‘ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ നാർക്കോ ഹണ്ട്’; ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. 2026 ജൂൺ 2ന് മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി ഇന്ത്യയിലാകെ വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. ലഹരിയിൽ അകപ്പെട്ട നിരവധിയാളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ച ഈ പദ്ധതിക്ക് വലിയ ജനകീയ പിന്തുണയാണ് ലഭിക്കുന്നത്. പദ്ധതിയുടെ വിപുലീകരണത്തിനായി കേന്ദ്ര സഹായവും സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തൂഫാൻ സ്ട്രൈക്ക്, തൂഫാൻ വാറിയർ, തൂഫാൻ കെയർ എന്നിങ്ങനെ മൂന്ന് ഘടകങ്ങളിലായാണ് ഓപ്പറേഷൻ തൂഫാൻ മുന്നോട്ടുപോകുന്നത്. ചുരുങ്ങിയ കാലയളവിൽ തന്നെ ഇതുവരെ 10,070 ലഹരി കേസുകൾ രജിസ്റ്റർ ചെയ്യുകയും 10,883 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റെയ്ഡുകളിൽ 6,215 കിലോ ഹൈബ്രിഡ് കഞ്ചാവും 1,214.35 കിലോ സാധാരണ കഞ്ചാവും പൊലീസ് പിടികൂടി. ലഹരി വേട്ട കൂടുതൽ ഊർജിതമാക്കാൻ ഡാൻസാഫിന് പുതിയ വാഹനങ്ങൾ വാങ്ങാനും ലഹരി പരിശോധനാ ഉപകരണങ്ങൾ അത്യാധുനികമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജനമൈത്രി പൊലീസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും എല്ലാ വാർഡുകളിലും ബീറ്റ് പൊലീസ് ഓഫീസർമാരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന് പുറമെ സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ പദ്ധതിക്കും ഉടൻ രൂപം നൽകും.
തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് ഓപ്പറേഷൻ തൂഫാൻ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജിയുടെ നേതൃത്വത്തിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചരിത്രത്തിൽ തുല്യതയില്ലാത്ത ലഹരിവേട്ടയാണ് നടക്കുന്നതെന്ന് മന്ത്രി കെ.എം ഷാജി പറഞ്ഞു. ഇതിൻ്റെ ഭാഗമായി 28-ാം തീയതി സംസ്ഥാനത്തെ 1,200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേസമയം തൂഫാൻ പതാക ഉയർത്തും. അന്ന് എല്ലാ ഇടങ്ങളിലും ലഹരിക്കെതിരായ ഐക്യദാർഢ്യ പ്രഖ്യാപനവും പരിപാടികളും നടക്കും. സംസ്ഥാനത്തെ 21,000 വാർഡുകളിലും തൂഫാൻ വാർഡ് സഭകൾ ചേരും. എല്ലാ വാർഡുകളിലും തൂഫാൻ സമിതികൾ രൂപീകരിക്കുകയും ഓരോ വാർഡിലും 10 വീതം തൂഫാൻ വാരിയർമാരെ നിയോഗിക്കുകയും ചെയ്യും. കുടുംബശ്രീ മിഷൻ, ഹരിതകർമ സേന, ആശാ വർക്കർമാർ, അംഗനവാടികൾ, അയൽക്കൂട്ടങ്ങൾ, സാംസ്കാരിക ക്ലബ്ബുകൾ എന്നിവയെ ഉൾപ്പെടുത്തിക്കൊണ്ട് ഡോർ-ടു-ഡോർ ക്യാമ്പയിനുകൾ നടത്തും. രണ്ടാം ഘട്ടം ആരംഭിച്ചാലും സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള ഒന്നാം ഘട്ട പ്രവർത്തനങ്ങൾ തുടരുമെന്നും നിർത്തിവെക്കില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
വിവിധ വകുപ്പുകൾ സംയോജിതമായാണ് പദ്ധതിക്കായി പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി രണ്ടാഴ്ചകൊണ്ട് ‘ടു മില്യൺ ഗോൾസ്’ എന്ന പദ്ധതി വിജയകരമായി പൂർത്തിയാക്കി. എക്സൈസ് മന്ത്രി ലിജുവിൻ്റെ നേതൃത്വത്തിൽ എക്സൈസ് വകുപ്പ് ലഹരിവേട്ട ശക്തമാക്കി രംഗത്തുണ്ട്. ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ്റെ ഇടപെടലിൽ പ്രധാന സർക്കാർ ആശുപത്രികളിൽ ഡീ-അഡിക്ഷൻ സംവിധാനങ്ങൾ ഒരുക്കി. ഇതിനുപുറമെ ‘തൂഫാൻ കെയർ’ പദ്ധതിയുമായി സഹകരിക്കാൻ സംസ്ഥാനത്തെ 40 വൻകിട സ്വകാര്യ ആശുപത്രികൾ മുന്നോട്ടുവരികയും രോഗികൾക്ക് വിദഗ്ധ ചികിത്സ നൽകി വരികയും ചെയ്യുന്നുണ്ട്. അമ്മമാരുടെയും സ്ത്രീകളുടെയും മത-രാഷ്ട്രീയ-സാംസ്കാരിക സംഘടനകളുടെയും വൻ പിന്തുണയാണ് സർക്കാരിന് ലഭിക്കുന്നത്.
ചന്തേരയിൽ നടന്നത് സംസ്ഥാനത്തെ വലിയ ലഹരിവേട്ടകളിൽ ഒന്നാണെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ തന്നെയാണ് ആദ്യം നിർദേശം നൽകിയതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ കോടതിയിൽ ഹാജരാക്കാൻ പൊലീസ് വൈകിയിട്ടില്ല. അത് കോടതി മുഖേന തന്നെ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഈ കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ പേർ പ്രതികളാകാൻ സാധ്യതയുണ്ട്.
കുറ്റവാളികൾ മന്ത്രിമാർക്കൊപ്പമോ മുഖ്യമന്ത്രിക്കൊപ്പമോ ഫോട്ടോ എടുത്തവരാണെങ്കിലും യാതൊരു ഇളവും ലഭിക്കില്ലെന്നും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ‘കൂടെ ഫോട്ടോയെടുക്കുന്നവർ കുറ്റകൃത്യത്തിൽ പങ്കെടുത്താൽ നമ്മൾക്ക് എന്ത് ചെയ്യാൻ പറ്റും? ലഹരി ഇടപാടിൽ പെട്ടവർ ആരും കൂടെ ഫോട്ടോ എടുക്കാൻ വരരുതെന്നാണ് ആഗ്രഹം’, രമേശ് ചെന്നിത്തല പറഞ്ഞു.
