കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

 

മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് ഡിവൈഡറില്‍ തട്ടി കാറിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവാണ് മരിച്ചത്. 20 പേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം ദേശീയപാതയിലാണ് അപകടം ഉണ്ടായത്.

 

നിയന്ത്രണം വിട്ട ബസ് ഓട്ടോയിലിടിച്ച ശേഷം ഡിവൈഡറില്‍ തട്ടി കാറിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. കോഴിക്കോട് തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡിഫെന്‍ഡര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസും കാറും പൂര്‍ണമായി തകര്‍ന്നു.

 

കുടുങ്ങി കിടന്ന യാത്രക്കാരെ ബസിന്റെ ഒരു ഭാഗം പൊളിച്ചാണ് പുറത്ത് എത്തിച്ചത്. ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന മേഖലയാണിത്. റോഡ് നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബസ് അമിത വേഗത്തില്‍ ആയിരുന്നോ എന്ന് പരിശോധിക്കുമെന്ന് മലപ്പുറം എസ് പി ചൈത്ര തെരേസ ജോണ്‍ ട്വന്റിഫോറിനോട് പറഞ്ഞു.

 

പരുക്കേറ്റ 20 പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കുറ്റിപ്പുറത്തെയും വളാഞ്ചേരിയിലെയും കോട്ടക്കലിലേയും ആശുപത്രികളില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *