'ലൂയിസ് എൻറിക്വെ തുടരും'; 2030 വരെ കരാർ നീട്ടി പി.എസ്.ജി

പാരീസ്: ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെന്റ് ജെർമന്റെ(പി.എസ്.ജി) മുഖ്യ പരിശീലക സ്ഥാനത്ത് സ്പാനിഷ് തന്ത്രജ്ഞൻ ലൂയിസ് എൻറിക്വെ 2030 വരെ തുടരും. നടപ്പു സീസണോടെ അവസാനിക്കാനിരുന്ന എൻറിക്വെയുടെ കരാറാണ് നാല് വർഷത്തേക്ക് കൂടി ക്ലബ് മാനേജ്മെന്റ് നീട്ടിനൽകിയത്. ലീഗ് 1-ൽ മൊണാക്കോയ്ക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് പി.എസ്.ജി ഈ നിർണായക പ്രഖ്യാപനം നടത്തിയത്. മൊണോക്കോയുമായുള്ള മത്സരം പിന്നീട് പി.എസ്.ജി പരാജയപെട്ടു.
2023 ജൂലൈയിൽ പി.എസ്.ജിയുടെ ചുമതലയേറ്റെടുത്ത 56-കാരനായ എൻറിക്വെ, ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സുവർണ കാലഘട്ടത്തിനാണ് നേതൃത്വം നൽകിയത്. യൂറോപ്പിലെ വമ്പന്മാരെ മലർത്തിയടിച്ച് പി.എസ്.ജിയെ തുടർച്ചയായി രണ്ട് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് (2025, 2026) നയിച്ചതാണ് അദ്ദേഹത്തിന്റെ പ്രധാന നേട്ടം. ഇതിനു പുറമെ മൂന്ന് തുടർച്ചയായ ലീഗ് 1 കിരീടങ്ങൾ ഉൾപ്പെടെ 13 ട്രോഫികൾ ക്ലബ്ബിന്റെ ഷെൽഫിലെത്തിക്കാൻ എൻറിക്വെയ്ക്കായി.
പരിശീലകന്റെ കരാർ നീട്ടിയതിനൊപ്പം ക്ലബ്ബിന്റെ പ്രധാനപ്പെട്ട അഞ്ച് ഫസ്റ്റ് ടീം താരങ്ങളുമായി പുതിയ ദീർഘകാല കരാർ ഒപ്പിട്ടതായും പി.എസ്.ജി വ്യക്തമാക്കി. മിഡ്ഫീൽഡർ ജാവോ നെവെസ്, പ്രതിരോധ താരങ്ങളായ വില്ലിയൻ പാച്ചോ, ലൂക്കാസ് ബെറാൾഡോ, യുവതാരം സെന്നി മയൂലു എന്നിവർ 2031 വരെയും, സ്പാനിഷ് മിഡ്ഫീൽഡർ ഫാബിയൻ റൂയിസ് 2028 വരെയുമുള്ള പുതിയ കരാറുകളിലാണ് ഒപ്പുവെച്ചത്. ദീർഘകാല പദ്ധതികളോടെ ടീമിന്റെ പ്രധാന താരനിരയെ നിലനിർത്തുക എന്ന മാനേജ്മെന്റ് നയത്തിന്റെ ഭാഗമായാണ് കൂട്ട കരാർ പുതുക്കലുകൾ.
