'മര്യാദക്ക് സംസാരിക്കണം'; വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്ക്കെതിരെ പരസ്യ പ്രതികരണം നടത്തിയത് പിൻവലിച്ച മുഖ്യമന്ത്രി വി.ഡി. സതീശന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി സമസ്ത ഇ.കെ വിഭാഗത്തിന്റെ മുഖപത്രമായ ‘സുപ്രഭാതം’. “മര്യാദക്ക് സംസാരിക്കണം” എന്ന ശക്തമായ തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിലാണ് മുഖ്യമന്ത്രിയുടെ നിലപാടുകളെയും പ്രതികരണ ശൈലിയെയും പത്രം കടന്നാക്രമിച്ചിരിക്കുന്നത്. മതനേതാക്കൾക്കെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നതും പിന്നീട് ഫേസ്ബുക്ക് പോസ്റ്റുകൾ പിൻവലിക്കുന്നതും ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്നും പത്രം ഓർമ്മിപ്പിക്കുന്നു.
തനിക്ക് ലഭിച്ച ‘മുസ്ലിം പിന്തുണയുള്ള മുഖ്യമന്ത്രി’ എന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള സതീശന്റെ നീക്കമെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. കാന്തപുരത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ നിലപാട് ‘കുരുടൻ ആനയെ തൊട്ടതുപോലെ’ മാത്രമാണ്. മുൻപ് ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിർത്ത രാഷ്ട്രീയ നേതാവായ സതീശൻ, ഇന്ന് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നത് ശുദ്ധ ഇരട്ടത്താപ്പാണ്. മുനമ്പം ഭൂമി വഖഫ് അല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതും, സംസ്ഥാനത്ത് പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ താല്പര്യം കാണിച്ചതുമെല്ലാം സതീശന്റെ യഥാർത്ഥ രാഷ്ട്രീയ നിലപാടുകളാണ് വ്യക്തമാക്കുന്നതെന്നും പത്രം ചൂണ്ടിക്കാണിക്കുന്നു.
മുഖ്യമന്ത്രി സതീശന്റെ വായനാശീലത്തെയും വ്യക്തിപരമായ അവകാശവാദങ്ങളെയും എഡിറ്റോറിയലിൽ രൂക്ഷമായ ഭാഷയിൽ പരിഹസിക്കുന്നുണ്ട്. ദിവസം 75 പേജ് വായിക്കുമെന്ന് അവകാശപ്പെടുന്ന സതീശൻ ഇതുവരെ ഒരു നോവൽ പോലും എഴുതിയിട്ടില്ലെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. എന്നാൽ ദിവസം എത്ര പേജ് വായിക്കുമെന്ന് പരസ്യപ്പെടുത്താത്ത രമേശ് ചെന്നിത്തല മികച്ച സാഹിത്യ രചനകൾ നടത്തിയിട്ടുണ്ടെന്നും എഡിറ്റോറിയൽ ഓർമ്മിപ്പിക്കുന്നു.
തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് ഉയർന്നുവന്നില്ലായിരുന്നുവെങ്കിൽ വി.ഡി. സതീശനോ രമേശ് ചെന്നിത്തലയോ എന്ന ചോദ്യം വരുമായിരുന്നുവെന്നും, സമരസപ്പെടലിന്റെ മഹാ ഗോപുരമായ ചെന്നിത്തലയ്ക്കാണ് നറുക്ക് വീഴേണ്ടിയിരുന്നതെന്നും പത്രം പരോക്ഷമായി വ്യക്തമാക്കുന്നു. സമുദായ നേതാക്കൾക്കും മതമേലധ്യക്ഷന്മാർക്കും എതിരെ നടത്തുന്ന ഇത്തരം ഏകപക്ഷീയവും അപകീർത്തികരവുമായ പ്രസ്താവനകൾ മുഖ്യമന്ത്രി ഉടൻ തിരുത്തണമെന്ന ശക്തമായ മുന്നറിയിപ്പോടെയാണ് എഡിറ്റോറിയൽ അവസനിക്കുന്നത്.
