ഡി.വൈ.എഫ്.ഐ പ്രവർത്തകർ പാലക്കാട് റെയിൽവേ ഡിവിഷനല്‍ ഓഫിസ് ഉപരോധിച്ചു; ജീവനക്കാരെ കടത്തിവിട്ടില്ല

പാലക്കാട്: റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്ര സര്‍ക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പാലക്കാട് ഡിവിഷനല്‍ ഓഫിസ് ഉപരോധിക്കുന്നു. രാവിലെ എട്ടു മണിയോടെ പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ജീവനക്കാരെ അകത്തുകടക്കാൻ അനുവദിക്കാതെ രണ്ട് ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു. ഇതിനിടെ ചില ജീവനക്കാർ മതിൽ ചാടിക്കടന്ന് ഓഫിസിൽ കയറി. വൻ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ജില്ല സെക്രട്ടറി ജയദേവന്റെ നേതൃത്വത്തിലാണ് സമരം തുടരുന്നത്. എത്ര വലിയ പൊലീസ് സന്നാഹമുണ്ടായാലും സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രവർത്തകർ വ്യക്തമാക്കി. പാലക്കാട് ഡിവിഷനിൽ നിന്ന് മംഗലാപുരം വെട്ടിമുറക്കുന്നത് കേരളത്തോടുള്ള റെയിൽവേയുടെ അവഗണനയാണെന്ന് സമരക്കാർ ആരോപിച്ചു.
വൻ വരുമാനം നേടിത്തരുന്ന മേഖലയാണ് വിഭജിക്കുന്നത്. അടുത്തിടെയാണ് പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി റെയിൽവേ മന്ത്രി പാർലമെന്റിൽ പ്രഖ്യാപിച്ചത്. കേരളത്തിന്റെ റെയിൽവേ വികസനത്തിന് തടസ്സമാകുന്ന ഡിവിഷൻ വിഭജനം ഒഴിവാക്കണം. നാടിന്റെ ആവശ്യം ഡിവിഷൻ നിലനിർത്തുക എന്നതാണെന്നും ഇതിനുവേണ്ടി ശക്തമായ സമരവുമായി രംഗത്തുണ്ടാകുമെന്നും പ്രവർത്തകർ പറഞ്ഞു.
കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിക്കെതിരെ ആദ്യഘട്ട സമരമെന്ന നിലയിൽ ആഗസ്റ്റ് 26ന് തിരുവോണ നാളിൽ യു.ഡി.എഫ് എം.പിമാർ പാലക്കാട് ഡി.ആർ.എം ഓഫിസിന് മുന്നിൽ സത്യഗ്രഹമിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തുടർസമരങ്ങൾ ഡൽഹിയിൽ നടത്തും.
ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര റെയിൽവേ മന്ത്രിയെ ബന്ധപ്പെട്ടപ്പോൾ മന്ത്രി അറിഞ്ഞുകൊണ്ടല്ല തീരുമാനം വന്നതെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടായത്. അത് വിശ്വസനീയമല്ല. ആശങ്കയിലായ തൊഴിലാളികൾ, റെയിൽവേ ട്രേഡ് യൂനിയനുകൾ, പാസഞ്ചർ അസോസിയേഷനുകൾ, വ്യാപാര സംഘടനകൾ എന്നിവരുമായി അടുത്ത ദിവസം തന്നെ യോഗം വിളിച്ചു ചേർക്കുമെന്ന് യു.ഡി.എഫ് എം.പിമാർ പറഞ്ഞു.
