ഉ​ന​യ് സി​മോ​ണി​ന്റെ ഉ​രു​ക്കു​വ​ല

ഡാ​ള​സ്: ഗ്രീ​ക്ക് പു​രാ​ണ​ങ്ങ​ളി​ൽ അ​ർ​ഗ​സ് പ​നോ​പ്റ്റി​സെ​ന്ന നൂ​റു ക​ണ്ണു​ക​ളു​ള്ള രാ​ക്ഷ​സ​നെ​ക്കു​റി​ച്ച് പ​റ​യു​ന്നു​ണ്ട്. ഹീ​ര ദേ​വ​ത​യു​ടെ ഏ​റ്റ​വും വി​ശ്വ​സ്ത​നാ​യ കാ​വ​ൽ​ക്കാ​ര​ൻ. അ​ർ​ഗ​സ് ഉ​റ​ങ്ങു​മ്പോ​ൾ പോ​ലും ര​ണ്ട് ക​ണ്ണു​ക​ൾ മാ​ത്ര​മേ അ​ട​ച്ചി​രു​ന്നു​ള്ളൂ​വ​ത്രെ. ബാ​ക്കി ക​ണ്ണു​ക​ളെ​ല്ലാം എ​പ്പോ​ഴും തു​റ​ന്നി​രു​ന്ന് ചു​റ്റു​പാ​ടും വീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്ന​തി​നാ​ൽ അ​ർ​ഗ​സി​ന്റെ കാ​വ​ൽ ഭേ​ദി​ച്ച് ക​ട​ക്കു​ക അ​സാ​ധ്യ​മാ​യി​രു​ന്നു. സി​യൂ​സ് ദേ​വ​ൻ പ​ശു​വാ​യി മാ​റ്റി​യ അ​യോ എ​ന്ന അ​പ്സ​ര​സ്സി​നെ കാ​ത്തു​സൂ​ക്ഷി​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ദൗ​ത്യം. അ​ർ​ഗ​സി​നെ​പ്പോ​ലെ എ​ല്ലാ​യി​ട​ത്തും ക​ണ്ണു​ക​ൾ പാ​യി​ച്ച് സ്പാ​നി​ഷ് ടീ​മി​ന്റെ ക്രോ​സ് ബാ​റി​ന് കീ​ഴി​ൽ ഒ​രാ​ൾ സ​ദാ ജാ​ഗ​രൂ​ക​നാ​യി നി​ൽ​പു​ണ്ട്. എ​തി​രാ​ളി​ക​ളു​ടെ കാ​ലു​ക​ളി​ൽ​നി​ന്ന് തീ​പ്പൊ​രി ക​ണ​ക്കെ പാ​ഞ്ഞ​ടു​ക്കു​ന്ന പ​ന്തു​ക​ളെ നി​ഷ്പ്ര​ഭ​മാ​ക്കി അ​യാ​ൾ മൈ​താ​ന​ത്ത് വി​സ്മ​യ​മാ​യി മാ​റു​ക​യാ​ണ്. എ​തി​രാ​ളി​ക​ൾ​ക്ക് മു​ന്നി​ൽ ഒ​രി​ക്ക​ൽ​പോ​ലും ത​ല​കു​നി​ക്കാ​ത്ത സാ​മ്രാ​ജ്യ​മാ​യി ഉ​ന​യ് സി​മോ​ണെ​ന്ന ഗോ​ൾ കീ​പ്പ​ർ ലാ ​റോ​ജാ​സി​ന്റെ വ​ല കാ​ത്തു​കൊ​ണ്ടി​രി​ക്കു​ന്നു. 2026 ലോ​ക​ക​പ്പി​ൽ സി​മോ​ണി​നെ ഭേ​ദി​ക്കാ​നാ​യ​ത് ഒ​രൊ​റ്റ ത​വ​ണ മാ​ത്രം. ഏ​ഴി​ൽ ആ​റ് മ​ത്സ​ര​ങ്ങ​ളി​ലും ക്ലീ​ൻ ഷീ​റ്റു​മാ​യി പു​തി​യ ച​രി​ത്രം സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ് 29കാ​ര​ൻ.

ഇ​തി​ഹാ​സ​ങ്ങ​ളു​ടെ റെ​ക്കോ​ഡ് ഇ​നി പ​ഴ​ങ്ക​ഥ

2022ൽ ​ഖ​ത്ത​റി​ൽ തു​ട​ങ്ങി​യ​താ​ണ് സി​മോ​ണി​ന്റെ ഗോ​ൾ വ​ഴ​ങ്ങാ​ത്ത യാ​ത്ര. ഈ ​ലോ​ക​ക​പ്പ് കൂ​ടി ചേ​ർ​ത്ത് ചോ​രാ​ത്ത കൈ​ക​ളു​മാ​യി തു​ട​ർ​ച്ച​യാ​യ 650 മി​നി​റ്റു​ക​ൾ ഗോ​ൾ പോ​സ്റ്റി​ൽ​നി​ന്ന് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡ​ട​ക്കം സ്ഥാ​പി​ച്ചു താ​രം. 1990 ലോ​ക​ക​പ്പി​ൽ ഇ​റ്റാ​ലി​യ​ൻ ഇ​തി​ഹാ​സം വാ​ൽ​ട്ട​ർ സെ​ൻ​ഗ ഗോ​ൾ വ​ഴ​ങ്ങാ​തെ വ​ല കാ​ത്ത 518 മി​നി​റ്റാ​യി​രു​ന്നു നി​ല​വി​ലെ റെ​ക്കോ​ഡ്. ഐ​ക​ർ ക​സീ‍യ​സ് 2010 ലോ​ക​ക​പ്പി​ലും 2014 ലോ​ക​ക​പ്പി​ലു​മാ​യി സ്ഥാ​പി​ച്ച 477 മി​നി​റ്റു​ക​ളാ​യി​രു​ന്നു സ്പാ​നി​ഷ് റെ​ക്കോ​ഡ്. ഇ​ത് നേ​ര​ത്തേ​ത​ന്നെ സ്വ​ന്തം പേ​രി​നൊ​പ്പം ചേ​ർ​ത്ത ലോ​ക​ക​പ്പി​ൽ ക്ലീ​ൻ ഷീ​റ്റു​ക​ളി​ലും ക​സീ​യ​സി​നെ മ​റി​ക​ട​ന്നു. 2010ൽ ​സ്പെ​യി​ൻ ജേ​താ​ക്ക​ളാ‍യ​പ്പോ​ൾ ഇ​തി​ഹാ​സ ഗോ​ൾ കീ​പ്പ​ർ​ക്ക് അ​ഞ്ച് ക്ലീ​ൻ ഷീ​റ്റു​ണ്ടാ​യി​രു​ന്നു. ഇ​ത് ആ​റാ​ക്കി ലോ​ക റെ​ക്കോ​ഡി​ട്ടു സി​മോ​ൺ.

ക്രി​സ്റ്റ്യാ​നോ​യെ പൂ​ട്ടി, എം​ബാ​പ്പെ​യെ​യും

സി​മോ​ൺ കെ​ട്ടി‍‍യ മ​തി​ൽ ത​ക​ർ​ക്കാ​നാ​വാ​തെ ത​ല​കു​നി​ച്ച് മ​ട​ങ്ങി​യ​വ​രി​ൽ സാ​ക്ഷാ​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മു​ത​ൽ കി​ലി​യ​ൻ എം​ബാ​പ്പെ വ​രെ​യു​ണ്ട്. ഗ്രൂ​പ് റൗ​ണ്ടി​ലെ ആ​ദ്യ ക​ളി​യി​ൽ കാ​ബോ വെ​ർ​ഡെ ഗോ​ള​ടി​പ്പി​ക്കാ​തെ സ്പെ​യി​നി​നെ വി​റ​പ്പി​ച്ച് നി​ർ​ത്തി​യെ​ങ്കി​ലും മ​റു​ത​ല​ക്ക​ൽ സി​മോ​ണും വ​ഴ​ങ്ങി​യി​ല്ല. പി​ന്നെ സൗ​ദി അ​റേ​ബ്യ​യും ഉ​റു​ഗ്വാ​യി​യും റൗ​ണ്ട് ഓ​ഫ് 32ൽ ​ഓ​സ്ട്രി​യ​യും പ്രീ​ക്വാ​ർ​ട്ട​റി​ൽ പോ​ർ​ചു​ഗ​ലു​മെ​ല്ലാം മു​ട്ടു​മ​ട​ക്കി. സ്പെ​യി​നി​നെ​തി​രാ​യ ക്വാ​ർ​ട്ട​റി​ൽ 41ാം മി​നി​റ്റി​ൽ ചാ​ൾ​സ് ഡി ​ക​റ്റേ​ലെ​റെ​യെ സി​മോ​ൺ കോ​ട്ട ഒ​രേ​യൊ​രു​വ​ട്ടം ഭേ​ദി​ച്ചു. ഖ​ത്ത​റി​ൽ ജ​പ്പാ​നെ​തി​രാ​യ ഗ്രൂ​പ് മ​ത്സ​ര​ത്തി​ന്റെ 51ാം മി​നി​റ്റി​ന് ശേ​ഷം ലോ​ക​ക​പ്പി​ൽ ആ​ദ്യ​മാ​യി സി​മോ​ൺ വ​ഴ​ങ്ങി​യ ഗോ​ൾ. സെ​മി ഫൈ​ന​ലി​ൽ ഫ്രാ​ൻ​സി​ന്റെ മ​ധ്യ​നി​ര​യും ആ​ക്ര​മ​ണ​നി​ര​യും ദു​ർ​ബ​ല‍മാ​യി​രു​ന്നു. പെ​നാ​ൽ​റ്റി ബോ​ക്‌​സി​ന്റെ അ​രി​കി​ലാ​ണ് സി​മോ​ൺ സ്റ്റാ​ർ​ട്ടി​ങ് പൊ​സി​ഷ​ൻ. എ​തി​രാ​ളി​ക​ളു​ടെ ലോ​ങ് ബാ​ളു​ക​ൾ ക്ലി​യ​ർ ചെ​യ്യാ​നും നി​ര​ന്ത​രം ബാ​ക്ക് പാ​സി​നും ല​ഭ്യ​മാ​യി​രു​ന്നു കീ​പ്പ​ർ. സ്‌​പെ​യി​നി​ന് അ​തി​ന്റെ പ്ര​തി​രോ​ധ യൂ​നി​റ്റി​നെ ഹാ​ഫ് ലൈ​നി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്ന​തി​ലും മി​ഡ്ഫീ​ൽ​ഡി​ന് ഫ്രാ​ൻ​സി​നെ ഇ​ത്ര​യ​ധി​കം സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന​തി​നും സി​മോ​ൺ നി​ൽ​ക്കു​ന്ന പൊ​സി​ഷ​ൻ നി​ർ​ണാ​യ​ക​മാ​യി.

ഫ്യൂ​വ​ന്റെ​യു​ടെ ദ​ശാ​ബ്ദം പി​ന്നി​ട്ട വി​ശ്വാ​സം

സി​മോ​ണി​ലു​ള്ള പ​രി​ശീ​ല​ക​ൻ ലൂ​യി​സ് ഡി ​ലാ ഫ്യൂ​വ​ന്റെ​യു​ടെ വി​ശ്വാ​സ​ത്തി​ന്റെ ദ​ശാ​ബ്ദം പി​ന്നി​ട്ട പ​ഴ​ക്ക​മു​ണ്ട്. 2015ൽ ​അ​ണ്ട​ർ-19 യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പും 2019ൽ ​അ​ണ്ട​ർ-21 യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പും 2021ലെ ​ടോ​ക്യോ ഒ​ളി​മ്പി​ക്സി​ൽ വെ​ള്ളി മെ​ഡ​ലും നേ​ടു​മ്പോ​ൾ ത​ന്ത്ര​ജ്ഞ​നാ​യി ഫ്യൂ​വ​ന്റെ​യു​ണ്ടാ​യി​രു​ന്നു. 2022ൽ ​അ​ദ്ദേ​ഹം സീ​നി​യ​ർ ടീ​മി​നെ​യും ഏ​റ്റെ​ടു​ത്തു. ലാ ​റോ​ജ​യു​ടെ യൂ​റോ 2024 വി​ജ​യ​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട​തും സി​മോ​ണാ​യി​രു​ന്നു. എ​ന്നാ​ൽ, ക്ല​ബ് ഫു​ട്ബാ​ളി​ലെ സി​മോ​ണി​ന്റെ താ​ര​ത​മ്യേ​ന ദു​ർ​ബ​ല​മാ​യ പ്ര​ക​ട​നം ഡേ​വി​ഡ് റ​യ​യും ജൊ​വാ​ൻ ഗാ​ർ​സി​യ​യു​മു​ള്ള ദേ​ശീ​യ ടീ​മി​ലെ അ​ദ്ദേ​ഹം സ്ഥാ​നം എ​പ്പോ​ഴും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. അ​ത്‌​ല​റ്റി​ക് ബി​ൽ​ബാ​വോ​യു​ടെ ഗോ​ൾ​കീ​പ്പ​റാ​യി സ്പാ​നി​ഷ് ലാ​ലി​ഗ​യി​ലും തി​ള​ങ്ങു​ന്ന സി​മോ​ണി​ന​പ്പു​റ​ത്തേ​ക്ക് ഫ്യൂ​വ​ന്റെ​ക്കി​പ്പോ​ൾ മ​റ്റൊ​രു ചോ​യ്സി​ല്ല.

നേ​ട്ട​ങ്ങ​ൾ

  • 6 ക്ലീ​ൻ ഷീ​റ്റു​ക​ൾ: ഒ​രു ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക്ലീ​ൻ ഷീ​റ്റു​ക​ൾ നേ​ടു​ന്ന ഗോ​ൾ​കീ​പ്പ​ർ
  • ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ളം നേ​രി​ട്ട 11 ഷോ​ട്ടു​ക​ളി​ൽ 10 എ​ണ്ണ​വും ത​ടു​ത്തി​ട്ടു (90.9% സേ​വ് റേ​റ്റ്).
  • ഡി​ഫ​ൻ​സി​വ് ലൈ​നി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​വ​ന്ന് പ​ന്ത് ക്ലി​യ​ർ ചെ​യ്യു​ന്ന​തി​ൽ (8 ത​വ​ണ) ടൂ​ർ​ണ​മെ​ന്റി​ൽ ഏ​റ്റ​വും മു​ന്നി​ൽ.