‘മാധ്യമം’ പായസപ്പെരുമ സീസൺ-2; രുചിയുത്സവത്തിൽ മാറ്റുരക്കാൻ 10 പേർ

കോഴിക്കോട്: മധുരമൂറുന്ന പായസമില്ലാതെ മലയാളിയുടെ ഓണാഘോഷങ്ങൾക്ക് പൂർണതയില്ല. പൊന്നോണം പടിവാതിൽക്കൽ എത്തിനിൽക്കെ മലയാളികളുടെ പായസപ്രേമത്തെ ആഘോഷമാക്കാൻ ‘മാധ്യമം’ സംഘടിപ്പിക്കുന്ന രുചിയുത്സവമായ പായസപ്പെരുമ സീസൺ 2 ഗ്രാൻഡ് ഫിനാലെ ആഗസ്റ്റ് 23ന് കോഴിക്കോട് ലുലു മാളിൽ നടക്കും. ആയിരക്കണക്കിന് പേർ രജിസ്റ്റർ ചെയ്തതിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മികച്ച 10 മത്സരാർഥികളാണ് ഫിനാലെ വേദിയിൽ മാറ്റുരക്കുക.
ഫാത്തിമ ഷീബ, സഹ്ല ഇഖ്ബാൽ, ഹസ്ന സക്കീർ, സമീന അബ്ദുൽ നിസാർ, ബീഫാത്തിമ, ജസീമ മുബഷിർ, റെഹ്ന മുഹമ്മദ്, സജിത സുരേന്ദ്രൻ, സരിത സമ്പത്ത്, ഷഹാന ഹാരിസ് എന്നിവരാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയവർ. വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ പരിപാടിയിൽ മുഖ്യാതിഥിയാകും. മലയാളികളുടെ ഇഷ്ടതാരം ഷെഫ് പിള്ള, പാരഗൺ കോർപറേറ്റ് ഷെഫ് തോമസ് എന്നിവരാണ് മത്സരാർഥികളുടെ രുചിക്കൂട്ടുകൾ വിലയിരുത്താൻ വിധികർത്താക്കളായി എത്തുന്നത്. ‘മാധ്യമം’ എഡിറ്റർ വി.എം. ഇബ്രാഹിം, ലുലു കോഴിക്കോട് റീജനൽ ഡയറക്ടർ ഷരീഫ് മാട്ടിൽ എന്നിവർ പങ്കെടുക്കും.
രണ്ട് റൗണ്ടുകളായാണ് ഗ്രാൻഡ് ഫിനാലെ നടക്കുക. ഒന്നാം റൗണ്ടിൽ മത്സരാർഥികൾ വീട്ടിൽനിന്ന് തയാറാക്കിക്കൊണ്ടുവരുന്ന പായസം വിധികർത്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കണം. ഇതിൽ മികച്ച രുചിക്കൂട്ടുകൾ ഒരുക്കുന്നവരാണ് വേദിയിൽ തത്സമയം നടക്കുന്ന ലൈവ് കുക്കിങ് റൗണ്ടിലേക്ക് യോഗ്യത നേടുക. മാധ്യമവും മീഫ്രണ്ടും ലുലു മാളിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റ്, ഇംപെക്സ്, മിൽമ എന്നീ മുഖ്യപ്രായോജകരോടൊപ്പം മഹീന്ദ്രയും സഹകരിക്കുന്നു.
