കളി തോറ്റു, പന്തയവും; വാക്കുപാലിച്ച് നോർവീജിയൻ എയർലൈൻസ്, പ്രൊഫൈൽ ചിത്രം ബ്രിട്ടീഷ് എയർവേയ്സിന്റേതാക്കി

ലോകകപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ നോർവേയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെ വാക്കുപാലിച്ച് നോർവീജിയൻ എയർലൈൻസ്. മുൻപ് നടന്ന ഒരു സമൂഹമാധ്യമ പന്തയത്തിന്റെ ഭാഗമായി തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ചിത്രം ബ്രിട്ടീഷ് എയർവേയ്സിന്റെ ലോഗോയാക്കി മാറ്റിയിരിക്കുകയാണ് നോർവീജിയൻ എയർലൈൻസ്. വിമാനക്കമ്പനികൾ തമ്മിലുള്ള ഈ രസകരമായ പോര് ഫുട്ബാൾ ആരാധകർക്കും സമൂഹമാധ്യമങ്ങൾക്കും വലിയ ആവേശമാണ് സമ്മാനിച്ചത്.

ഇംഗ്ലണ്ട്-നോർവേ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് ദിവസങ്ങൾക്ക് മുൻപാണ് എയർലൈൻ കമ്പനികൾ ഇൻസ്റ്റാഗ്രാമിൽ കൊമ്പുകോർത്തത്. മത്സരത്തിൽ നോർവേ തോറ്റാൽ ബ്രിട്ടീഷ് എയർവേയ്സിന്റെ ലോഗോ ഒരു ദിവസത്തേക്ക് തങ്ങളുടെ പ്രൊഫൈൽ ചിത്രമാക്കുമെന്ന് നോർവീജിയൻ എയർലൈൻസ് വെല്ലുവിളിച്ചു. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ ബ്രിട്ടീഷ് എയർവേയ്സും ഇത് തന്നെ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ബ്രിട്ടീഷ് എയർവേയ്സ് ഈ വെല്ലുവിളി ഏറ്റെടുത്തതോടെ സംഗതി സമൂഹമാധ്യമങ്ങളിൽ വൈറലായി.

മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ട് വിജയിച്ചതോടെ നോർവീജിയൻ എയർലൈൻസ് തങ്ങളുടെ വാക്ക് പാലിക്കുകയായിരുന്നു. പ്രൊഫൈൽ ചിത്രം മാറ്റിയതിന് പുറമെ, ഇംഗ്ലണ്ടിനെ അഭിനന്ദിച്ചുകൊണ്ട് അവർ ഒരു പോസ്റ്റും പങ്കുവെച്ചു. ഇംഗ്ലണ്ടിന്റെ പ്രശസ്തമായ ലോകകപ്പ് മുദ്രാവാക്യമായ ‘ഇറ്റ്സ് കമിങ് ഹോം’ എന്നെഴുതിയ പോസ്റ്ററിൽ ‘നന്നായി കളിച്ചു, ഇംഗ്ലണ്ടും ബ്രിട്ടീഷ് എയർവേയ്സും’ എന്ന് കമ്പനി കുറിച്ചു.

ടൂർണമെന്റ് തങ്ങൾക്ക് അവസാനിച്ചെങ്കിലും ഈ സൗഹൃദ പന്തയം എല്ലാവരുടെയും ഹൃദയങ്ങളിൽ എന്നും നിലനിൽക്കുമെന്നും, ഇംഗ്ലണ്ടിനും ബ്രിട്ടീഷ് എയർവേയ്സിനും സെമി ഫൈനലിൽ എല്ലാവിധ ആശംസകളും നേരുന്നതായും നോർവീജിയൻ എയർലൈൻസ് വ്യക്തമാക്കി. കിരീടം സ്വന്തം നാട്ടിലെത്തിക്കാൻ ഇംഗ്ലണ്ടിന് സാധിക്കട്ടെയെന്നും അവർ ആശംസിച്ചു.

പുതിയ ലുക്ക് വളരെ നന്നായി ചേരുന്നുണ്ടെന്ന് കമന്റ് ചെയ്ത ബ്രിട്ടീഷ് എയർവേയ്സ്, ഈ സൗഹൃദ പന്തയത്തിന് നന്ദി അറിയിക്കുകയും ചെയ്തു. “90 മിനിറ്റ് എതിരാളികൾ, എന്നെന്നും സുഹൃത്തുക്കൾ” എന്നായിരുന്നു ബ്രിട്ടീഷ് എയർവേയ്സിന്റെ മറുപടി. നോർവേ വളരെ നന്നായി കളിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഫുട്ബോൾ ആവേശത്തിനൊപ്പം കോർപ്പറേറ്റ് മാർക്കറ്റിംഗ് ലോകത്തും ഈ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്.

മയാമിയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ എക്സ്ട്രാ ടൈമിലായിരുന്നു ഇംഗ്ലണ്ടിന്റെ നാടകീയ വിജയം. ആൻഡ്രിയാസ് ഷെൽഡെറുപ്പിലൂടെ നോർവേയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോളുകൾ ഇംഗ്ലണ്ടിന് 2018-ന് ശേഷമുള്ള ആദ്യ സെമി ഫൈനൽ ടിക്കറ്റ് നേടിക്കൊടുത്തു. പ്രീ-ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ട ഗോൾ മികവിൽ അട്ടിമറിച്ചായിരുന്നു നോർവേ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ക്വാർട്ടർ പ്രവേശനം സാധ്യമാക്കിയത്. അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ചാണ് നോർവീജിയൻ സംഘം ടൂർണമെന്റിൽ നിന്ന് മടങ്ങുന്നത്.