിത്തമെന്നു പറയട്ടെ, സെമിഫൈനലിൽ അർജന്റീന നേരിട്ടത് സ്പെയിനിനെ തന്നെ. സ്പെയിൻ 3-2നു ജയിച്ച മത്സരത്തിൽ അവരുടെ രണ്ടു ഗോളുകൾ നേടിയത് ലാ മാസിയ അക്കാദമിയിൽ മെസ്സിയുടെ സഹതാരമായ സെസ്ക് ഫാബ്രിഗാസ്. അന്നു രാത്രി ഇരുടീമുകളുടെയും പരിശീലകസംഘം ഒന്നിച്ചു ഡിന്നർ കഴിക്കവേ സ്പെയിൻ ടീമിന്റെ ഷെഫ് ടൊകാലിയുടെ അടുത്തുവന്നു പറഞ്ഞു- നിങ്ങൾ ആ പയ്യനെ കൊണ്ടുവന്നിരുന്നെങ്കിൽ നിങ്ങൾക്കു ജയിക്കാമായിരുന്നു. ആര്, മെസ്സിയെയോ എന്നായിരുന്നു ടൊകാലിയുടെ മറുചോദ്യം. ആഹാ, അവനെ കുറിച്ച് അറിയാമായിരുന്നിട്ടും നിങ്ങൾ ടീമിലെടുത്തില്ല അല്ലേ. ഷെഫിന്റെ ആ വാക്കുകളിൽ ടൊകാലി പരിഭ്രാന്തനായി. അതിനു പിന്നാലെയായിരുന്നു അസോസിയേഷൻ പ്രസിഡന്റ് ഗ്രോണ്ടോനയെ വിളിച്ച് മെസ്സിക്കു വേണ്ടി മാത്രമായി ഒരു മത്സരം ഒരുക്കാനുള്ള പരിശ്രമം.
അർജന്റീന ടീം അഡ്മിനിസ്ട്രേറ്റർ ഒമർ സോത്തോയ്ക്കായിരുന്നു മെസ്സിയുടെ കുടുംബവുമായി ബന്ധപ്പെടാനുള്ള ചുമതല. എന്നാൽ മെസ്സിയുടെ അച്ഛന്റെ നമ്പർ ആരുടെയും കൈവശമുണ്ടായിരുന്നില്ല. ഒടുവിൽ റൊസാരിയോയിലെ ടെലിഫോൺ ഡയറക്ടറിയിൽ നിന്ന് മെസ്സിയുടെ മുത്തശ്ശിയുടെ നമ്പർ തപ്പിയെടുത്താണ് ഒമർ അതു സംഘടിപ്പിച്ചത്. നമ്പർ ഡയൽ ചെയ്ത് അദ്ദേഹം വിളിച്ചു ചോദിച്ചത് ഇങ്ങനെയാണ്. അർജന്റീന ഫുട്ബാൾ അസോസിയേഷനിൽ നിന്നാണ് വിളിക്കുന്നത്. എനിക്ക് ലിയൊനാർഡോ മെസ്സിയുമായി സംസാരിക്കാൻ കഴിയുമോ? ലിയൊനാർഡോ അല്ല, ലയണൽ എന്നു തിരുത്തിയ ശേഷം മെസ്സിയുടെ അച്ഛൻ ഹോർഹെ ഒരു നെടുവീർപ്പോടെ പറഞ്ഞതിങ്ങനെ- ഫൈനലി!
ഒടുവിൽ ആ മത്സരത്തിന് അരങ്ങൊരുങ്ങി. 2004 ജൂൺ 29ന് അർജന്റീനയുടെ 1986 ലോകകപ്പ് വിജയത്തിന്റെ വാർഷികത്തിലായിരുന്നു ആ മത്സരം. അതും ഇതിഹാസതാരം ഡിയേഗോ മറഡോണ അരങ്ങേറിയ അതേ അർജന്റിനോസ് ജൂനിയേഴ്സ് സ്റ്റേഡിയത്തിൽ തന്നെ. പരഗ്വേ അണ്ടർ 23 ടീമിനെതിരെയുള്ള പകരക്കാരനായി ഇറങ്ങി മെസ്സി ഗോൾ നേടിയതിനു പിന്നാലെയാണ് ടൊകാലിയും വിവാസും ഉൾപ്പെട്ട അർജന്റീന പരിശീലകസംഘത്തിനു ശ്വാസം നേരെ വീണത്. രാജ്യാന്തര തലത്തിൽ മെസ്സിയെ സ്വന്തമാക്കാൻ സ്പെയിനുണ്ടായിരുന്ന സാധ്യതകൾ കൂടിയാണ് അവർ നിർവീര്യമാക്കിയത്.
പിന്നീടു സംഭവിച്ചതെല്ലാം ചരിത്രം. ആ മത്സരത്തിന് രണ്ടു പതിറ്റാണ്ടിനു ശേഷം ആലോചിക്കുമ്പോൾ എല്ലാം ഒരു യാദൃച്ഛികത പോലെയേ തോന്നൂ. മെസ്സി സ്പെയിൻ ടീമിനു വേണ്ടിയാണ് കളിച്ചിരുന്നതെങ്കിൽ? ഒരു പക്ഷേ ബാഴ്സലോണയിലെ കൂട്ടുകാരായ ചാവിക്കും ഇനിയേസ്റ്റക്കുമൊപ്പം തന്റെ 23ാം വയസ്സിൽ തന്നെ ലോകകപ്പ് ജേതാക്കളായ സ്പാനിഷ് ടീമിൽ അദ്ദേഹം അംഗമായേനെ. പക്ഷേ, അങ്ങനെയെങ്കിൽ ഇന്നത്തെ ഈ മെസ്സിയെ നമുക്ക് കാണാൻ കഴിയുമായിരുന്നോ? അർജന്റീന 2022ൽ ലോക ജേതാക്കളാകുമായിരുന്നോ? ഒരിക്കൽ കൂടി ലോകകിരീടത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുമായിരുന്നോ? ലോകഫുട്ബാളിലെ ഏറ്റവും മനോഹരമായ എങ്കിൽ ആയി തുടരുന്നു ആ ചോദ്യങ്ങൾ.
