മെസ്സിയുടെ പേരിലെ ‘ഫൗൾ’ റെഡ് കാർഡുമായി സർക്കാർ

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ സർക്കാറിന്‍റെ കാലത്ത് നടന്ന നടപടിക്രമങ്ങളിൽ സർക്കാർ സമഗ്രാന്വേഷണം പ്രഖ്യാപിച്ചേക്കും. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം കായികവകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടും മന്ത്രി ഒ.ജെ. ജനീഷിന്‍റെ ശിപാർശയും പരിഗണിച്ച് ഉചിത നടപടി സ്വീകരിക്കുമെന്നാണ് വിവരം. കോടികളുടെ ഇടപാടുകളും ചട്ടലംഘനങ്ങളും ആരോപിക്കപ്പെടുന്ന വിഷയത്തിൽ ഇഴകീറിയുള്ള പരിശോധനക്കാണ് സർക്കാർ നീക്കം. വിജിലൻസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾക്കൊപ്പം സർക്കാർതല ഉന്നതതല അന്വേഷണത്തിനും സാധ്യതയുണ്ട്.
എൻ. പ്രശാന്തിന്‍റെ അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളത്. സർക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയതിനൊപ്പം പദ്ധതിയുടേത് വിചിത്ര ഘടനയായിരുന്നെന്നും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സൗഹൃദമത്സരം സംഘടിപ്പിക്കാൻ സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ തെരഞ്ഞെടുത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്ന ഉത്തരവുകളില്ല. അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാന്‍ സ്‌പോണ്‍സര്‍ നല്‍കിയെന്ന് അവകാശപ്പെടുന്ന 126 കോടി രൂപയുടെ സ്രോതസ് അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടേക്കും. ധനകാര്യവകുപ്പിന്‍റെ പാളിച്ചകളും അന്വേഷണപരിധിയിൽ വരും. സ്‌പോണ്‍സര്‍ ഇത്രയും പണം എവിടെനിന്ന് സമാഹരിച്ചു, അര്‍ജന്‍റീന ഫുട്‌ബാള്‍ അസോസിയേഷന് (എ.എഫ്.എ) ഈ തുക കൈമാറാൻ ഉപയോഗിച്ച ഏജന്‍സിയുടെ വിശ്വാസ്യത, മത്സരം നടക്കാത്ത സാഹചര്യത്തില്‍ ഈ പണത്തിന്‍റെ അവസ്ഥ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുമെന്നാണ് വിവരം. വി.അബ്ദുറഹിമാന്‍ കായികമന്ത്രിയായിരിക്കെ അര്‍ജന്റീന ഫുട്‌ബാള്‍ അസോസിയേഷനുമായി നടത്തിയ ഇ-മെയില്‍ ആശയവിനിമയത്തില്‍ മലപ്പുറം പൊന്നാനിയിലെ കോളജ് അധ്യാപിക ഉൾപ്പെട്ടതും അന്വേഷണവിധേയമാകുമെന്നാണ് സൂചന. ഒമ്പത് ദശലക്ഷം യു.എസ് ഡോളര്‍ ലഭിച്ചെന്ന് കാട്ടി എ.എഫ്.എ ഇന്‍റർനാഷനല്‍ റിലേഷന്‍സ് ഹെഡ് പാബ്ലോ ജെ. ഡയസ് കായികമന്ത്രിക്ക് അയച്ച മെയിലില്‍ ഈ അധ്യാപികക്ക് കോപ്പി വെച്ചിട്ടുണ്ട്. അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിച്ച് മത്സരം നടത്തുന്നതിന്‍റെ സംഘാടകരായും സ്‌പോണ്‍സറായും സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തതില്‍ ഗുരുതര ഭരണഘടന വീഴ്ചകളുണ്ടെന്ന് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്. വാക്കാലുള്ള നിര്‍ദേശത്തിന്‍റെ മാത്രം അടിസ്ഥാനത്തിലാണ് സ്‌പോണ്‍സറെ തെരഞ്ഞെടുത്ത്. താല്‍പര്യപത്രം ക്ഷണിക്കല്‍, ടെണ്ടർ നടപടികള്‍, സ്‌പോണ്‍സര്‍ഷിപ്പ് നിരക്കുകളുടെയും വാണിജ്യപരമായ അവകാശങ്ങളുടെയും മൂല്യനിര്‍ണയം, കമ്പനിയുടെ സാമ്പത്തികശേഷി പരിശോധന, ഫണ്ടിന്‍റെ സ്രോതസ്സ് ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ വിധേയമാകുമെന്നാണ് വിവരം.
സർക്കാറിന് നഷ്ടമുണ്ടായില്ലെന്ന വാദവും പൊളിയുന്നു
തിരുവനന്തപുരം: ലയണൽ മെസ്സിയുടെ പേരിൽ നടന്ന കള്ളക്കളിയിൽ സർക്കാറിന് നഷ്ടമുണ്ടായില്ലെന്ന വാദവും പൊളിയുന്നു. സർക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും സ്വകാര്യ സ്ഥാപനത്തിന് നേട്ടമുണ്ടാക്കിയെന്നുമാണ് കായിക സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനാണ് ഈ വിഷയത്തിൽ കൂടുതലായി ഇടപെട്ടതെന്നും പുറത്തുവരുന്ന രേഖകൾ വ്യക്തമാക്കുന്നു. അർജന്‍റീന ടീമിനെ കൊണ്ടുവരുമെന്ന പ്രഖ്യാപനവും അത് നടപ്പാക്കാനാകാത്തതും കായികരംഗത്ത് കേരളത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നും സ്വകാര്യ കരാർ തർക്കത്തിൽ സംസ്ഥാന സർക്കാറിനെ കക്ഷിയാക്കിയെന്നും സ്വകാര്യ സ്ഥാപനത്തിന്‍റെ സാമ്പത്തിക ഇടപാടുകൾക്ക് സർക്കാർ സംവിധാനം ഉപയോഗിച്ചെന്നുമുള്ള ഗുരുതര കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളത്. ഇക്കാര്യങ്ങളെല്ലാം സംസ്ഥാനത്തെ നിയമവ്യവഹാരങ്ങളിലേക്ക് തള്ളിവിടുന്നതാണെന്ന ഓർമപ്പെടുത്തലും റിപ്പോർട്ടിലുണ്ട്. കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ക്ഷണിച്ചുവരുത്തുന്ന നടപടികൾ ഉണ്ടായെന്നും ചട്ടം മറികടന്ന് സർക്കാർ സംവിധാനങ്ങൾ കൈമാറിയെന്നും അവ ദുരുപയോഗം ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടൽ നടന്നെന്നും മന്ത്രി ഒ.ജെ. ജനീഷും പറയുന്നു. 20 ദിവസം മുമ്പ് മാത്രം രജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധിച്ചില്ല. മന്ത്രിയുടെ ഓഫിസിലേക്ക് വന്ന പ്രൊപ്പോസലിൽ റൂൾസ് ഓഫ് പ്രൊസീജ്യർ പാലിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. മുൻ കായികമന്ത്രിയുടെ വിദേശയാത്രയിൽ സർക്കാർ പണം ദുരുപയോഗം ചെയ്യപ്പെട്ടു. 14 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. 126 കോടിയുടെ നഷ്ടം നികത്താൻ സ്പോൺസർ എന്ത് നടപടി സ്വീകരിച്ചെന്ന ചോദ്യവും ഉയരുകയാണ്.
കേന്ദ്രത്തിന് നല്‍കിയ കത്തിലും തുടർനടപടികളിലും അവ്യക്തത
മെസ്സിയുടെയും ടീമിന്‍റെയും സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിന് കേരളം കൈമാറിയ കത്തിലും തുടർനടപടികളിലും അവ്യക്തത. കേരള സര്‍ക്കാറിന്‍റെ ക്ഷണം അര്‍ജന്റീന ഫുട്‌ബാള്‍ അസോസിയേഷന് (എ.എഫ്.എ) സ്വീകരിച്ചെന്നും 2025 ഒക്‌ടോബര്‍ ആറ് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലൊന്നിൽ മത്സരം നടക്കുമെന്നും കാട്ടി 2024 ഡിസംബര്‍ 27നാണ് കേന്ദ്രത്തിന് കത്തയച്ചത്. എന്നാല്‍, ആ സമയത്ത് എ.എഫ്.എയുടെ ഉറപ്പോ മെസ്സിയുടെ വരവ് സംബന്ധിച്ച കരാറോ ഫിഫയുടെ അനുമതിപത്രമോ കളിക്കാരെ വിട്ടുനല്‍കുന്നത് സംബന്ധിച്ച സ്ഥിരീകരണമോ സര്‍ക്കാറിന്‍റെ പക്കലുണ്ടായിരുന്നില്ലെന്ന് രേഖകളിൽനിന്നും വ്യക്തം. ഈ കത്തിന് 2025 ജനുവരി പത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി മത്സരം നടത്താനുള്ള അന്തിമ അനുമതിയായി സംസ്ഥാന സര്‍ക്കാറും സ്‌പോണ്‍സറും വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് എൻ. പ്രശാന്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പങ്കെടുക്കുന്ന ടീമുകള്‍, വേദികള്‍, തീയതികള്‍ എന്നിവ സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളെ അറിയിച്ച് അനുമതി വാങ്ങണമെന്നാണ് കേന്ദ്രം കത്തില്‍ പറഞ്ഞിരുന്നത്. വിദേശ നാണയ വിനിമയത്തുക, സ്‌പോണ്‍സറുടെ വിശദാംശങ്ങള്‍, പണം സ്വീകരിക്കുന്ന കക്ഷിയുടെ വിവരങ്ങള്‍, ഈ മത്സരം കേരളത്തിലുണ്ടാക്കുന്ന കായിക വികസന നേട്ടങ്ങള്‍ എന്നിവ സമര്‍പ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 2025 ഫെബ്രുവരി 24ന് കേന്ദ്ര കായികമന്ത്രാലയം നല്‍കിയ കത്തില്‍ 15 ദശലക്ഷം യു.എസ് ഡോളര്‍ വിദേശത്തേക്ക് അയക്കുന്നതിന് കായികഅധിഷ്ഠിതമായ അനുമതിയാണ് നല്‍കിയത്. രാജ്യത്തെ നികുതി, റവന്യൂ അധികാരികളുടെ എല്ലാ നിബന്ധനകളും ചട്ടങ്ങളും കര്‍ശനമായി പാലിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ആഭ്യന്തര തലത്തില്‍ കൃത്യമായ ഫിനാന്‍ഷ്യല്‍ ഓഡിറ്റോ നിയമപരമായ പരിശോധനയോ കൂടാതെ പദ്ധതിയുമായി മുന്നോട്ടു പോയത് ഗുരുതര വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
