ഉറുഗ്വായ് പരിശീലകനായി ഡീഗോ ഫോർലാനെ പ്രഖ്യാപിച്ചു

മൊണ്ടെവീഡിയോ: 2026 ഫിഫ ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ഉറുഗ്വേ ദേശീയ ഫുട്ബാൾ ടീമിൽ വൻ അഴിച്ചുപണി. മുൻ പരിശീലകൻ മാഴ്സലോ ബിയേൽസയ്ക്ക് പകരക്കാരനായി ഉറുഗ്വേയുടെ ഇതിഹാസ താരം ഡീഗോ ഫോർലാനെ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചു.

ഉറുഗ്വേ ഫുട്ബാൾ അസോസിയേഷൻ (എ.യു.എഫ്) പ്രസിഡന്റ് ഇഗ്നാസിയോ അലോൻസോയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

നിലവിൽ ഇടക്കാല പരിശീലകനായാണ് 47-കാരനായ ഫോർലാന് ചുമതല നൽകിയിരിക്കുന്നത്. 2027 മാർച്ച് വരെയാണ് പ്രാഥമിക കരാർ. ഈ വർഷാവസാനം നടക്കുന്ന ഉറുഗ്വേ ഫുട്ബാൾ ഫെഡറേഷൻ തെരഞ്ഞെടുപ്പിന് ശേഷമാകും ഫോർലാനെ സ്ഥിരം പരിശീലകനായി നിയമിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

സീനിയർ ടീമിന് പുറമെ ഉറുഗ്വേയുടെ അണ്ടർ-20 ടീമിന്റെ ചുമതലയും ഫോർലാനായിരിക്കും. 2027 ജനുവരിയിൽ നടക്കുന്ന സൗത്ത് അമേരിക്കൻ അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ (കോപ്പ സുഡാമേരിക്കാന) ഉറുഗ്വേയുടെ യുവനിരയെ നയിക്കുന്നത് ഫോർലാനായിരിക്കും. ലോകകപ്പിലെ വലിയ തകർച്ചയ്ക്ക് ശേഷം ഉറുഗ്വേ ഫുട്ബോളിനെ ഉടച്ചുവാർക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

വില്ലനായത് ലോകകപ്പിലെ തകർച്ച

70-കാരനായ മാഴ്സലോ ബിയേൽസയുടെ കീഴിൽ മികച്ച പ്രതീക്ഷകളുമായാണ് ഉറുഗ്വേ 2026 ലോകകപ്പിനെത്തിയത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി വലിയ നാണക്കേടാണ് മുൻ ചാമ്പ്യന്മാർക്ക് നേരിടേണ്ടി വന്നത്. സ്പെയിൻ, കേപ് വെർഡെ, സൗദി അറേബ്യ എന്നിവരുൾപ്പെട്ട ഗ്രൂപ്പിൽ കേവലം രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.

ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായതിന് പിന്നാലെ ടീമിന്റെ പ്രത്യേക വിമാന യാത്ര റദ്ദാക്കിയതുൾപ്പെടെയുള്ള സംഭവങ്ങൾ വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ബിയേൽസ സ്ഥാനം രാജിവെച്ചത്.

പരിശീലകനെന്ന നിലയിൽ പുതിയ പരീക്ഷണം 2019 ഡിസംബറിലാണ് പെനാറോളിലൂടെ ഫോർലാൻ തന്റെ കോച്ചിങ് കരിയറിന് തുടക്കമിടുന്നത്. എന്നാൽ 11 കളികളിൽ നിന്ന് നാല് വിജയങ്ങൾ മാത്രം നേടാനായതോടെ അദ്ദേഹത്തിന് സ്ഥാനം നഷ്ടമായി. ആറ് മാസങ്ങൾക്ക് ശേഷം രണ്ടാം ഡിവിഷൻ ക്ലബ്ബായ അറ്റെനാസിന്റെ പരിശീലകനായെങ്കിലും, 12 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം പരാജയപ്പെട്ടിട്ടും ക്ലബ്ബ് അദ്ദേഹത്തെ അപ്രതീക്ഷിതമായി പുറത്താക്കുകയായിരുന്നു.

കളിക്കാരനെന്ന നിലയിൽ ഉറുഗ്വേ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിലൊരാളാണ് ഡീഗോ ഫോർലാൻ. 2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ അഞ്ച് ഗോളുകളുമായി ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ‘ഗോൾഡൻ ബോൾ’ പുരസ്കാരം സ്വന്തമാക്കിയ ഫോർലാൻ, ടീമിനെ സെമിഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, വിയ്യാറയൽ, അത്‌ലറ്റിക്കോ മാഡ്രിഡ്, ഇന്റർനാഷണൽ തുടങ്ങിയ മുൻനിര ക്ലബ്ബുകൾക്കായും ഈ ഇതിഹാസ താരം ബൂട്ടണിഞ്ഞിട്ടുണ്ട്.