തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; രണ്ടിടങ്ങളിൽ കല്ലേറ്

തിരുവനന്തപുരം: ജില്ലയിൽ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. കല്ലറയിലും വെഞ്ഞാറമൂട്ടിലുമായി രണ്ട് ബസുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. കല്ലേറിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ലുകൾ പൂർണ്ണമായും തകർന്നു.

കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് രാവിലെയുമായാണ് സംഭവങ്ങൾ നടന്നത്. കഴിഞ്ഞ ദിവസം രാത്രി പരപ്പിൽ ജങ്ഷനിൽ നിർത്തിയിട്ടിരുന്ന ബസിനു നേരെയായിരുന്നു ആദ്യ ആക്രമണം. ഇതിനുപിന്നാലെ ഇന്ന് രാവിലെ മെഡിക്കൽ കോളജ് ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന മറ്റൊരു ബസിനു നേരെയും അക്രമികൾ കല്ലെറിയുകയായിരുന്നു. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിൽ നിന്നുള്ള ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായിട്ടുള്ളത്.

യാത്രക്കാർക്കും ജീവനക്കാർക്കും നേരെ ഉയർന്ന സുരക്ഷാ ഭീഷണിയുടെയും പൊതുമുതൽ നശിപ്പിച്ചതിന്റെയും പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി അധികൃതർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.