സൗദിയിൽ വാഹനാപകടം; രണ്ട്​ മലയാളി നഴ്സുമാർ അടക്കം അഞ്ച്​ പേർ മരിച്ചു

ജിദ്ദ: മക്ക പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട്​ മലയാളികൾ അടക്കം അഞ്ച്​ പേർ മരിച്ചു. രണ്ട്​ പേർ തമിഴ്​നാട്​ സ്വദേശികളും ഒരാൾ സൗദി പൗരനുമാണ്. അപകടത്തിൽ മരിച്ച നാല്​ ഇന്ത്യക്കാരും നഴ്​സുമാരായി ജോലി ചെയ്യുന്നവരാണ്.

കോട്ടയം പാല സ്വദേശി ജെയ്സിമോൾ മാത്യു (46), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോൺ (26) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്​നാട്​ തിരുച്ചിറപ്പിള്ളി സ്വദേശി ദേവമ്മ ഹെപ്സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്​മി എന്നിവരാണ്​ മരിച്ച തമിഴ്​നാട്​ സ്വദേശികൾ. വാഹനമോടിച്ചിരുന്ന സൗദി പൗരനും മരണ​പ്പെട്ടു.

സൗദി സർക്കാർ ഡിസ്പൻസറികളിൽ ജീവനക്കാരായിരുന്നു മരിച്ചവർ. മക്കയിലെ അൽഗഫ എന്ന സ്ഥലത്തായിരുന്നു ജോലി. അവധി ദിനമായതിനാൽ പർച്ചേസിനായി മക്കയിലെ റാനിയ എന്ന പട്ടണത്തിൽ വന്നതായിരുന്നു. ഇവിടെ വെച്ച് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.