ലോകകപ്പ് താരം വൊസീഞ്ഞ ചിലിയിലേക്ക്; കാപ് വെർഡെയുടെ ഗോൾകീപ്പറെ സ്വന്തമാക്കി കോളോ കോളോ

സാന്റിയാഗോ: ലോകകപ്പിലെ അവിശ്വസനീയ പ്രകടനത്തിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ ഡൊപ് വെർഡെ ഗോൾകീപ്പർ വൊസീഞ്ഞ ചിലിയിലേക്ക്. ലോകചാമ്പ്യന്മാരായ സ്പെയിൻ, അർജന്റീന ടീമുകൾക്കെതിരെ ഉജ്ജ്വല പ്രകടനവുമായി ശ്രദ്ധേയമായ വൊസീഞ്ഞയെ തേടി വിവിധ ക്ലബുകളിൽ നിന്നും ഓഫറുകളുമെത്തിയിരുന്നു. ഇതിനൊടുവിലാണ് തെക്കനമേരിക്കൻ രാജ്യമായ ചിലിയിലെ മുൻനിര ക്ലബ് കോളോ കോളോയിലേക്കുള്ള കൂടുമാറ്റം ഉറപ്പിച്ചത്.

ക്ലബിന്റെ ജഴ്സിയിലേക്ക് 40കാരനായ വൊസീഞ്ഞയെ സ്വാഗതം ചെയ്തുകൊണ്ട് കരാർ പ്രഖ്യാപനം നടത്തി. പോർചുഗൽ ലിഗ് ക്ലബ് ടീമായ ജി.ഡി ചാവസുമായുള്ള രണ്ടു വർഷ കരാർ അവസാനിച്ചതിനു പിന്നാലെയാണ് വൊസീഞ്ഞ ലോകകപ്പിനെത്തിയത്. വിശ്വവേദിയിൽ ആദ്യമായി പന്തുതട്ടിയ കാപ് വെർഡെയുടെ ഉജ്ജ്വല പ്രകടനത്തിനൊപ്പം വൊസീഞ്ഞയും ലോകമറിഞ്ഞതോടെ ആരാധകരുടെ എണ്ണവും വർധിച്ചു.

സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണം ദശലക്ഷമായും ഉയർന്നു. ഫ്രീ ഏജന്റായിരുന്ന താരത്തിന് ലോകകപ്പിനു പിന്നാലെ പുതിയ ഓഫറുകളുമായി ഭാഗ്യവും തെളിയുകയായിരുന്നു. ലയണൺ മെസ്സിയുടെ ഇന്റർ മയാമിയിൽ കളിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. ഒടുവിൽ 18 മാസത്തെ കരാറിലാണ് വൊസീഞ്ഞയെ ചിലിയൻ ക്ലബ് സ്വന്തമാക്കിയത്.